ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കരസേനാമേധാവി ജനറൽ എം.എം.നരവനെയുടെ ഓർമക്കുറിപ്പുകൾ തടഞ്ഞുവച്ചത് വിവാദത്തിലേക്ക്. 2020 ലെ ഗാൽവൻ സംഘർഷകാലത്തു രാഷ്ട്രീയനേതൃത്വം വേണ്ട രീതിയിൽ ഉത്തരവു നൽകിയില്ലെന്നും സൈന്യത്തിനിഷ്ടമുള്ളതു ചെയ്യാൻ നിർദേശിച്ചു കയ്യൊഴിയുകയായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. അഗ്നിപഥ് റിക്രൂട്ടിങ് സംബന്ധിച്ചു വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്നും സൂചനയുണ്ട്.

വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ നരവനെ അവ വെളിപ്പെടുത്തിയതോടെ പുസ്തകം പരിശോധനയ്ക്കു വിധേയമാക്കാൻ രാജ്യരക്ഷാവകുപ്പ് ആവശ്യപ്പെട്ടു. പരിശോധന തീരും വരെ പ്രസിദ്ധീകരണം വിലക്കുകയും ചെയ്തു.

വിരമിച്ച ശേഷം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സേനാ ഉദ്യോഗസ്ഥർക്കു പൊതുവേ വിലക്കില്ലെങ്കിലും ഇന്റലിജൻസ്, സുരക്ഷാകാര്യങ്ങൾ എന്നിവ സംബന്ധിച്ച് എഴുതുന്നതിൽ പരിമിതികളുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുമ്പോൾ ഗ്രന്ഥകാരനെ അനൗദ്യോഗികമായി വിളിച്ചു പ്രശ്നം പരിഹരിക്കുകയാണു പതിവ്. 

എന്നാലിവിടെ ജനറൽ നരവനെ അഭിമുഖത്തിൽ ചിലതു വെളിപ്പെടുത്തിക്കഴിഞ്ഞതാണു സർക്കാരിനെ വെട്ടിലാക്കിയതെന്നു രാജ്യരക്ഷാവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. നരവനെയുടെ പുസ്തകത്തിൽ രഹസ്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പരിശോധന കഴിഞ്ഞ് ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്.

പുസ്തക വിവാദം മുൻപും

സേനാമേധാവിമാരുടെ പുസ്തകങ്ങൾ ഈ രീതിയിൽ വിവാദമായിട്ടില്ലെങ്കിലും തൊട്ടുതാഴെയുള്ള റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരുടെ പുസ്തകങ്ങൾ വിവാദമുണ്ടാക്കിയിട്ടുണ്ട്. സൈന്യത്തിൽനിന്ന് രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിൽ ഡപ്യൂട്ടേഷനിൽ പോയ മേജർ ജനറൽ വി.കെ.സിങ് (പിന്നീട് കരസേനാമേധാവിയായ വി.കെ.സിങ് അല്ല) ഇന്റലിജൻസ് സമ്പ്രദായത്തിലെ ക്രമക്കേടുകളിൽ ചിലത് 2007ൽ വിരമിച്ചശേഷം പുസ്തകത്തിൽ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. അദ്ദേഹത്തിനെതിരെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് സിബിഐ കേസെടുത്തു.

1990 കളുടെ അവസാനം കശ്മീരിലെ 15–ാം കോറിൽ മേജർ ജനറൽ (ജനറൽ സ്റ്റാഫ്) ആയിരുന്ന അർജുൻ റേ സൈനികസേവനത്തിലിരിക്കെ കശ്മീർ പ്രശ്നത്തെക്കുറിച്ചു പുസ്തകം പ്രസിദ്ധീകരിച്ചതും വിവാദമായി. ലഫ്. ജനറൽ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തെ അതു ബാധിക്കുമെന്ന നില വന്നപ്പോൾ സേനാ ആസ്ഥാനം ഇടപെട്ട് അദ്ദേഹത്തെ ക്ലിയർ ചെയ്യുകയായിരുന്നു. രാഷ്ട്രീയനേതൃത്വമല്ല, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥലോകമാണു തനിക്കെതിരെ നീക്കം നടത്തിയതെന്ന് അദ്ദേഹം പിന്നീടു പറഞ്ഞിരുന്നു.

English Summary:

Book of former general hacked the government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com