ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് ഭീഷണി ശക്തമായതിനാൽ കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടി. അഭിപ്രായ ഐക്യത്തിൽ എത്തുന്നതിനാണു മുഖ്യമന്ത്രിയുടെ ശ്രമം.

കുട്ടനാട്, ചവറ മണ്ഡലങ്ങളിൽ മാത്രമല്ല കോവിഡ് ഭീഷണിയെന്നും ഉപതിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പു കൂടി നീട്ടിയാൽ പിന്തുണയ്ക്കാമെന്നും യുഡിഎഫ് വ്യക്തമാക്കി. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചു. 

എല്ലാ രാഷ്ട്രീയ കക്ഷികളുമായും അഭിപ്രായ ഐക്യത്തിൽ എത്തിയാലേ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടേണ്ടതുള്ളൂ എന്നാണു സർക്കാർ നിലപാട്. ഇതേസമയം ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന നിലപാട് ബിജെപി ഇന്നലെയും ആവർത്തിച്ചു.

ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്നയാളിന് 6 മാസം വരെ കാലാവധിയുണ്ടെങ്കിലും 4 മാസമേ പ്രവർത്തിക്കാൻ ലഭിക്കൂ. കോടിക്കണക്കിനു രൂപയാണു തിരഞ്ഞെടുപ്പിനു ചെലവഴിക്കേണ്ടി വരിക. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തേടിയത്. യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു നിലപാട് അറിയിക്കാമെന്നു ചെന്നിത്തല മറുപടി നൽകി. 

തദ്ദേശ തിരഞ്ഞെടുപ്പു കൂടി നീട്ടിയാൽ ഇക്കാര്യം പരിഗണിക്കാമെന്നാണ് യുഡിഎഫ് യോഗത്തിലുണ്ടായ അഭിപ്രായം. സാഹചര്യം യുഡിഎഫിന് അനുകൂലമായതിനാൽ, സർക്കാർ നിർദേശത്തിനു പൂർണമായി വഴങ്ങേണ്ടെന്നും അഭിപ്രായം ഉയർന്നു. തുടർന്നാണു പ്രതിപക്ഷ നേതാവ് യുഡിഎഫ് നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് യഥാസമയം നടത്തണമെന്ന നിലപാടിലാണു സർക്കാർ.

ജയിക്കുന്നവർക്ക് 4 മാസത്തേക്കു മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിപ്പില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: Kuttanad, Chavara elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com