ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ പദ്ധതി 2024 ജനുവരി 1 മുതൽ 5 വർഷത്തേക്കു കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതി 5 വർഷത്തേക്കു നീട്ടുമെന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ വീതവും അന്ത്യോദയ പദ്ധതിയിൽ ഒരു കുടുംബത്തിന് 35 കിലോയും ഭക്ഷ്യധാന്യമാണ് ഓരോ മാസവും ലഭിക്കുന്നത്.

5 വർഷത്തിനിടെ 11.80 ലക്ഷം കോടി രൂപ ചെലവിൽ 81.35 കോടി പേർക്കു ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നാണെന്നു മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. കോവി‍ഡ് കാലത്ത് 80 കോടി പേർക്കു ഭക്ഷ്യസുരക്ഷ നൽകിയെന്നാണു പറഞ്ഞിരുന്നത്. 

മറ്റു തീരുമാനങ്ങൾ: 

∙ പ്രത്യേക ദുർബല ഗോത്രവർഗ വിഭാഗങ്ങൾക്കായി 24,104 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിക്ക് (പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ) അംഗീകാരം. ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്. വീട്, റോഡ്, പൈപ്പ് ജലം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവും, മെഡിക്കൽ സൗകര്യം തുടങ്ങി 11 മേഖലകളിൽ 9 മന്ത്രാലയങ്ങളുടെ പദ്ധതികൾ സമന്വയിപ്പിച്ച് വികസനം നടപ്പാക്കുകയാണ് ലക്ഷ്യം. 

∙ 16–ാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ അംഗീകരിച്ചു. 2026 ഏപ്രിൽ 1 മുതൽ 5 വർഷത്തേക്കായിരിക്കും ശുപാർശകൾ. റിപ്പോർട്ട് 2025 ഒക്ടോബർ 31 ന് മുൻപ്  കമ്മിഷൻ തയാറാക്കും.

∙ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതികൾ സ്ഥാപിക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായി 2026 മാർച്ച് 31 വരെ തുടരും. 

∙ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയംസഹായസംഘങ്ങൾക്കു കാർഷിക സേവനത്തിനു ഡ്രോൺ നൽകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. 

പരമാവധി 8 ലക്ഷം രൂപ നൽകും. വളമിടാനും കീടനാശിനി തളിക്കാനും ഡ്രോണുകൾ ഉപയോഗിക്കാൻ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കു പരിശീലനം നൽകും.  ഡ്രോൺ പറത്തൽ പരിശീലനത്തിനു ശേഷം നിയോഗിക്കപ്പെടുന്നവർക്ക് 15,000 രൂപ പ്രതിമാസ വേതനം ലഭിക്കും. സഹായിക്ക് 10,000 രൂപയും. 

ഹൈവേ വികസനത്തിന് കൂടുതൽ പണം തേടി

ന്യൂഡൽഹി ∙ സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ ഹൈവേ വികസനത്തിന് കൂടുതൽ പണം അനുവദിച്ചില്ലെങ്കിൽ അടുത്ത വർഷം ലക്ഷ്യം കൈവരിക്കാനാവില്ലെന്നു ഗതാഗതമന്ത്രാലയം റിപ്പോർട്ട് നൽകി. 

ഭാരത്‌മാല റോഡ് വികസന പദ്ധതിയുടെ ആദ്യ ഘട്ടത്തിനു കൂടുതൽ പണം അനുവദിക്കണമെന്നതാണു മുഖ്യ ആവശ്യം. 2017 ൽ പദ്ധതി ആരംഭിക്കുമ്പോൾ കരുതിയിരുന്ന 5.30 ലക്ഷം കോടി രൂപയിൽ നിന്നു ചെലവ് 10.60 ലക്ഷം കോടി രൂപയായി വർധിക്കുമെന്നു ഗതാഗതമന്ത്രാലയം ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കലിനു ചെലവേറുന്നതാണു കാരണം.

English Summary:

Union Cabinet's Decisions: Approves extension of free Ration Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com