ADVERTISEMENT

ഉത്തർപ്രദേശും രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന മധ്യപ്രദേശിലെ ജില്ലയാണു ചമ്പൽ മേഖലയിലെ മൊറേന. ജില്ലയിലുൾപ്പെടുന്ന ദിമനി മണ്ഡലത്തിലൂടെ സഞ്ചരിക്കുമ്പോൾ റോഡിനിരുവശവും വിശാലമായ പാടത്തു നെല്ലും ചോളവും കടുകുമെല്ലാം വിളവെടുപ്പിനു പാകമായി വരുന്നു. പൊന്നു വിളയുന്ന ഈ മണ്ണിൽ തിരഞ്ഞെടുപ്പു വിജയത്തിനായി വിത്തെറിഞ്ഞവരിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമുണ്ട്. സിറ്റിങ് എംഎൽഎ രവീന്ദ്ര സിങ് തോമർ കോൺഗ്രസിനായും മുൻ എംഎൽഎ ബൽബീർ സിങ് ദന്തോഡിയ ബിഎസ്പിക്കായും മണ്ഡലം ഉഴുതുമറിക്കുമ്പോൾ മഞ്ഞുകാലത്തിന്റെ തുടക്കത്തിലും ദിമനിയിൽ പോരാട്ടത്തിന്റെ താപനില ഉയർന്നുതന്നെ നിൽക്കുന്നു. 

ഒറ്റക്കൃഷിയെ മാത്രം ആശ്രയിക്കുന്നവരല്ല ദിമനിയിലെ കർഷകർ. ദിമനി ഉൾപ്പെടുന്ന മൊറേനയിലെ ലോക്സഭാംഗം കൂടിയായ തോമറിനെ രംഗത്തിറക്കിയതിലൂടെ ബിജെപിക്കും ഒന്നിലേറെ ലക്ഷ്യങ്ങളുണ്ട്. ബിജെപിയുടെ പഴയ തട്ടകമായിരുന്ന, 2008 മുതൽ കോൺഗ്രസ് കയ്യടക്കിവച്ചിരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരിയ മൊറേന ജില്ലയിൽ പരമാവധി സീറ്റുകൾ സ്വന്തമാക്കുക.

പാർട്ടിയുടെ ലക്ഷ്യത്തിനൊപ്പം തോമർ മനസ്സിലും അനുയായികൾ പരസ്യമായും ഒന്നുകൂടി ഉന്നം കൂടിവയ്ക്കുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രവർത്തകരോടു സംസാരിച്ചപ്പോൾ അവർ മനസ്സിലുള്ളത് മറച്ചുവച്ചില്ല.‘തോമർ സാബ് വെറും എംഎൽഎ സ്ഥാനാർഥിയല്ല, പാർട്ടി ജയിച്ചാൽ മുഖ്യമന്ത്രിയാണ്’. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി രംഗത്തിറക്കിയ 3 കേന്ദ്രമന്ത്രിമാരിൽ പ്രമുഖൻ തോമറാണ്. 

3 തവണ ലോക്സഭയിലേക്കും 2 തവണ നിയമസഭയിലേക്കും ജയിച്ച തോമർ, ദിമനിയിലെ ത്രികോണപ്പോരിൽ നന്നായി വിയർക്കുന്നുണ്ട്. 2018 ൽ ഇവിടെ ജയിച്ച ഗിരിരാജ് ദന്തോഡിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം ബിജെപിയിലേക്കു പോയി. പിന്നീടു നടന്ന ഉപതിരഞ്ഞെടുപ്പിൽ 55% വോട്ടു നേടിയാണ് കോൺഗ്രസിന്റെ രവീന്ദ്ര സിങ് തോമർ ജയിച്ചത്. രജപുത്ര, ബ്രാഹ്മണ വോട്ടുകളാണു നിർണായകം. ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ രജപുത്രരാണ്. രജപുത്ര വോട്ടുകൾ ഭിന്നിക്കുകയും ബിഎസ്പിയുടെ ബ്രാഹ്മണ സ്ഥാനാർഥി ആ വിഭാഗത്തിന്റെ കൂടുതൽ വോട്ടുകൾ പിടിക്കുകയും ചെയ്താൽ, വരൾച്ചാ കാലത്തെ കൃഷി പോലെ നരേന്ദ്ര സിങ് തോമറിന്റെ വിജയ സ്വപ്നങ്ങൾ കരിയും. 

പാരയായി വിഡിയോ 

ദിമനിയിൽ കടുത്ത പോരാട്ടം നേരിടുന്ന തോമറിനു കൂനിന്മേൽ കുരുവുമായി മകൻ ദേവേന്ദ്ര സിങ് തോമറിന്റെ ‘വൈറൽ’ വിഡിയോ. ഖനന മേഖലയിലെ വ്യവസായികളിൽനിന്നു കോടികൾ കൈക്കൂലിയായി വാങ്ങുന്നതിനെക്കുറിച്ച് ദേവേന്ദ്ര മറ്റൊരാളുമായി സംസാരിക്കുന്ന വിഡിയോയാണു പുറത്തു വന്നത്. വിഡിയോ വ്യാജമാണെന്ന ദേവേന്ദ്രയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇഡി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഇതു തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തിക്കഴിഞ്ഞു. 

English Summary:

Election campighn of Narendra Singh Tomar in Madhya Pradesh Assembly election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com