ADVERTISEMENT

കൊൽക്കത്ത ∙ സന്ദേശ്ഖലിയിലെ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു കൈമാറി കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. തൃണമൂൽ കോൺഗ്രസ് മുൻ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തത്, സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടങ്ങിയവ സിബിഐ അന്വേഷിക്കും. സന്ദേശ്ഖലി അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. സിബിഐ അന്വേഷണമാണ് ഉചിതമെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. 

ജനുവരിയിൽ റേഷൻ അഴിമതിക്കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഷാജഹാന്റെ സംഘം ആക്രമിച്ചിരുന്നു. തുടർന്ന് ഒളിവിൽപോയ ഇയാളെ ഒന്നരമാസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ടു നൂറുകണക്കിനു സ്ത്രീകൾ സമരം ചെയ്തിരുന്നു. ബലാത്സംഗം ഉൾപ്പെടെ ആരോപണങ്ങളുന്നയിച്ച് സ്ത്രീകൾ ഷാജഹാനും കൂട്ടാളികൾക്കുമെതിരെ പരാതിപ്പെട്ടു. ഷാജഹാനെയും മറ്റു പ്രതികളെയും തൃണമൂൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. 

സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കു പുറമേ കൃഷിഭൂമി ചെമ്മീൻകെട്ടിനായി തരംതിരിച്ചതിനെക്കുറിച്ചും സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനെക്കുറിച്ചും വിശദ അന്വേഷണം വേണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു. പരാതിക്കാർക്കു പൊലീസ് സുരക്ഷ ഉറപ്പാക്കണം. പരാതിപ്പെടാൻ പ്രത്യേക പോർട്ടലോ ഇമെയിൽ അക്കൗണ്ടോ സിബിഐ ഉണ്ടാക്കണം. പ്രശ്നബാധിത പ്രദേശങ്ങളിൽ 15 ദിവസത്തിനകം സിസിടിവിയും തെരുവുവിളക്കുകളും സർക്കാർ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മേയ് 2ന് കേസ് വീണ്ടും പരിഗണിക്കും. 

English Summary:

Calcutta High Court ordered to handed over Sandeshkhali probe to CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com