ADVERTISEMENT

കൃഷ്ണനഗർ∙  ‘ബിജെപി പറയുന്നു, 400 കടക്കുമെന്ന്, ഞാൻ വെല്ലുവിളിക്കുന്നു, അവർ 200 കടക്കില്ല’ ബിജെപിക്ക് എതിരെ ആഞ്ഞടിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടു. പാർലമെന്റിൽ ബിജെപിയുടെ കടുത്ത വിമർശകയായ മഹുവ മൊയ്ത്രയുടെ മണ്ഡലമായ കൃഷ്ണനഗറിൽ ആയിരുന്നു മമത പ്രചാരണം ആരംഭിച്ചത്. ഉത്തരബംഗാളിൽനിന്നു പ്രചാരണം ആരംഭിക്കുന്ന പതിവു തെറ്റിച്ചാണ് മഹുവയുടെ മണ്ഡലത്തിൽ എത്തിയത്.

‘നിയമസഭയിലേക്ക് 2021ൽ നടന്ന തിരഞ്ഞെടുപ്പിൽ 200 സീറ്റ് നേടുമെന്നാണ് ബിജെപി പറഞ്ഞത്. കിട്ടിയത് 77 മാത്രം. അവരിൽ പലരും ഞങ്ങൾക്കൊപ്പം വന്നു’– മമത ചൂണ്ടിക്കാട്ടി. ബിജെപിക്കും മോദിക്കുമെതിരെ നിരന്തരം ശബ്ദിച്ചതിനാലാണു മഹുവയ്ക്കെതിരെ കള്ളപ്രചാരണം നടത്തുന്നതും അവരെ പാർലമെന്റിൽനിന്നു പുറത്താക്കിയതെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പു ബോണ്ട് വിഷയം ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും മമത ബിജെപിയെ കടന്നാക്രമിച്ചു. പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ബംഗാളിൽ നടപ്പാക്കില്ല. പൗരത്വത്തിനായി അപേക്ഷിച്ചാൽ വിദേശിയായി മുദ്രകുത്തപ്പെടുമെന്നും ബിജെപിയെ വിശ്വസിച്ചു സാഹസം ചെയ്യരുതെന്നും മമത മുന്നറിയിപ്പു നൽകി.

ബിജെപിയുടേത് പ്രതികാരം

കൃഷ്ണനഗർ∙  കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു ബിജെപി പ്രതികാര രാഷ്ട്രീയം നടത്തുന്നു. തിരഞ്ഞെടുപ്പു ജയിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ എന്തിനാണു ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത്? സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത്? ബിജെപിയുമായി അടുപ്പമുണ്ടാക്കിയതോടെ എൻസിപി പ്രസിഡന്റ് പ്രഫുൽ പട്ടേലിനെതിരെയുള്ള കേസ് സിബിഐ അവസാനിപ്പിച്ചു. അഴിമതിയുടെ അഴുക്കുകൾ ബിജെപി വാഷിങ് മെഷീൻ കഴുകിക്കളഞ്ഞു– മമത പറഞ്ഞു.

മമത മാറ്റിനിർത്തിയ ഐപിഎസ് ഓഫിസർ ബിജെപി സ്ഥാനാർഥി

കൊൽക്കത്ത∙ സസ്പെൻഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനും സർക്കാരിനെതിരെ കേസ് നടത്തുന്ന ഡോക്ടറും ബംഗാളിൽ ബിജെപി സ്ഥാനാർഥികൾ. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ദേബാശിഷ് ധർ ആണ് ബിർഭൂമിൽ സ്ഥാനാർഥി. ജർഗാം മെഡിക്കൽ കോളജിലെ റേഡിയോളജി ഡോക്ടറായിരുന്ന പ്രണാത് ടുഡുവാണ് ജർഗാമിൽ മത്സരിക്കുക.

സ്റ്റേറ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന ദേബാശിഷിന് 2010ൽ ഐപിഎസ് ലഭിച്ചു.  കൂച്ച് ബിഹാറിൽ എസ്പിയായിരുന്ന ദേബാശിഷിനെ, സിഐഎസ്എഫ് വെടിവയ്പിൽ 4 ഗ്രാമീണർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിൽ വീട് റെയ്ഡ് ചെയ്യുകയും ചെയ്തു. സസ്പെൻഷൻ കാലാവധിക്കു ശേഷം 2 വർഷത്തോളം തസ്തിക നൽകിയില്ല. ഏതാനും ദിവസങ്ങൾക്കു മുൻപാണു ദേബാശിഷ് രാജിവച്ചത്.

English Summary:

Election campaign started in Mahua Moitra's constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com