ADVERTISEMENT

തിരുവനന്തപുരം ∙ സോളർ കേസ് വീണ്ടും ഉയർത്തിയതു വഴി പൂരപ്പറമ്പിലേക്കു പടക്കം എറിഞ്ഞിരിക്കുകയാണ് പിണറായി സർക്കാർ. എന്തു സംഭവിക്കുമെന്ന് എറിഞ്ഞ ആളിനു പോലും ഉറപ്പില്ല. ഒരുപക്ഷേ ചീറ്റിപ്പോകാം, അല്ലെങ്കിൽ ആർക്കെങ്കിലുമൊക്കെ പരുക്കേൽക്കാം.

പരാതിക്കാരി മുഖ്യമന്ത്രിക്ക് 20 നു കത്തു നൽകിയപ്പോൾ തന്നെ യുഡിഎഫ് ഉന്നത കേന്ദ്രങ്ങൾ മണത്തു. കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതിയുടെ അമരത്ത് ഉമ്മൻ ചാണ്ടി നിയോഗിക്കപ്പെട്ടതിനു പിന്നാലെ ഈ പരാതി ലഭിച്ചത് ആരും യാദൃച്ഛികമായി കണ്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട വാളയാർ കേസിലെ അമ്മയുടെ കാത്തിരിപ്പ് ഒട്ടേറെ കേസുകളിലെ പ്രതിയായ പരാതിക്കാരിക്ക് ഉണ്ടായില്ല. ‍

മന്ത്രിസഭയെയോ ഡിജിപിയെയോ പോലും അറിയിക്കാതെയുള്ള അതിവേഗ നീക്കം നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടല്ല എന്ന ന്യായീകരണം സിപിഎം കേന്ദ്രങ്ങളിൽനിന്നു പോലുമില്ല. തുടർച്ചയായ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിലും സോളർ കേസ് ആയുധമാക്കാമോ എന്നു സിപിഎം നോക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടർഭരണ സാധ്യതയുടെ ആത്മവിശ്വാസം പാർട്ടിക്കു പകരാൻ നേതൃത്വം ശ്രമിക്കുമ്പോഴാണ് 8 വർഷം പഴയ കേസ് കൂടി അതിനു വേണ്ടിവരുമെന്ന സൂചന മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുന്നത്. കൊട്ടിഘോഷിച്ച വികസന–ക്ഷേമ നടപടികളും തോമസ് ഐസക്കിന്റെ ബജറ്റ് വാഗ്ദാനങ്ങളും പോരാ എന്ന് അതു വഴി സമ്മതിക്കുന്നു.

ആപത്തുകാലത്തെ നിക്ഷേപം

സ്വർണക്കടത്ത് കേസ് ഇനിയും ഉയർത്താനിടയുളള ആപത്തും തിരിച്ചറിയുന്നു. സ്പീക്കർക്കോ മന്ത്രിമാർക്കോ എതിരെ എന്തെങ്കിലും നീക്കം ഉണ്ടായാൽ തങ്ങളുടെ ആവനാഴി ഒഴിഞ്ഞിരിക്കരുത്. 4 മാസത്തിലേറെയായി പാർട്ടിയും എൽഡിഎഫും നടത്തി വന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ കുന്തമുന കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആയിരുന്നു എങ്കിൽ കരണം മറിഞ്ഞു സിബിഐയെ വാളാക്കി വീശുന്നു. സിബിഐ ഏറ്റെടുത്തില്ലെങ്കിൽ കോൺഗ്രസ്–ബിജെപി സഖ്യം ആരോപിക്കാം. കോൺഗ്രസിന്റെ 2 പ്രവർത്തക സമിതി അംഗങ്ങളും ബിജെപിയുടെ 12 ദേശീയ ഉപാധ്യക്ഷന്മാരിൽ ഒരാളായ എ.പി.അബ്ദുല്ലക്കുട്ടിയും ആരോപണവിധേയരുടെ പട്ടികയിലുണ്ട്.

ഒന്നും ചെയ്യാതെ ഇതുവരെ

നാൾവഴികൾ പരിശോധിച്ചാൽ ഈ സർക്കാരിന് അന്വേഷണത്തിൽ ഒന്നും ചെയ്യാനായിട്ടില്ല. മുൻ സുപ്രീം കോടതി ജഡ്ജി അരിജിത് പസായത്തും ഡിജിപി റാങ്കിലുള്ള 3 ഉദ്യോഗസ്ഥരും പരിശോധിച്ചിട്ടും വഴി തെളിഞ്ഞില്ല. അതോടെ പരാതിക്കാരിയുടെ ‘കത്ത്’ എന്ന കേരളം പലവട്ടം ചർച്ച ചെയ്ത ആ സാധ്യത വീണ്ടും പരീക്ഷിക്കുന്നതിലേക്കു കാര്യങ്ങളെത്തി. സാമാജികത്വ സുവർണ ജൂബിലി തികച്ച ഉമ്മൻ ചാണ്ടിയെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ച അതേ ദിവസമാണ് ആ മുൻ മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണ ആവശ്യം സർക്കാർ കൈമാറിയത്. 

തിരിച്ചടിക്കാൻ അതേ സിബിഐ

2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളാകാൻ പിണറായി ഒരുങ്ങുമ്പോഴാണു ലാവ്‌ലിൻ കേസ് ഉമ്മൻ ചാണ്ടി സർക്കാർ സിബിഐക്കു വിട്ടത്. 10 വർഷത്തോളം പാർലമെന്ററി രംഗത്തേക്കു വരാൻ കഴിയാതെ സംഘടനാ രംഗത്തു തന്നെ തുടരേണ്ടി വന്നതിനു കാരണം ആ തീരുമാനമാണെന്നു പിണറായി കരുതുന്നു. 

കോടതി വിധിയെ തുടർന്നാണു ലാവ്‌ലിൻ സിബിഐ ഏറ്റെടുത്തത് എങ്കിലും വഴിയൊരുക്കിയതു യുഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 5 വർഷം ഉമ്മൻ ചാണ്ടി പിന്നണിയിൽ നിന്ന ശേഷം മുൻ നിരയിലേക്കു വന്നപ്പോൾ മറുപടി നൽകിയിരിക്കുകയാണ് പിണറായി. 

English Summary: Solar case back in politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com