ADVERTISEMENT

ഒരു വലിയ അപകടത്തിനുശേഷം ആശുപത്രിയിൽ നിന്ന് വന്നപോലെയാണ് പുരി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഉമബല്ലവ് രഥ് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. തലയിൽ കെട്ട്, മുഖത്ത് തുന്നൽ, ദേഹമാകെ മുറിപ്പാടുകൾ. കഴിഞ്ഞ ദിവസം ഉമ നേരിട്ട അപ്രതീക്ഷിത ആക്രമണത്തിന്റെ അടയാളങ്ങളായിരുന്നു അതെല്ലാം. അടിവന്നത് എതിർ പാർട്ടിക്കാരിൽ നിന്നാണോ എന്ന ചോദ്യം പൂർത്തിയാക്കും മുൻപേ അനുയായിയുടെ മറുപടിയെത്തി– അല്ല സ്വന്തം പാർട്ടിക്കാരിൽ നിന്നു തന്നെ. 

ഒഡീഷയിലെ കോൺഗ്രസിൽ വോട്ടെടുപ്പിനു മുൻപ് മറ്റൊരു ചൂടൻ പോരാട്ടം നടക്കുകയാണ്– തമ്മിലടി. പുരിയിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസും പാർട്ടിക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ നിലയിലാണ്. പുരിയിലെ നിയമസഭാ, ലോക്സഭാ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്വന്തം വീട്ടിലേക്കു മാറ്റേണ്ടിവന്നു. 

പുരി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി നേതൃത്വം ആദ്യ പ്രഖ്യാപിച്ചിരുന്നത് പുതുമുഖമായ സുജിത് മഹാപത്രയെയാണ്. എന്നാൽ, വ്യാപക എതിർപ്പുകളുണ്ടായതോടെ ഹൈക്കമാൻഡ് ഇടപെട്ടു. സുജിത്തിനു പകരം ജനതാദൾ ടിക്കറ്റിൽ മുൻപ് എംഎൽഎയായിരുന്ന ഉമബല്ലവ് രഥിനെ സ്ഥാനാർഥിയാക്കി. കഴിഞ്ഞ ദിവസം ഉമബല്ലവ് പത്രിക നൽകാൻ എത്തിയപ്പോഴാണ് ഇരുവരുടെയും അണികൾ തമ്മിൽ ഏറ്റുമുട്ടിയത്.

വിമത സ്ഥാനാർഥിയായി സുജിത് മഹാപത്രയും പത്രിക നൽകിയിട്ടുണ്ട്. 25ന് ആണ് വോട്ടെടുപ്പ്. കോൺഗ്രസിന് 39 വർഷമായി പുരിയിൽ എംഎൽഎയില്ല. ബിജെപിയുടെ ജയന്ത് സോറംഗി വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് മിശ്രയ്ക്കു ലഭിച്ചത് 2934 വോട്ടുകൾ (1.88 ശതമാനം) മാത്രമാണ്. എങ്കിലും തമ്മിലടിക്ക് കുറവില്ല. 

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന അവസ്ഥയിലൂടെയാണ് പുരിയിലെ കോൺഗ്രസ് കടന്നുപോകുന്നത്. ലോക്സഭയിലേക്ക് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന സുചാരിത മൊഹന്തി പ്രചാരണത്തിന് പാർട്ടി പണം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സീറ്റ് ഉപേക്ഷിച്ചിരുന്നു. സുചാരിതയുടെ പകരക്കാരനായി ജയ് നാരായണൻ പട്നായിക്കിനെ അതിവേഗം പ്രഖ്യാപിച്ച് നേതൃത്വം വിവാദങ്ങളിൽ നിന്ന് തലയൂരി. എന്നാൽ, ജയ്‌നാരായണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കൂടിയാണ് ഇപ്പോൾ അടച്ചുപൂട്ടേണ്ടിവന്നത്. 

English Summary:

Congress candidates shifted election committee office of loksabha election 2024 to home in Puri, Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com