Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലയ്ക്കരുത്, അപകടത്തിൽപ്പെട്ടവർക്ക് ആദ്യം ചികിത്സ; ചോദ്യം പിന്നീടു മതിയെന്നു ഗവർണർ

Governor P Sadasivam കണ്ണൂരിൽ ലുബ്നാഥ് ഷാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആര്യബന്ധു പുരസ്കാരം ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം വിപിഎസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ.ഷംസീർ വയലിലിനു സമ്മാനിക്കുന്നു.

കണ്ണൂർ ∙ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചാൽ ആദ്യം വിദഗ്ധ ചികിത്സ നൽകണമെന്നു ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം. ചോദ്യം ചെയ്യൽ പിന്നീടുമതി. ആശുപത്രിയിൽ എത്തിക്കുന്നവരെ വലയ്ക്കുന്ന തരത്തിൽ പൊലീസ് ഇടപെടാൻ പാടില്ലെന്നും താൻ ചീഫ് ജസ്റ്റിസ് ആയിരിക്കെ പുറപ്പെടുവിച്ച വിധി ഓർമപ്പെടുത്തിക്കൊണ്ട് പി.സദാശിവം പറഞ്ഞു. ലുബ്നാഥ് ഷാ ചാരിറ്റബിൾ ട്രസ്റ്റ് പുറത്തിറക്കിയ ജീവൻ രക്ഷാ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും വിപിഎസ് ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ചെയർമാനുമായി ഡോ.ഷംഷീർ വയലിലിന് ആര്യബന്ധു പുരസ്കാര സമർപ്പണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗവർണർ.

പ്രതിദിനം 1300 വാഹനങ്ങളാണു സംസ്ഥാനത്തെ നിരത്തുകളിലേക്കു പുതുതായി എത്തുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 2.76 ശതമാനം മാത്രമാണ് കേരളത്തിലുള്ളതെങ്കിലും റോഡ് അപകടത്തിന്റെ 7.8 ശതമാനവും ഇവിടെയാണു നടക്കുന്നത്. 2017ൽ മാത്രം 3915 പേരാണു റോഡ് അപകടങ്ങളിൽ മരിച്ചത്.

2016ൽ 39420 റോഡ് അപകടങ്ങളാണു സംസ്ഥാനത്ത് ഉണ്ടായത്. പരുക്കേൽക്കുന്നവരിൽ ഏറെയും ചെറുപ്പക്കാരാണെന്നതും കണക്കിലെടുക്കണം. ആരോഗ്യരംഗത്തും സാമൂഹിക രംഗത്തും ഡോ.ഷംഷീർ ‍വയലിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാനിച്ച് അദ്ദേഹത്തെ അടുത്ത റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് അതിഥിയായി ക്ഷണിക്കുന്നതായും ഗവർണർ പറഞ്ഞു.

പ്രളയത്തിൽ തകർന്ന 13 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പുനർനിർമിക്കാനുള്ള ഡോ.ഷംഷീർ വയലിലിന്റെ സന്മനസ്സിനെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു.  50 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്. പ്രളയകാലത്ത് 12 കോടി രൂപയുടെ മരുന്നുകൾ പ്രത്യേക വിമാനത്തിൽ എത്തിച്ചു നൽകിയതിനും നിപ്പ രോഗഭീതിയുടെ നാളുകളിൽ ആശുപത്രികളിൽ ഉപയോഗിക്കാനായി 1.5 കോടി രൂപ വിലവരുന്ന സുരക്ഷാ ഉപകരണങ്ങൾ എത്തിച്ചു നൽകിയതിനും മന്ത്രി നന്ദിപറഞ്ഞു.