ADVERTISEMENT

ബങ്കളം (കാസർകോട്) ∙ ‘ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്. ഒരു വഴിയും മുന്നിലില്ല’ – കണ്ണീരണിഞ്ഞുകൊണ്ട് ഇതു പറയുന്നതു സാധാരണക്കാരനല്ല, കേരളത്തിലെ മുൻ എംഎൽഎയാണ്. 10 വർഷം ഹൊസ്ദുർഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ നേതാവു കൂടിയായ  എം.നാരായണൻ.

 എംഎൽഎ പെൻഷനായി ലഭിക്കുന്ന ചെറിയ തുകകൊണ്ടു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇദ്ദേഹം  ഇപ്പോൾ ഹൃദയ വാൽവ് മാറ്റിവയ്ക്കാൻ പണമില്ലാതെ നിസ്സഹായനാവുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ 5 ലക്ഷം രൂപ ആദ്യം കെട്ടിവയ്ക്കണം. മുൻ എംഎൽഎ എന്ന നിലയിൽ സർക്കാരിൽനിന്ന് ഈ തുക പിന്നീടു നാരായണനു കിട്ടുമെങ്കിലും അതിനു ചികിത്സ കഴിഞ്ഞു രേഖകൾ നൽകണം.  ഈ സാഹചര്യത്തിൽ ഉദാരമതികളുടെ കനിവു തേടുകയാണു നാരായണൻ.

അധികദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം. സംസാരിക്കാനും ബുദ്ധിമുട്ട്. ശസ്ത്രക്രിയ മാത്രമാണു പരിഹാരമെന്നാണു ഡോക്ടറുടെ നിർദേശം.നാരായണൻ നിസ്വാർഥമായ പൊതുജീവിതത്തിനിടയിൽ ഒന്നും നേടാതിരുന്ന നേതാവായിരുന്നു. എംഎൽഎയായിരുന്നപ്പോഴും ബസിലും മറ്റും സ‍ഞ്ചരിച്ചു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്ന നാരായണന്റെ രീതി മണ്ഡലത്തിന്റെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. 

കെഎസ്ആർടിസിയിൽ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവർത്തനം നടത്താൻ കഴിയുന്നതെന്നു നാരായണൻ പറയുന്നു.

കഷ്ടപ്പാട് നിറഞ്ഞ ജിവിതത്തിനിടെ ഇപ്പോൾ പ്രതീക്ഷിക്കാതെ എത്തിയ അസുഖം  അദ്ദേഹത്തെ ആകെ തളർത്തിയിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇടപെട്ടാണു നാരായണനെ ശ്രീചിത്രയിലേക്ക് എത്തിച്ചത്. അവിടെ പരിശോധനയിലാണ് എത്രയും പെട്ടെന്നു വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചത്.

English Summary: CPI ex mla seeking help for heart operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com