ADVERTISEMENT

തൃശൂർ ∙ പ്രതിമകളില്ല, നാടുനീളെ സ്മാരകങ്ങളുമില്ല. എങ്കിലും ജനമനസ്സുകളിൽ സി. അച്യുതമേനോൻ ജീവിക്കുന്നു. അച്യുതമേനോൻ യാത്രയായിട്ട് ഇന്നു 30 വർഷം തികയുന്നു.

നേതാക്കളുടെ ധൂർത്തിന്റെ കഥ വായിക്കുമ്പോൾ ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ ലാളിത്യം ഓർക്കുന്നു. തേക്കിൻകാടു മൈതാനിയിൽ കുടയും കുത്തി മുണ്ടിന്റെ കോന്തല പിടിച്ചു ചീട്ടുകളി കാണുന്ന മുൻ മുഖ്യമന്ത്രിയെ. നഗരത്തിലെ ഫുട്പാത്തിലൂടെ ഓരം ചേർന്നു കിലോമീറ്ററുകളോളം നടന്നിരുന്ന തൂവെള്ള പ്രൗഢിയെ.

തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ കേരളീയനാണ് സി. അച്യുത മേനോൻ. 1969ലും 70ലും അദ്ദേഹം മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷം തൃശൂരിലും തിരുവനന്തപുരത്തുമായി എഴുത്തും വായനയും രാഷ്ട്രീയവുമായി അദ്ദേഹം ജീവിച്ചു. പാർട്ടി പദവികളിൽ നിന്നും മാറി നിൽക്കാൻ സ്വയം തീരുമാനിച്ചു.

ക്വിറ്റ് ഇന്ത്യ സമരം മുതൽ കമ്യൂണിസ്‌റ്റ് പാർട്ടി നിരോധനം വരെ പല സമയത്തും അദ്ദേഹം ജയിലിലായിരുന്നു. ഒരിടത്തുപോലും അദ്ദേഹം തന്റെ ത്യാഗജീവിതം പ്രസംഗിച്ചില്ല.

തൃശൂർ നഗരത്തിൽ ഇന്നും അദ്ദേഹത്തിനു പ്രതിമകളോ സ്മാരകങ്ങളോ ഇല്ല. 3 വർഷം മുൻപു പ്രതിമ സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചെങ്കിലും ഇപ്പോഴും സ്ഥലം അന്വേഷിച്ചു നടക്കുകയാണ്.

ഈ നഗരത്തിൽ ജനിച്ചു ജീവിച്ച കെ. കരുണാകരനും പഠിച്ച ഇഎംഎസിനും ഇവിടെ പ്രതിമയുണ്ട്.സ്മാരകവും പ്രതിമയും വേണ്ടെന്നു അച്യുതമേനോൻ പറഞ്ഞു എന്നതായിരുന്നു ഇതുവരെ സിപിഐ പറഞ്ഞിരുന്ന ന്യായം. എന്നാൽ ഇതിനു ആധികാരികമായ രേഖകൾ ഇല്ല.

അച്യുതമേനോൻ താമസിച്ചിരുന്ന സാകേതം എന്ന വീട് കോസ്റ്റ്ഫോർഡ് ഏറ്റെടുത്തു സ്മാരകമാക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ ലൈബ്രറിയും സെമിനാർ ഹാളും നിർമിക്കാനായി ഈ വീടു വിറ്റു. വീടു നിന്നിരുന്ന സ്ഥലത്തു കോൺഫറൻസ് ഹാൾ നിർമിക്കാൻ അനുമതി കിട്ടാത്തതിനാലായിരുന്നു ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com