Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമാനൂർ വിഗ്രഹ കവർച്ച: പൊലീസിനു വഴികാട്ടിയ രമണിക്ക് ദേവസ്വത്തിന്റെ വീട്

ramani

തിരുവനന്തപുരം∙ ഏറ്റുമാനൂർ വിഗ്രഹ കവർച്ച തെളിയിക്കാൻ പൊലീസിനു വഴികാട്ടിയായ വെള്ളറട സ്വദേശിനി രമണിക്കു വീടുവച്ചു നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. രമണിയുടെ മകനു ദേവസ്വം ബോർഡിൽ താൽക്കാലിക ജോലി നൽകാൻ തീരുമാനിച്ചതായും പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.

650 ചതുരശ്രയടി വിസ്തീർണമുള്ള വീട് ദേവസ്വം ബോർഡിന്റെ ‘ശരണാശ്രയം’ കാരുണ്യ സഹായപദ്ധതിയിൽ പെടുത്തിയാണു നിർമിക്കുക. ദേവസ്വം ബോർഡ് എൻജിനീയർ വീടിന്റെ പ്ലാൻ തയാറാക്കും. കാരുണ്യ സഹായപദ്ധതി പ്രകാരം നിർമിക്കുന്ന ആദ്യത്തെ വീടായതിനാൽ അടിയന്തരമായി നിർമാണം പൂർത്തിയാക്കി രമണിക്കു കൈമാറാനാണ് ഉദ്ദേശിക്കുന്നത്. 

രമണിക്കു സഹായം നൽകിക്കൊണ്ടാണു ദേവസ്വം ബോർഡിന്റെ ശരണാശ്രയം പദ്ധതി തുടങ്ങുന്നത്. 48 വയസ്സുള്ള രമണിയുടെ ഭർത്താവ് രണ്ടുമാസം മുമ്പു മരിച്ചു. രണ്ടു മക്കളുണ്ട്. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണു കുടുംബം കഴിയുന്നത്. ശോച്യാവസ്ഥയിലാണ് ഇപ്പോഴത്തെ ജീവിതം. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും അംഗം കെ.പി.ശങ്കരദാസും കഴിഞ്ഞദിവസം രമണിയുടെ താമസസ്ഥലം സന്ദർശിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്നലത്തെ ബോർഡ് യോഗത്തിൽ വീടു നിർമിച്ചു നൽകാൻ പെട്ടെന്നു തീരുമാനിച്ചത്. 

ഏറ്റുമാനൂരിൽ നിന്നടക്കം ഒട്ടേറെ ഭക്തജനങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും രമണിക്കു സാമ്പത്തികസഹായം നൽകിയിരുന്നു. 37 വർഷം മുമ്പാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ വിഗ്രഹ കവർച്ച നടന്നത്. മോഷ്ടാവായ സ്റ്റീഫൻ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറാണ് കേസിൽ നിർണായക തെളിവായത്. പൊലീസ് കണ്ടെടുത്ത പേപ്പറിൽ രമണിയുടെ പേരും സ്കൂളിന്റെ വിലാസവുമുണ്ടായിരുന്നു. കേരളത്തിന്റെ തെക്കേ അതിർത്തിയിലെ വിദ്യാർഥിനിയുടെ പുസ്തകം പൊതിഞ്ഞ പേപ്പർ ഏറ്റുമാനൂരിൽ എങ്ങനെയെത്തിയെന്ന അന്വേഷണമാണ് മോഷ്ടാവിലേക്കു പൊലീസിനെ എത്തിച്ചത്.