ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിനു ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചു. എന്നാൽ, നിലവിൽ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകണമെന്നും നിയമസഭയിലേക്ക് അടുത്ത സെപ്റ്റംബർ 30നു മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് നിർദേശിച്ചു.

ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുണ്ടായിരുന്ന പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് ഇല്ലാതാക്കിയത്. ഇത് അംഗീകരിച്ച പാർലമെന്റ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള ബില്ലും പാസാക്കി. ഈ നടപടികൾ ചോദ്യം ചെയ്തു രാഷ്ട്രീയ നേതാക്കളുൾപ്പെടെ നൽകിയ 23 ഹർജികളിലാണു സുപ്രധാന വിധി.

മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370–ാം വകുപ്പു താൽക്കാലിക സ്വഭാവമുള്ളതാണെന്നും കോടതി വിശദീകരിച്ചു. ഇന്ത്യൻ യൂണിയനിൽ ചേരാൻ സമ്മതിച്ചതിലൂടെ ഭൂപ്രദേശത്തിന്റെ കൂട്ടിച്ചേർക്കൽ മാത്രമല്ല, രാജ്യത്തിന്റെ ഭരണഘടനയിൽ അധിഷ്ഠിതമായ ഭരണത്തിനുള്ള നടപടി കൂടിയാണ് ഉണ്ടായത്.

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശിച്ചപ്പോഴും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടി കോടതി ശരിവച്ചു.

ഭരണഘടനയിലെ മൂന്നാം വകുപ്പനുസരിച്ച് ഏതെങ്കിലും സംസ്ഥാനത്തിന്റെ പദവി പൂർണമായി ഇല്ലാതാക്കാൻ പാർലമെന്റിനു സാധിക്കുമോയെന്ന ചോദ്യം തീർപ്പാക്കാൻ കോടതി തയാറായില്ല. ഉടനെ സംസ്ഥാനപദവി തിരികെ നൽകുമെന്നു കേന്ദ്രം ഉറപ്പുനൽകിയ പശ്ചാത്തലത്തിലാണിത്. 

‘ഭരണഘടനാ സഭയുടെ ശുപാർശ വേണ്ട’

∙ ജമ്മു കശ്മീരിലെ ഭരണഘടനാ സഭയുടെ ശുപാർശയില്ലാതെ തന്നെ പ്രത്യേക പദവി റദ്ദു ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്.

∙ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിൽ ഒറ്റയടിക്കു നടപ്പാക്കുന്നതിനു ഭരണഘടനാപരമായി തടസ്സമുണ്ടായിരുന്നില്ല; ഇതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല.

∙ ഹർജിക്കാർ പ്രത്യേകം ഉന്നയിക്കാതിരുന്നതിനാൽ, സംസ്ഥാനത്ത് 2018 ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടി കോടതി പ്രത്യേകം പരിശോധിച്ചില്ല.

‘വളഞ്ഞവഴി തെറ്റ്; പിൻവാതിൽ ഭേദഗതി വേണ്ട’

370–ാം വകുപ്പു ഭേദഗതി ചെയ്യാൻ 367–ാം വകുപ്പ് (വ്യാഖ്യാനം സംബന്ധിച്ച വകുപ്പിൽ കൊണ്ടു വന്ന ഭേദഗതി) ഉപയോഗപ്പെടുത്തിയ രീതി ഭരണഘടനാവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി. ഇതിനായി രാഷ്ട്രപതി പുറപ്പെടുവിച്ച 272–ാം ഭരണഘടനാ ഉത്തരവിലെ 367–ാം വകുപ്പു സംബന്ധിച്ച രണ്ടാം ഖണ്ഡിക കോടതി റദ്ദാക്കി.

എന്നാൽ, 370–ാം വകുപ്പു റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുള്ളതിനാലാണ് ഉത്തരവു പൂർണമായി റദ്ദാക്കാതിരുന്നത്. രാജ്യത്തിന്റെ ഭരണഘടന പൂർണമായിത്തന്നെ ജമ്മു കശ്മീരിൽ ബാധകമായെന്നും ജമ്മു കശ്മീരിലെ ഭരണഘടന അസാധുവായെന്നും കോടതി വ്യക്തമാക്കി.

 രഹസ്യ നീക്കങ്ങളിലൂടെ ഭേദഗതി കൊണ്ടുവരുന്നത് ദുരന്തമാകുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ പറഞ്ഞു. പിൻവാതിലിലൂടെയുള്ള ഭേദഗതി അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കോളും പ്രത്യേക വിധിന്യായത്തിലൂടെ സർക്കാരിനു മുന്നറിയിപ്പു നൽകി. ഇരുവരുടെയും വിധികളോടു യോജിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേക വിധിന്യായമെഴുതി.

‘വിധി ചരിത്രപരവും 2019ൽ പാർലമെന്റ് കൈക്കൊണ്ട തീരുമാനത്തെ ശരിവയ്ക്കുന്നതുമാണ്. എല്ലാറ്റിനും ഉപരിയായി ഇന്ത്യക്കാരനെന്ന നിലയിൽ നാം കാത്തുസൂക്ഷിക്കുന്ന ഐക്യത്തെ കോടതി അതിന്റെ അഗാധ ജ്ഞാനത്താൽ ബലപ്പെടുത്തിയിരിക്കുന്നു.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary:

Supreme Court backs scrapping of jammu and kashmir special status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com