ADVERTISEMENT

ന്യൂഡൽഹി ∙ സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ‌‌ഗർഭാശയമുഖ കാൻസറിനെ പ്രതിരോധിക്കുകയാണ് ഇതിനെതിരായ കുത്തിവയ്പ് യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 5 മുതൽ 10 വരെ ക്ലാസിലെ പെൺകുട്ടികൾ (9–14 വയസ്സ്) സെർവിക്കൽ കാൻസർ പ്രതിരോധ വാക്സീനെടുക്കുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കും. തുടക്കത്തിൽ നിർബന്ധിതമാക്കില്ല.

എച്ച്പിവി വാക്സീൻ ദേശീയ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമാക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തേ നിർദേശിച്ചതാണ്. പ്രതിരോധമരുന്നു വിതരണവുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധസമിതിയും (എൻടാഗി) ഇതു ശുപാർശ ചെയ്തിരുന്നു‌. ഡബ്ല്യുഎച്ച്ഒയുടെ കണക്കുപ്രകാരം ഇന്ത്യയിൽ പ്രതിവർഷം ഒരുലക്ഷത്തിനടുത്തു ഗർഭാശയമുഖ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് എച്ച്പിവി

ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗമാണ് സെർവിക്സ് (ഗർഭാശയമുഖം). മറ്റു കാൻസറുകളിൽനിന്നു വ്യത്യസ്തമായി അണുബാധയാണ് ഗർഭാശയമുഖ കാൻസറിനു കാരണമാകുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസുകളാണു (എച്ച്പിവി) മുഖ്യകാരണം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വൈറസ് ബാധയുണ്ടാകാമെങ്കിലും അപൂർവമായി ചിലരിൽ ഇതു കാൻസറിലേക്കു നയിക്കും. മിക്കവരിലും വൈറസ് ബാധ 1–2 വർഷം കൊണ്ടു മാറും. ശേഷിക്കുന്നവരിൽ അണുബാധ തുടരും. അതിൽത്തന്നെ നേരിയ ശതമാനം ആളുകളുടെ ഗർഭാശയമുഖത്ത് ദീർഘകാലത്തിനു ശേഷം കോശവ്യതിയാനം സംഭവിക്കാം. ഈ മാറ്റം ക്രമേണ കാൻസറായി മാറും. കോശവ്യതിയാനത്തിന്റെ കാലത്തു കണ്ടുപിടിച്ച് ചികിത്സിച്ചാൽ പ്രതിരോധിക്കാനാകും. 30 വയസ്സിനു ശേഷം പാപ് സ്മിയർ സ്ക്രീനിങ് നടത്തി ആവശ്യമെങ്കിൽ വിശദമായ പരിശോധനകളിലേക്കു കടക്കാം.

2 ഡോസ്, സൗജന്യം

പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി എച്ച്പിവി വാക്സീൻ വികസിപ്പിച്ചിട്ടുണ്ട്. നിലവിൽ വിദേശ വാക്സീനുകൾക്ക് 4000– 11,000 രൂപയാണ് 2 ഡോസിനു വില. എച്ച്പിവിയുടെ 6, 11, 16, 18 വൈറസുകൾക്കെതിരായ ‘സെർവവാക്’ എന്ന ഇന്ത്യൻ വാക്സീൻ പ്രതിരോധപദ്ധതി പ്രകാരം പെൺകുട്ടികൾക്കു സൗജന്യമായി ലഭിക്കും. 9–14 പ്രായക്കാർക്ക് 6 മാസത്തെ ഇടവേളയിൽ 2 ഡോസ്. ഇതിനു മുകളിൽ പ്രായമുള്ള (26 വയസ്സുവരെ) സ്ത്രീകൾക്കും വാക്സീനെടുക്കാം (3 ഡോസ്). 2 ഡോസിന് 2,000 രൂപയാണ് സ്വകാര്യ വിപണിയിൽ വില. 250 രൂപ നിരക്കിൽ ഇതു സർക്കാരിനു ലഭിച്ചേക്കും.

English Summary:

Vaccination campaign against cervical cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com