ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ഉൾപ്പെടെ ഇന്ത്യാസഖ്യം നേതാക്കൾക്കെതിരെ ഉത്തരേന്ത്യയിൽ ‘നോൺവെജ്’വിവാദം ആളിക്കത്തിക്കാനുള്ള ബിജെപിയുടെ നീക്കത്തിന് പ്രധാനമന്ത്രിതന്നെ രംഗത്തിറങ്ങി. ഭൂരിപക്ഷ സമൂഹത്തിന്റെ വികാരം മാനിക്കാത്തവരാണ് ഇന്ത്യാസഖ്യം നേതാക്കളെന്നു ജമ്മു കശ്മീരിലെ ഉധംപുരിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 

രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും ചേർന്നു കഴിഞ്ഞ വർഷം മട്ടൻ കറിയുണ്ടാക്കിയതിനെ ഇരുവരുടെയും പേരുപറയാതെ സൂചിപ്പിച്ചായിരുന്നു മോദിയുടെ വിമർശനം. നവരാത്രിക്കിടെ മാംസാഹാരം കഴിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ആർജെഡി നേതാവ് തേജസ്വി യാദവ് ശ്രമിച്ചെന്നും ബിജെപി ആരോപിച്ചു. രാഹുലും ലാലുപ്രസാദ് യാദവും ചേർന്ന് ലാലുവിന്റെ വീട്ടിൽ മട്ടൻകറി പാചകം ചെയ്യുന്ന വിഡിയോ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്നിരുന്നു. 

കോൺഗ്രസിലെയും ഇന്ത്യാസഖ്യത്തിലെയും ആളുകൾ രാജ്യത്തെ മഹാഭൂരിപക്ഷത്തിന്റെ വികാരം മാനിക്കുന്നില്ല. ഭൂരിപക്ഷത്തിന്റെ വികാരം വച്ചു കളിക്കുന്നത് ആസ്വദിക്കുകയാണ് അവർ. അവരിൽ കോടതി ശിക്ഷിച്ചൊരാൾ ജാമ്യത്തിലിറങ്ങി. ഇന്ത്യാസഖ്യം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ശ്രാവണ മാസത്തിൽ മട്ടൻ കറിയുണ്ടാക്കി. എന്നിട്ട് അതിന്റെ  വിഡിയോ തയാറാക്കി രാജ്യത്തെ ജനങ്ങളെ പരിഹസിക്കുന്നു. മുഗളരെ പോലെ രാജ്യത്തെ ജനങ്ങളെ അപഹസിക്കുകയാണ്. ശ്രാവണ മാസത്തിൽ അവർക്കു മട്ടൻ വിഡിയോ കാണിക്കണം’– മോദി ആരോപിച്ചു. 

യഥാർഥ വിഷയങ്ങൾ  മറച്ചുവയ്ക്കുന്നു: തേജസ്വി

യഥാർഥ വിഷയങ്ങൾ സംസാരിക്കാതെയുള്ള മോദിയുടെ തന്ത്രമാണിതെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം. ‘ബിഹാറിന്റെയോ യുവാക്കളുടെയോ കർഷകരുടെയോ പ്രശ്നങ്ങളെക്കുറിച്ചു മോദി സംസാരിക്കില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും അദ്ദേഹം ചർച്ച ചെയ്യില്ല. എന്തുകൊണ്ടാണു ബിഹാറിന് പ്രത്യേക പദവി ലഭിക്കാത്തതെന്നും ബിഹാറിലെ ഗയയിൽ നടന്ന തിരഞ്ഞെടുപ്പു യോഗത്തിനു ശേഷം തേജസ്വി ചോദിച്ചു. 

ആർജെഡിക്കൊപ്പമുള്ള വികാസ്ശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനിക്കൊപ്പം ഭക്ഷണം കഴിക്കവേ തേജസ്വി മത്സ്യം ഉയർത്തിക്കാട്ടിയതിനു പിന്നാലെയായിരുന്നു വിവാദം. അതു നവരാത്രി സമയത്തെ ചിത്രമല്ലെന്നും യഥാർഥ വിഷയമൊന്നും സംസാരിക്കാത്ത ബിജെപിക്കാരുടെ ബുദ്ധിനിലവാരം പരിശോധിക്കാനാണ് അതു ചെയ്തതെന്നുമാണു തേജസ്വിയുടെ വിശദീകരണം.

English Summary:

India alliance does not respect majority sentiment, says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com