ADVERTISEMENT

തൊടുപുഴ ∙ മൂലമറ്റം വൈദ്യുതി നിലയത്തിൽ വെള്ളിയാഴ്ചയുണ്ടായ പൊട്ടിത്തെറിക്കു കാരണം ഐസലേറ്റർ തകരാറെന്നു പ്രാഥമിക നിഗമനം. ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശ്യാം മുരാരി നിലയത്തിൽ പരിശോധന നടത്തി.  

നിലയത്തിലേക്കു വൈദ്യുതി എടുക്കുന്ന 11 കെവി ലൈനിൽ ഐസലേറ്റർ തുറന്നുപോയതാണു പൊട്ടിത്തെറിയുണ്ടാകാൻ കാരണമെന്നാണു കണ്ടെത്തൽ. ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തും.

ഐസലേറ്റർ കത്തി നശിച്ചതു മൂലം 35 ലക്ഷം മുതൽ 40 ലക്ഷം വരെ രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. കത്തിപ്പോയ ഐസലേറ്റർ മാറ്റിവയ്ക്കാൻ യുഎസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം നാലാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണു കരുതുന്നത്.

വൈദ്യുതി പ്രവാഹമുള്ളപ്പോൾ ഒരിക്കലും ഐസലേറ്റർ തുറക്കുകയില്ല. എന്നാൽ പൊട്ടിത്തെറിയുടെ സമയത്ത് ഐസലേറ്റർ തുറന്ന നിലയിലായിരുന്നു. ഇതാണു പൊട്ടിത്തെറിക്കു കാരണമെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഐസലേറ്ററിനുള്ളിൽ 2 ലൈനുകൾ വിട്ടുനിൽക്കുന്ന രീതിയിലായിരുന്നു. യുപിഎസിന്റെ ലൈൻ തകറാറിലായതും പൊട്ടിത്തെറിക്കു കാരണമായി. 

പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി എം.എം.മണി കെഎസ്ഇബി ചെയർമാൻ എൻ.എസ്.പിള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആയുർദൈർഘ്യവും കടന്ന് 6 ജനറേറ്ററുകൾ

തൊടുപുഴ ∙ മൂലമറ്റം വൈദ്യുത നിലയത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായത് നാലാമത്തെ പൊട്ടിത്തെറി. ജനറേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ കാലപ്പഴക്കമാണു തുടർച്ചയായി പൊട്ടിത്തെറി ഉണ്ടാകുന്നതിനു മുഖ്യകാരണമെന്നാണു സൂചന.  

130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണു വൈദ്യുത നിലയത്തിലുള്ളത്.   പവർഹൗസിലെ ഒരു ജനറേറ്ററിന് 25 വർഷത്തെ ആയുസ്സാണു നിർമാതാക്കളായ ജനറൽ ഇലക്ട്രിക്കൽസ് നിശ്ചയിച്ചിരുന്നത്. ഈ കാലയളവിൽ പരമാവധി 2 ലക്ഷം മണിക്കൂർ പ്രവർത്തിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ നിലയത്തിലെ ജനറേറ്ററുകൾ ഇതിനകം 35 വർഷം കഴിഞ്ഞു. 3 ലക്ഷം മണിക്കൂറിനു മുകളിൽ പ്രവർത്തനം പിന്നിടുകയും ചെയ്തു. 

നിലയത്തിലെ  പൊട്ടിത്തെറികൾ

∙ ചെറുതും വലുതുമായ 50ൽപരം പൊട്ടിത്തെറികളാണ് മൂലമറ്റം പവർഹൗസിൽ ഇതുവരെ  റിപ്പോർട്ട് ചെയ്തത്. പലതും കെഎസ്ഇബി അധികൃതർ പുറത്ത് അറിയിക്കാറില്ല.  

∙ 2011 ജൂൺ 20നു പവർ ഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ വനിതാ എൻജിനീയർ ഉൾപ്പെടെ 2 പേർ മരിച്ചു. അസി. എൻജിനീയർ മെറിൻ ഐസക്, സബ് എൻജിനീയർ കെ.എസ്.പ്രഭ എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. പവർ ഹൗസിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ അപകടവും ഇതാണ്. 

∙ 2020 ജനുവരി 20നു രണ്ടാം നമ്പർ ജനറേറ്ററിൽ പൊട്ടിത്തെറി– നവീകരണം പൂർത്തിയായ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സൈറ്ററിന്റെ ഭാഗത്താണു പൊട്ടിത്തെറി ഉണ്ടായത്. 

∙ 2020 ഫെബ്രുവരി ഒന്നിന് ആറാം നമ്പർ ജനറേറ്ററിന്റെ മിന്നൽ രക്ഷാചാലകം പൊട്ടിത്തെറിച്ചു. 

∙ 2020 ഒക്ടോബർ 23നു രണ്ടാം നമ്പർ ജനറേറ്ററിന്റെ വൈൻഡിങ് കത്തിനശിച്ചു.

∙ 2021 ഫെബ്രുവരി 5നു നാലാം നമ്പർ ജനറേറ്ററിന്റെ ഐസലേറ്റർ പൊട്ടിത്തെറിച്ചു.

ജനറേറ്ററുകളുടെ ആയു‍‍സ്സ്  നീട്ടാൻ  കെഎസ്ഇബി

തൊടുപുഴ ∙ മൂലമറ്റം വൈദ്യുത നിലയത്തിലെ മൂന്നു ജനറേറ്ററുകളുടെ ആയുർ‍ദൈർഘ്യം അവസാനിച്ചു വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ജനറേറ്ററുകളുടെയും ടർബൈ‍നുകളുടെയും ആയു‍‍സ്സു നീട്ടാനുള്ള പഠനത്തിനു കെഎസ്ഇബി. നിലയത്തിലെ 4, 5, 6 നമ്പർ ജനറേറ്ററുകളുടെ ‘ആയു‍സ്സ്’ ആണു നീട്ടുന്നത്.  

1975ലാണു വൈദ്യുത നിലയത്തിലെ 1, 2, 3 നമ്പർ ജനറേറ്ററുകൾ കമ്മിഷൻ ചെയ്തത്. 4, 5, 6 നമ്പർ ജനറേറ്ററുകൾ 1985–86 വർഷത്തിലും. 

നേരത്തേ 1, 2, 3 നമ്പർ ജനറേറ്ററുകളുടെ പുനരുദ്ധാരണ നടപടികൾ ആരംഭിച്ചത് ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 

പുതിയ പദ്ധതിയിലൂടെ ജനറേറ്ററുകളുടെ ദൈർഘ്യവും ശേഷിയും കൂട്ടാനാകുമെന്നാണു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com