ADVERTISEMENT

ന്യൂഡൽഹി ∙ ‌പഞ്ചാബ്–ഹരിയാന അതിർത്തിയിൽ കർഷകർക്കു നേരെയുള്ള പൊലീസ് അതിക്രമം തുടരുന്നതിനിടെ, കേന്ദ്രസർക്കാരും സമര സംഘടനകളും തമ്മിൽ ഇന്നു മൂന്നാമതും ചർച്ച നടത്തും. കർഷകർ പഞ്ചാബിൽനിന്നു ചൊവ്വാഴ്ച ആരംഭിച്ച ‘ദില്ലി ചലോ’ മാർച്ചിന് ഇപ്പോഴും ഡൽഹിയിലെത്താനായിട്ടില്ല.

കണ്ണീർവാതകവും ജലപീരങ്കിയും റബർ ബുള്ളറ്റുകളും ഉപയോഗിച്ചു തുരത്താനുള്ള ഹരിയാന പൊലീസിന്റെ ശ്രമത്തിനിടെ കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചുള്ള കണ്ണീർവാതക പ്രയോഗം ഇന്നലെയും തുടർന്നു. തങ്ങളുടെ പരിധിയിലും ഹരിയാന സർക്കാർ ഇതു ചെയ്തതിൽ പഞ്ചാബ് സർക്കാർ കടുത്ത പ്രതിഷേധം അറിയിച്ചു. കർഷകർക്ക് ആംബുലൻസ് സൗകര്യം ഒരുക്കുകയും ചെയ്തു. പൊലീസ് നടപടികളിൽ 56 പേർക്കു പരുക്കേറ്റു. 24 പൊലീസുകാർക്കും പരുക്കേറ്റതായി ഹരിയാന‍ സർക്കാർ അറിയിച്ചു.

ഇതിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽനിന്ന് വിട്ടുനിന്നുകൊണ്ട് ഒരു ദിവസം കർഷകർക്കൊപ്പം ചിലവഴിക്കാൻ ആലോചിക്കുന്നു. പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ ഗുർമേഷ് സിങ് എന്ന കർഷകനുമായി രാഹുൽ ഫോണിൽ സംസാരിച്ചു. കർഷകർക്കു പിന്തുണയുമായി നാളെ രാജ്യവ്യാപക പ്രതിഷേധം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഭാരതി കിസാൻ യൂണിയൻ (എക്താ ഉഗ്രഹൻ) പഞ്ചാബിൽ ഏഴിടത്ത് ഇന്നു റെയിൽ ഉപരോധം പ്രഖ്യാപിച്ചു. 

സംഘടന ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കുന്നില്ലെങ്കിലും ഹരിയാന പൊലീസിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യം അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഇന്നു വൈകിട്ട് അഞ്ചിനു ചണ്ഡിഗഡിൽ കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തുന്നത്.

അവർ ക്രിമിനലുകളല്ല: മധുര സ്വാമിനാഥൻ

കർഷകരെ ഒപ്പം നിർത്തി വേണം എം.എസ്.സ്വാമിനാഥനെ ആദരിക്കാനെന്ന് മകൾ മധുര സ്വാമിനാഥൻ. ‘‘അന്നദാതാക്കളെ ക്രിമിനലുകളായി കണക്കാക്കരുത്. കർഷകരെ തടയാൻ ഹരിയാനയിൽ ബാരിക്കേഡുകളും ജയിലുകളും ഒരുക്കിയിരിക്കുന്നു. രാജ്യത്തെ മുൻനിര ശാസ്ത്രജ്ഞർ ഉൾപ്പെടെ കർഷകരുമായി സംസാരിക്കണം. അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തണം’’– സാമ്പത്തിക വിദഗ്ധയായ മധുര സ്വാമിനാഥൻ പറഞ്ഞു.

English Summary:

Tear gas via drones against protesting farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com