ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിന് ഇടയിലെ രാഷ്ട്രീയപ്പോരാട്ടത്തെക്കുറിച്ചു മുന്നണികളിലെ ആശങ്കകൾക്കു താൽക്കാലിക ആശ്വാസം. ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു വയ്ക്കുന്നതിലും തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടുന്നതിലും യുഡിഎഫും എൽഡിഎഫും പങ്കിടുന്നത് ഒരേ വികാരമാണെന്നതു സവിശേഷത. തദ്ദേശ തിരഞ്ഞെടുപ്പ് യഥാസമയം നടക്കണമെന്നതിൽ ബിജെപി നേതൃത്വം ഉറച്ചു നിൽക്കുന്നുവെങ്കിലും തയാറെടുപ്പുകൾക്കു സാവകാശം കിട്ടിയതിന്റെ ആശ്വാസം അവരുടെ രണ്ടാംനിര നേതൃത്വത്തിനും പ്രവർത്തകർക്കുമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചിത സമയത്തു നടക്കുമെന്നു സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും ആവർത്തിക്കുമ്പോഴും സിപിഎമ്മിനും ഭരണകേന്ദ്രങ്ങൾക്കും അതിൽ സന്ദേഹമുണ്ടായിരുന്നു. നിനച്ചിരിക്കാതെ വന്ന ഉപതിരഞ്ഞെടുപ്പു പ്രഖ്യാപനമാണ് ഒരു തീരുമാനത്തിലേക്കു കടക്കാനുള്ള നിമിത്തമായത്. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാമെന്നു സർക്കാർ നിർദേശിച്ചപ്പോൾ, തദ്ദേശ തിരഞ്ഞെടുപ്പു കൂടി നീട്ടിവയ്ക്കണമെന്നായി പ്രതിപക്ഷം. തുടർന്നാണു സർവകക്ഷി യോഗം വിളിച്ചത്.

ഭരണ–പ്രതിപക്ഷങ്ങൾ ധാരണയിലെത്തിയിരുന്നതിനാൽ സർവകക്ഷി യോഗത്തിലെ പ്രസംഗങ്ങൾ ഏതാണ്ട് ആവർത്തനങ്ങളായിരുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന ആശയം ലോകത്തു ശക്തമാകുമ്പോൾ കേരളത്തിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചിട്ടു കാര്യമില്ലെന്നു ബിജെപി വേറിട്ട അഭിപ്രായം പ്രകടിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് അത് ഇന്ധനമാകുമെന്നും പ്രതീക്ഷിക്കുന്ന അവർക്ക് ആശങ്കയുണ്ട്. നീട്ടിവയ്ക്കുക എന്നാൽ അനന്തമായി നീളില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ബിജെപിക്ക് ഉറപ്പു പോരാ.

എൽഡിഎഫും യുഡിഎഫും തദ്ദേശ പോരാട്ടത്തിനു കച്ച മുറുക്കിയെങ്കിലും ഒരുക്കങ്ങളെ കോവിഡ് ബാധിച്ചിട്ടുണ്ട്. എത്ര പേർ വോട്ടു ചെയ്യാൻ ബൂത്തുകളിലെത്തുമെന്ന കാര്യത്തിലും മുന്നണികൾക്കു സന്ദേഹമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പരമാവധി ഫെബ്രുവരിക്കകം എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. എങ്കിൽ തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനൽ മത്സരമാകും.

യുഡിഎഫ് ചവറയിലും കുട്ടനാട്ടിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷമാണു തിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വയ്ക്കുന്നത്. രണ്ടും എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാൽ നേരിടാൻ തയാറെന്ന വികാരമാണു നേതാക്കൾ പങ്കുവച്ചിരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജയസാധ്യത കൂടുതലാണെന്നും വിലയിരുത്തി. ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തിൽ രാഷ്ട്രീയമായ ആത്മവിശ്വാസക്കുറവു പ്രതിപക്ഷം ദർശിക്കുന്നുണ്ട്. അതു മനസ്സിലാക്കിയാണു മാസക്കണക്ക് അടക്കം ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ ദീർഘമായ വിശദീകരണം മുഖ്യമന്ത്രി നടത്തിയതും. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തു തന്നെ അതു നടക്കാനിടയില്ലെന്ന ചർച്ച സിപിഎം കേന്ദ്രങ്ങളിലുണ്ടായിരുന്നു. 

English Summary: Elections to be postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com