ADVERTISEMENT

ലണ്ടൻ ∙ ലോകത്തിലെ വൻകിട മദ്യക്കമ്പനിയായ ഡിയാജിയോയുടെ സിഇഒ ഇവാൻ മെനസിസ് (64) അന്തരിച്ചു. അൾസർ ചികിത്സയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അന്ത്യം. ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനായിരുന്ന മാനുവൽ മെനസിസിന്റെയും അധ്യാപികയായിരുന്ന നൈനയുടെയും മകനായി പുണെയിൽ ജനിച്ച ഇദ്ദേഹം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ്, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം യുഎസിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് എംബിഎ ബിരുദം നേടി.

1981ൽ നെസ്‌ലെയിലൂടെ ഔദ്യോഗികജീവിതം തുടങ്ങിയ ഇവാൻ മെനസിസ് പിന്നീട് ബൂസ് ഹാമിൽറ്റണിലും വേൾപൂളിലും പ്രവർത്തിച്ചു.1997 ൽ ഗിന്നസ് എന്ന കമ്പനിയുടെ ഭാഗമായി മദ്യവ്യവസായ മേഖലയിലെത്തിയ അദ്ദേഹം ഗ്രാന്റ് മെട്രോപ്പൊലിറ്റനുമായി ചേർന്ന് ഡിയാജിയോയ്ക്കു രൂപം നൽകി. 2012 ജൂലൈയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും 2013 ജൂലൈയിൽ സിഇഒ ആയും ഉയർന്ന ഇവാന്റെ നേതൃത്വത്തിലാണ് കമ്പനി ആഗോളതലത്തിൽ വൻവളർച്ച കൈവരിച്ചത്. വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഡിയാജിയോ ഏറ്റെടുക്കുന്നതും ഇദ്ദേഹത്തിന്റെ കാലത്താണ്. 

ജോണി വാക്കർ വിസ്‌കി, സ്‌മിർനോഫ് വോഡ്‌ക തുടങ്ങിയവയുടെ നിർമാതാക്കളായ ഡിയാജിയോയുടെ 200ൽ പരം ഉൽപന്നങ്ങൾ 180ൽ ഏറെ രാജ്യങ്ങളിൽ വിറ്റഴിയുന്നു. സ്ഥാപനത്തിലെ വനിതാപങ്കാളിത്തം വർധിപ്പിച്ചതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ഈ വർഷമാദ്യം ബ്രിട്ടനിലെ ചാൾസ് രാജാവിൽനിന്ന് സർ പദവി ലഭിച്ചു. ഈ മാസം അവസാനം ഡിയാജിയോയിൽനിന്ന് വിരമിക്കാനിരിക്കെയാണ് അന്ത്യം. 

ഭാര്യ: ഷിബാനി, മക്കൾ: നിഖിൽ, രോഹിണി. സഹോദരൻ വിക്ടർ മെനസിസ് സിറ്റി ബാങ്കിന്റെ മുൻ ചെയർമാനും സിഇഒയുമാണ്.

English Summary : Diageo CEO Ivan Menezes has passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com