Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠനം കഴിഞ്ഞശേഷമാകാം രാഷ്ട്രീയം: ഗവർണർ

Governor P Sathasivam

കളമശേരി (കൊച്ചി)∙ കലാലയങ്ങളിൽ വിദ്യാർഥികൾ പഠനത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പഠനം പൂർത്തിയാക്കിയശേഷം രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധിക്കാൻ അവർക്കു അവസരവും സ്വാതന്ത്ര്യവുമുണ്ടെന്നും ഗവർണർ ജസ്റ്റിസ് പി. സദാശിവം. ഈ സന്ദേശം വൈസ് ചാൻസലർമാർ പ്രിൻസിപ്പൽമാർവഴി കലാലയങ്ങളിലെത്തിക്കണം. ക്യാംപസ് രാഷ്ട്രീയം അനുചിതമാണ്. കലാലയ രാഷ്ട്രീയം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ യോഗത്തിനെത്തിയതായിരുന്നു ചാൻസലർ കൂടിയായ ഗവർണർ. കേരളത്തിലെ സർവകലാശാലകൾ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും വേഗത്തിലാക്കണമെന്നും വിവര സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഇതിനായി പ്രയോജനപ്പെടുത്തണമെന്നും ഗവർണർ പറഞ്ഞു.

ചില സർവകലാശാലകളുടെ അപേക്ഷാഫോമുകൾ ലഭിക്കുന്നതുപോലും എളുപ്പമല്ല. ഒരു സാങ്കേതിക സർവകലാശാലയുടെ പ്രൊവിഷനൽ സർട്ടിഫിക്കറ്റിനായി സ്കൂൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വകുപ്പു മേധാവി, പ്രിൻസിപ്പൽ എന്നിവരുടെ ഒപ്പുകളും വിദ്യാർഥി ഹാജരാക്കണം. 

സർവകലാശാലകൾ വിദ്യാർഥിസൗഹൃദമാകണമെങ്കിൽ ഇത്തരം നൂലാമാലകൾ ഒഴിവാക്കണം. സർവകലാശാലകൾ അവയുടെ വെബ്സൈറ്റുകൾ യഥാസമയം അപ്ഡേറ്റ് ചെയ്ത് വിദേശ സർവകലാശാലകളുടേതുമായി താരതമ്യം ചെയ്യണമെന്നും ഗവർണർ പറഞ്ഞു.

related stories