ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനും ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന നിലപാടെടുക്കാനും സർക്കാരും പ്രതിപക്ഷവും ധാരണയിലെത്തി. ഇന്നു 10ന് ഓൺലൈനായി ചേരുന്ന സർവകക്ഷി യോഗം അന്തിമ തീരുമാനമെടുക്കും. തുടർന്നു കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകളെ സർക്കാർ ഇതിനായി സമീപിക്കും. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നതിനോട് യോജിച്ച ബിജെപി, തദ്ദേശ തിരഞ്ഞെടുപ്പ് യഥാസമയം വേണമെന്നു നിലപാടെടുത്തു.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന് ഇരുപക്ഷവും വിലയിരുത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ ആശയവിനിയമം നടത്തി. മന്ത്രി എ.കെ. ബാലനാണ് ചർച്ചയ്ക്കു മുൻകൈ എടുത്തത്. 

കോവിഡ് സാഹചര്യം, തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ഏറിയാൽ 5 മാസം മാത്രമേ ലഭിക്കൂ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്നുവയ്ക്കണമെന്നു കേന്ദ്ര കമ്മിഷനോട് ആവശ്യപ്പെടും. രാഷ്ട്രീയകക്ഷികളുടെ പൊതു ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുമ്പോൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു കൂടേയെന്നു പ്രതിപക്ഷത്തോട് സർക്കാർ 3 ദിവസം മുൻപു ചോദിച്ചിരുന്നു. കോവിഡ് കണക്കിലെടുത്താൽ തദ്ദേശ തിരഞ്ഞെടുപ്പും നവംബറിൽ സാധ്യമല്ലല്ലോയെന്ന് പ്രതിപക്ഷം മറുപടി നൽകിയതോടെയാണ് അതും പരിഗണിച്ചത്. 

എത്ര കാലത്തേയ്ക്കു നീട്ടണമെന്നതിൽ ധാരണയായിട്ടില്ല. നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11നു കഴിയുമെന്നതിനാൽ അതിനു ശേഷം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലാകും. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കേണ്ടതിനാൽ ജനുവരിയിലോ ഫെബ്രുവരിയിലോ തദ്ദേശ തിര‍‍ഞ്ഞെടുപ്പ് നടത്തേണ്ടി വരും. 

സർക്കാർ നേരത്തേ കത്തെഴുതി

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾക്കു കേരളം സജ്ജമല്ലെന്നും അതിനാൽ ആവശ്യമില്ലെന്നും നേരത്തേ തന്നെ സർക്കാർ നിലപാടെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 21നു ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകി. ഉപതിരഞ്ഞെടുപ്പുകൾ ഉണ്ടാകില്ലെന്നു സർക്കാരും രാഷ്ട്രീയ കേന്ദ്രങ്ങളും കരുതിയിരിക്കുമ്പോഴാണ് ഇവ ഉൾപ്പെടെ മാറ്റിവച്ച 65 ഉപതിരഞ്ഞെടുപ്പുകൾ നവംബർ 29നു മുൻപു നടത്താൻ കേന്ദ്രതിര‍ഞ്ഞെടുപ്പ് കമ്മിഷൻ ഈ മാസം 4ന് തീരുമാനിച്ചത്. 

English Summary: All party regarding local body election and byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com