Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റുമാനൂരപ്പന്‍ അനുഗ്രഹിച്ചു; രമണിക്ക് ഭക്തജനങ്ങളുടെ സഹായത്തോടെ വീടൊരുങ്ങുന്നു

ramani-ettumanoor-temple-idol-theft രമണി

കോട്ടയം∙ മൂന്നര ദശകം മുൻപ് ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസ് തെളിയിക്കാൻ പൊലീസിനു വഴികാട്ടിയായ രമണിക്കു വീടു പണിതുനൽകാൻ ഭക്തജനങ്ങളുടെ സഹായത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുങ്ങുന്നു. ഞായറാഴ്ച ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ഇക്കാര്യം മനോരമ ഓൺലൈനിനോട് അറിയിച്ചു. മൂന്നര പതിറ്റാണ്ടു മുമ്പു കേരളാ പൊലീസിനെയും അന്നത്തെ നായനാര്‍ സര്‍ക്കാരിനെയും ഒരു പോലെ വട്ടംചുറ്റിച്ച പ്രമാദമായ ഏറ്റുമാനൂര്‍ വിഗ്രഹമോഷണക്കേസ് തെളിയിക്കാന്‍ പൊലീസിനു വഴികാട്ടിയായി, ഭക്തരുടെ പ്രിയ താരമായി മാറിയ ശേഷം കാണാമറയത്തായിരുന്ന രമണിയെ കണ്ടെത്തിയത് മനോരമ ഓൺലൈനായിരുന്നു.

Read more at: ഏറ്റുമാനൂർ വിഗ്രഹമോഷണം: പ്രതിയെ ‘കുടുക്കിയ’ രമണി ദാ ഇവിടെ

Read more at: നാട് നടുങ്ങിയ ഒരു വിഗ്രഹക്കവർച്ച; കേസ് തെളിയിച്ച പെൺകുട്ടി ഇന്നെവിടെ?

രമണിക്കു താൽക്കാലിക ജോലി നൽകാൻ കഴിയുമോ എന്ന കാര്യം ദേവസ്വം ബോർഡ് പരിശോധിക്കുമെന്നും പദ്മകുമാർ അറിയിച്ചു. രമണിയുടെ അവസ്ഥ സി.കെ. ഹരീന്ദ്രൻ എംഎൽഎ തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അതിന്റെ ഭാഗമായാണു ദേവസ്വം ബോർഡിന്റെ നടപടിയെന്നും പദ്മകുമാർ കൂട്ടിച്ചേർത്തു. ഏറ്റുമാനൂർ ക്ഷേത്ര ഉപദേശക സമിതിയും രമണിക്ക് ആവശ്യമായ സഹായം നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെള്ളറട കിളിയൂര്‍ ജംക്‌ഷനിലാണു രമണി ഇപ്പോൾ താമസിക്കുന്നത്. ഭർത്താവു മരിച്ച രമണിക്ക് തൊഴിലുറപ്പു പദ്ധതിയിലൂടെ ലഭിക്കുന്ന ജോലി മാത്രമാണ് ഏക വരുമാന മാർഗം. താമസിക്കുന്നത് ശോചനീയമായ അവസ്ഥയിലാണെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നായ കോട്ടയം ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോകുന്നത് 1981 മേയ് 24നാണ്. ക്ഷേത്രം കുത്തിത്തുറക്കുന്നതിനു മോഷ്ടാവായ സ്റ്റീഫന്‍ ഉപയോഗിച്ച പാര പൊതിഞ്ഞ പേപ്പറാണു കേസില്‍ നിര്‍ണായക തെളിവായത്. പൊലീസ് കണ്ടെടുത്ത പുസ്തക കടലാസില്‍ രമണിയുടെ പേരും സ്‌കൂളിന്റെ വിലാസവുമുണ്ടായിരുന്നു. കേരളത്തിന്റെ തെക്കേ അതിര്‍ത്തിയായ പാറശാലയിലെ വിദ്യാര്‍ഥിനിയുടെ പുസ്തകം ഏറ്റുമാനൂര്‍ അമ്പലത്തില്‍ എങ്ങനെ എത്തിയെന്ന അന്വേഷണമാണു രമണി പുസ്തകം വിറ്റ കടക്കാരനിലേക്കും അതിലൂടെ സ്റ്റീഫനിലേക്കുമെത്തിയത്.

മോഷ്ടാവിനെ പിടൂകൂടിയതോടെ രമണി ഭക്തര്‍ക്കിടയില്‍ താരമായി. ക്ഷേത്ര ഭാരവാഹികള്‍ രമണിയെ ഏറ്റുമാനൂരിലേക്കു കൊണ്ടുവന്ന് ആദരിച്ചു. ഭക്തര്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി. വെള്ളിക്കൊലുസും മിഠായി പാക്കറ്റുകളും വസ്ത്രങ്ങളുമെല്ലാം രമണിയെത്തേടിയെത്തി. വിദ്യാഭ്യാസത്തിനുള്ള ചെലവായി പതിനായിരം രൂപ ക്ഷേത്രസമിതി നല്‍കി. പിന്നീട് എല്ലാ വാര്‍ത്തകളിലും സംഭവിക്കുന്നതുപോലെ എല്ലാവരും രമണിയെ മറന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് സ്റ്റീഫന്‍ ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞു പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോഴും രമണി കാണാമറയത്തു നിന്നു. പിന്നീട് ഏറ്റുമാനൂർ ക്ഷേത്ര കവർച്ചയെക്കുറിച്ചുള്ള മനോരമ ഓൺലൈനിന്റെ റിപ്പോർട്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് രമണിയെ കണ്ടെത്തിയത്.