ADVERTISEMENT

തിരുവനന്തപുരം ∙ കിഫ്ബിക്കു സമാനമായി സർക്കാർ വലിയ പ്രതീക്ഷയോടെ നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ നോളജ് ഇക്കോണമി മിഷന്റെ പ്രാരംഭ പ്രവർ‌ത്തനങ്ങൾക്കായി 100 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ മാറ്റിവച്ചിരുന്ന 200 കോടിക്കു പുറമേയാണിത്. പദ്ധതി നടപ്പാക്കുന്ന കേരള നോളജ് സൊസൈറ്റി സ്ഥാപിക്കുന്നതിനും നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവർത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തൽ എന്നിവയ്ക്കുമായി ഈ തുക വിനിയോഗിക്കും.

1048 കമ്യൂണിറ്റി റിസോഴ്‌സ് പഴ്‌സൺസ്, പരിശീലനത്തിനായുള്ള 152 ബ്ലോക്ക് കോ–ഓർഡിനേറ്റർമാർ, കുടുംബശ്രീയുടെയും കുടുംബശ്രീയിലെ സംസ്ഥാനതല ദൗത്യസംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവുമാർ എന്നിവർ കെ-ഡിസ്‌കിന്റെ (കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവുകളുമായും അസാപിന്റെ 2744 സ്കിൽ ഡവലപ്മെന്റ് എക്സിക്യുട്ടീവുകളുമായും ചേർന്നു കർമമേഖലയെ ചലിപ്പിക്കും.

തൊഴിലന്വേഷകരുടെ പ്രൊഫൈൽ വിലയിരുത്തി കരിയർ കൗൺസലിങ് നൽകുന്നതിനും അവരെ മൈക്രോ പരിശീലന പരിപാടികളിൽ ചേർക്കുന്നതിനുമുള്ള സംവിധാനം ഐസിടി അക്കാദമി തയാറാക്കി.

എന്താണ് നോളജ് ഇക്കോണമി?

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ–ഡിസ്ക്) വികസിപ്പിക്കുന്ന പോർട്ടൽ വഴി തൊഴിലന്വേഷകർക്കു റജിസ്റ്റർ ചെയ്യാം. ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കും അവസരം ഉപയോഗിക്കാം. കമ്പനികൾക്കു സ്റ്റാഫ് ആയോ ഫ്രീലാൻസ് ആയോ ഈ പ്ലാറ്റ്ഫോമിൽ നിന്നു ജീവനക്കാരെ തിരഞ്ഞെടുക്കാം. 

സ്ഥിര ജോലിക്കു പുറമേ ഹ്രസ്വകാല ജോലികൾക്ക് ഊന്നൽ നൽകുന്ന ഗിഗ് ഇക്കോണമിയിലേക്കു കൂടിയുള്ള സംസ്ഥാനത്തിന്റെ ചുവടുവയ്പാണിത്. ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. മേയ് 27 വരെ 27,000 തൊഴിലന്വേഷകർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlight: Knowledge economy mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com