Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമാനൂർ വിഗ്രഹമോഷണം: പ്രതിയെ ‘കുടുക്കിയ’ രമണി ദാ ഇവിടെ

Ramani രമണി വെള്ളറടയിലെ വീട്ടിൽ

മൂന്നര പതിറ്റാണ്ടു മുമ്പു കേരളാ പൊലീസിനെയും അന്നത്തെ നായനാര്‍ സര്‍ക്കാരിനേയും ഒരു പോലെ വട്ടംചുറ്റിച്ച പ്രമാദമായ ഏറ്റുമാനൂര്‍ വിഗ്രഹമോഷണക്കേസ് തെളിയിക്കാന്‍ പൊലീസിനു വഴികാട്ടിയായി, ഭക്തരുടെ പ്രിയ താരമായി മാറിയ ശേഷം കാണാമറയത്തായിരുന്ന രമണി ഇന്നെവിടെയാകും? കേസിന്റെ വിജയകരമായ പരിസമാപ്തിക്കു ശേഷം വാർത്തകളിൽ നിന്നകന്നു പോയ രമണിയെ 37 വർഷത്തിനു ശേഷം കണ്ടെത്തി. തലസ്ഥാന ജില്ലയിലെ വെള്ളറടയിലാണ് രമണിയിപ്പോൾ. വെള്ളറട കിളിയൂര്‍ ജംക്‌ഷനിലാണു താമസം. ഏറ്റുമാനൂർ വിഗ്രഹക്കവർച്ച നടന്ന വർഷം എട്ടാം ക്ലാസിലായിരുന്ന രമണിക്ക് ഇപ്പോള്‍ പ്രായം 48. രണ്ടു മക്കൾ‍. ഭര്‍ത്താവ് ആറുമാസം മുന്‍പ് മരിച്ചു. തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന ജോലി മാത്രമാണു വരുമാന മാര്‍ഗം. താമസിക്കുന്നതു ശോചനീയമായ അവസ്ഥയിൽ‍. നഷ്ടപ്പെടാത്തതു വർഷങ്ങൾക്കു മുൻപു ഭക്തലക്ഷങ്ങൾക്കു മുന്നിൽ ഭഗവാന്റെ കൃപാകടാക്ഷം വീണ്ടുമെത്തിച്ചതിന്റെ തിളക്കമുള്ള ഓര്‍മ മാത്രം.

കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നത് 1981 മേയ് 24 ന്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറാണ് കേസില്‍ നിര്‍ണായക തെളിവായത്. പൊലീസ് കണ്ടെടുത്ത പുസ്തക കടലാസില്‍ രമണിയുടെ പേരും സ്‌കൂളിന്റെ വിലാസവുമുണ്ടായിരുന്നു. കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ പാറശാലയിലെ വിദ്യാര്‍ഥിനിയുടെ പുസ്തകം ഏറ്റുമാനൂര്‍ അമ്പലത്തില്‍ എങ്ങനെ എത്തിയെന്ന അന്വേഷണമാണു രമണി പുസ്തകം വിറ്റ കടക്കാരനിലേക്കും അതിലൂടെ സ്റ്റീഫനിലേക്കുമെത്തിയത്.

Ramani - Home രമണിയുടെ വീടിനുള്ളിലെ ദൃശ്യം

മോഷ്ടാവിനെ പിടൂകൂടിയതോടെ രമണി ഭക്തര്‍ക്കിടയില്‍ താരമായി. ക്ഷേത്ര ഭാരവാഹികള്‍ രമണിയെ ഏറ്റുമാനൂരിലേക്ക് കൊണ്ടുവന്ന് ആദരിച്ചു. ഭക്തര്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി. വെള്ളിക്കൊലുസും മിഠായി പാക്കറ്റുകളും വസ്ത്രങ്ങളുമെല്ലാം രമണിയെത്തേടിയെത്തി. വിദ്യാഭ്യാസത്തിനുള്ള ചെലവായി പതിനായിരം രൂപ ക്ഷേത്രസമിതി നല്‍കി. പിന്നീട് എല്ലാ വാര്‍ത്തകളിലും സംഭവിക്കുന്നതുപോലെ എല്ലാവരും രമണിയെ മറന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് സ്റ്റീഫന്‍ ഭക്തിമാര്‍ഗത്തിലേക്ക് തിരിഞ്ഞ് പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും രമണി കാണാമറയത്തു നിന്നു.

ഇത്രനാള്‍ രമണി എവിടെയായിരുന്നു?

പാറശാല പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് കുളത്തിന്‍കരയിലായിരുന്നു രമണിയുടെ വീട്. 23ാം വയസില്‍ വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിന്റെ നാടായ കിളിയൂരിലെത്തി. പാറശാലയിലേക്കുള്ള യാത്രകള്‍ കുറഞ്ഞു. അച്ഛന്‍ മരിച്ചു. അമ്മ പാറശാലയിലുള്ള വീട്ടിലുണ്ട്. അഞ്ചു സഹോദരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്നു. ഭര്‍ത്താവ് ആറു മാസം മുന്‍പു മരിച്ചു. മക്കള്‍ രണ്ടുപേര്‍ക്കും പ്ലസ്ടുവിനുശേഷം തുടര്‍പഠനം സാധ്യമായില്ല. മകന്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. ഭര്‍ത്താവിനു മുന്‍പുണ്ടായിരുന്ന എണ്ണയാട്ടു മിൽ വീടാക്കിയാണ് താമസം. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. തറയും ഭിത്തിയുമെല്ലാം പൊട്ടിപൊളിഞ്ഞുകിടക്കുന്നു. വീടു നിര്‍മിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല.

'അന്ന് കേസ് തെളിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഒന്നും നടന്നില്ല. ആരോടും പരിഭവവുമില്ല.' - രമണി പറയുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രാങ്കണത്തില്‍ വച്ച് ആദരിച്ചശേഷം പിന്നീട് ഒരു തവണകൂടി രമണി ഏറ്റുമാനൂര്‍ അമ്പലത്തിലെത്തി, രണ്ടു വര്‍ഷം മുന്‍പ്. കോട്ടയത്തുനടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയ മകനോടൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്. ആരോടും പഴയ കഥകള്‍ രമണി പറഞ്ഞില്ല.

Ettumanoor-Temple-Theft-1 കവർച്ച നടത്തിയ സ്റ്റീഫൻ (ഇടത്), ഏറ്റുമാനൂരപ്പന്റെ മൂലവിഗ്രഹം (നടുക്ക്), രമണി (വലത്)

'ആരോടും ഒന്നും പറഞ്ഞില്ല. എന്നെ അറിയാവുന്ന ആരും ഇപ്പോഴവിടെയില്ല. ഈ കഥ ഇപ്പോള്‍ ഓര്‍ക്കുന്നവരും കുറവാണ്.' - രമണി പറയുന്നു. പറയാന്‍ നിറമുള്ള നിരവധി ഓര്‍മകളുണ്ട് രമണിക്ക്. കേസ് തെളിഞ്ഞശേഷം നിരവധിപേര്‍ കാണാനെത്തി. വീട്ടിലേക്കു തപാലില്‍ സമ്മാനപൊതികളെത്തി. ഒരു വെള്ളി കൊലുസ് കിട്ടി. - രമണിയുടെ ഓർമകളിൽ വെള്ളിത്തിളക്കം.

മണ്ണെണ്ണ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ അമ്മ പറഞ്ഞതനുസരിച്ചാണ് രമണിയുടെ പഴയ പുസ്തകം അടുത്തുള്ള കൊച്ചു കുഞ്ഞന്‍ നാടാരുടെ കടയില്‍ വില്‍ക്കുന്നത്. കേസന്വേഷണത്തിനിടെ ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍നിന്നാണ് രമണിയുടെ പേരെഴുതിയ കടലാസു കഷ്ണം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് രമണിയിലേക്കും കടക്കാരന്‍ വഴി സ്റ്റീഫനിലേക്കുമെത്തുകയായിരുന്നു. ഒരു ആഗ്രഹം കൂടി രമണിക്കുണ്ട്. രമണിയായി, എല്ലാവരും തിരിച്ചറിയപ്പെടുന്നവളായി ഒരു തവണ കൂടി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി ഭഗവാനെ പ്രാര്‍ഥിക്കണം.