ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാനിരിക്കെ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടുകൾ ഒന്നും പുറത്തുവരാത്തത് ചർച്ചാവിഷയമാകുന്നു. 2019 മുതൽ ഇതുവരെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് 109 റിപ്പോർട്ടുകൾ സിഎജി പ്രസിദ്ധീകരിച്ചെങ്കിലും ഇവയിൽ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇല്ല. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സിഎജി ഒടുവിൽ പ്രസിദ്ധപ്പെടുത്തിയത് 2017ലാണ്. ആ വർഷം 7 റിപ്പോർട്ടുകൾ പുറത്തു വന്നു. 

ഒന്നാം മോദി സർക്കാരിന്റെ കാലത്തെ സ്ഥിതിയിൽ നിന്നു വിരുദ്ധമായി സിഎജി റിപ്പോർട്ടുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവും രേഖപ്പെടുത്തുന്നുണ്ട്. 2015 ൽ 54 റിപ്പോർട്ടുകൾ, 2016ൽ 43, 2017ൽ 46, 2019ൽ 18, 2020 ൽ 17, 2021ൽ 25, 2022ൽ 32, 2023 ൽ ഇതുവരെ 17 എന്നിങ്ങനെയാണു കേന്ദ്രവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകളുടെ എണ്ണം. 

അതേസമയം, പുതിയ റിപ്പോർട്ടുകൾ ഒപ്പുവയ്ക്കുന്നില്ലെന്ന ആരോപണം സിഎജി തള്ളി. സിഎജി അംഗീകരിച്ച ഓഡിറ്റ് റിപ്പോർട്ടുകളുടെ എണ്ണം കഴിഞ്ഞ 3 വർഷത്തിനിടെ കുത്തനെ കൂടിയെന്നാണു വാദം. എന്നാൽ, ഇതിൽ ബഹുഭൂരിപക്ഷവും സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ്. 

കേന്ദ്രവുമായി ബന്ധപ്പെട്ട ഫീൽഡ് ഓഡിറ്റ് നിർത്താൻ ഉത്തരവ്

ന്യൂഡൽഹി ∙ കേന്ദ്രവുമായി ബന്ധപ്പെട്ട മുഴുവൻ ഫീൽഡ്തല ഓഡിറ്റും നിർത്തിവയ്ക്കാൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസിൽ നിന്ന് നിർദേശമുണ്ടായെന്നു വ്യക്തമാക്കുന്ന ഉത്തരവിന്റെ പകർപ്പ് പുറത്ത്. 2023–24 വർഷത്തെ ഓഡിറ്റ് പദ്ധതി വ്യക്തമാക്കിക്കൊണ്ട് മഹാരാഷ്ട്ര പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ബന്ധപ്പെട്ടവർക്കു നൽകിയ കത്തിന്റെ പകർപ്പിലാണ് ഇക്കാര്യമുള്ളത്. സിഎജിയിൽ നിന്നുള്ള ഇ മെയിലിന്റെ അടിസ്ഥാനത്തിൽ ഓഡിറ്റ് ജോലികൾ നിർത്തിവയ്ക്കാനാണു കത്തിൽ ആവശ്യപ്പെടുന്നത്. 

കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന 2 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലിലെ (സിഎജി) മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനു പിന്നാലെയാണു ഫീൽഡ്തല ഓഡിറ്റിങ് നിർത്താനുള്ള നി‍ർദേശം. ഓഡിറ്റിങ് പൂർത്തിയായ റിപ്പോർട്ടുകളിൽ സിഎജി ഒപ്പിടുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു. 

സർക്കാർ പദ്ധതികളിലെ അഴിമതി സംബന്ധിച്ച സിഎജിയുടെ കണ്ടെത്തലുകൾക്കു പ്രാധാന്യമേറെയാണ്. വിപരീത പരാമർശങ്ങൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളെ ബാധിക്കുമെന്ന ആശങ്ക സർക്കാർ വൃത്തങ്ങളിലുണ്ട്. 

യുപിഎ സർക്കാരിന്റെ കാലത്തു 2ജി അഴിമതി, കൽക്കരി പാടം വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ആയുഷ്മാൻ ‌ഭാരത് പദ്ധതി, ദ്വാരക അതിവേഗ പാത എന്നിവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കിയവരെ സ്ഥലംമാറ്റിയതിനു പിന്നാലെയുള്ള ഓഡിറ്റ് അവസാനിപ്പിക്കൽ. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് സിഎജി പത്രക്കുറിപ്പിറക്കി. ‌ 

അടിസ്ഥാനരഹിതം: സിഎജി

സിഎജിയെക്കുറിച്ചുള്ള മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിഎജി. ഭരണപരമായ സൗകര്യത്തിനാണു നിയമനവും സ്ഥലംമാറ്റവും സിഎജി നടത്താറുള്ളത്. ഇതിൽ ഗൂഢലക്ഷ്യങ്ങൾ ആരോപിക്കുന്നതു ശരിയല്ല. തയാറാക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ അംഗീകാരത്തിനു മുൻപായി പല തലത്തിൽ പരിശോധിച്ചാണ് പാർലമെന്റിൽ വയ്ക്കുന്നത്. ഇത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം ഉത്തരവാദിത്തമല്ല. വാർത്തകളിൽ പരാമർശിച്ച സിഎജി റിപ്പോർട്ടുകൾ ഉന്നതതല അംഗീകാരത്തിനു ശേഷം പാർലമെന്റി‍ൽ വയ്ക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനു നൽകുകയും ചെയ്തതാണ്. ഇവ ആർക്കും വായിക്കാവുന്ന തരത്തിൽ ലഭ്യവുമാണ്. ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല നിറവേറ്റാൻ സിഎജി പ്രതിജ്ഞാബദ്ധമാണ്. ഫീൽഡ്തല പരിശോധന ശക്തമായി തുടരുന്നതായും സിഎജി അറിയിച്ചു. 

പിഎസി പരിശോധിക്കും: അധീർ രഞ്ജൻ

ന്യൂഡൽഹി ∙ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനു പുറമേ, മറ്റു വിവാദങ്ങളെയും ഗൗരവത്തോടെ കാണുമെന്നും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇവ പരിശോധിക്കുമെന്നും പിഎസി അധ്യക്ഷൻ കൂടിയായ ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ‘മനോരമയോടു’ പറഞ്ഞു. 

English Summary:

One hundred and nine CAG Reports ; But nothing related to the Ministry of Defence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com