ADVERTISEMENT

ന്യൂഡൽഹി ∙ കർഷക സമരക്കാരുമായി കേന്ദ്രസർക്കാരിന്റെ നിർണായക ചർച്ച ഇന്ന്. കഴിഞ്ഞ 3 ചർച്ചകളും പരാജയമായിരുന്നുവെങ്കിലും അനുകൂലമായ ചില നിർദേശങ്ങൾ ഇന്നു കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുമെന്നാണു വിവരം.

വൈകിട്ട് 5നു ചണ്ഡിഗഡിൽ നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ തുടങ്ങിയവർ പങ്കെടുക്കും. ചർച്ച പരാജയപ്പെടുകയാണെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു. 

അതേസമയം, പഞ്ചാബ്–ഹരിയാന അതിർത്തിയിലേക്കു കൂടുതൽ കർഷകർ എത്തുകയാണ്. പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. 13ന് ദില്ലി ചലോ മാർച്ച് നടത്താൻ വന്ന കർഷകർ കഴിഞ്ഞ 5 ദിവസങ്ങളായി ശംഭു, ഫത്തേബാദ്, ജിൻഡ് എന്നീ അതിർത്തി പ്രദേശങ്ങളിൽ കഴിയുകയാണ്. ഹരിയാന പൊലീസിന്റെ പ്രതിരോധം മറികടന്നു മുന്നോട്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ സമരം എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പമുണ്ട്. 

ഇതിനിടെ സമരക്കാർക്കു പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ (ചരുണി) വിഭാഗക്കാർ ഹരിനായിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ടർ മാർച്ച് നടത്തി. ബികെയു (ഏക്താ ഉഗ്രഹൻ) വിഭാഗക്കാർ പഞ്ചാബിലെ 3 ബിജെപി നേതാക്കളുടെ വീടിനു മുന്നിൽ ധർണ നടത്തി.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്, ബിജെപി സംസ്ഥാന പ്രസിഡന്റ് സുനിൽ ഝാക്കർ, മുതിർന്ന ബിജെപി നേതാവ് കേവൽ സിങ് ധില്ലൻ എന്നിവരുടെ വീടുകൾക്കു മുന്നിലുമായിരുന്നു പ്രതിഷേധം. അതിനിടെ ശംഭു അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹരിയാന പൊലീസ് എസ്ഐ ഹീരാ ലാൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ചു.

English Summary:

Government of India to hold discussion with farmers union representatives today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com