ADVERTISEMENT

ലക്നൗ ∙ ഏക വ്യക്തിനിയമത്തോടുള്ള വിയോജിപ്പുകൾ ലോ കമ്മിഷനെ അറിയിച്ചതായി ഓൾ ഇന്ത്യ മുസ്‌ലിം പഴ്സനൽ ലോ ബോർഡ് (എഐഎംപിഎൽബി) വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളെ മാത്രമല്ല എല്ലാ മതന്യൂനപക്ഷങ്ങളേയും ഇതിൽ നിന്നൊഴിവാക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർ അടക്കമുള്ള ആദിവാസി വിഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിയമകാര്യ പാർലമെന്ററി കമ്മിറ്റിയുടെ ചെയർമാനും ബിജെപി എംപിയുമായ സുശീൽ മോദി ആവശ്യപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. 

ജൂൺ 27ന് എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ തയാറാക്കി വർക്കിങ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് ഇന്നലെ ചേർന്ന ജനറൽ മീറ്റിങ്ങിൽ ഒരേസ്വരത്തിൽ പാസാക്കിയതായി ബോർഡ് വക്താവ് കാസിം റസൂൽ ഇല്യാസ് അറിയിച്ചു. 251 അംഗങ്ങളിൽ 250 പേരും യോഗത്തിൽ പങ്കെടുത്തു. ലോ കമ്മിഷനു മുന്നിൽ എല്ലാവരും അവരുടെ വാദങ്ങൾ പ്രത്യേകം എഴുതി നൽകാനും തീരുമാനമായി. ഏക വ്യക്തിനിയമം സംബന്ധിച്ച അഭിപ്രായം അറിയിക്കാൻ പാർട്ടികൾക്കും സംഘടനകൾക്കും ജൂലൈ 14 വരെയാണ് ലോ കമ്മിഷൻ സമയം അനുവദിച്ചിരിക്കുന്നത്. ഈ കാലാവധി 6 മാസം നീട്ടണമെന്നു നേരത്തേ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 1973 ൽ രൂപീകരിക്കപ്പെട്ട പ്രമുഖ സർക്കാരേതര മുസ്‌ലിം സംഘടനയാണ് അഖിലേന്ത്യ മുസ്‌ലിം പഴ്സനൽ ലോ ബോർഡ്.

English Summary : All India Muslim Personal Law Board informs Law Commission of objections to Uniform civil code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com