ADVERTISEMENT

തൃശൂർ ∙ ബാപ്പയുടെ ഓർമ നെഞ്ചു തണുപ്പിക്കുന്ന കുടിവെള്ളമായി ഈ വേനലിലും ഒഴുകുന്നു. ബാപ്പയുടെ ഓർമയിൽ മകൻ മുടങ്ങാതെ വിതരണം ചെയ്യുന്നതു കുടിവെള്ളം. 12 വർഷമായി 4 ജില്ലകളിൽ മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്ന വലപ്പാട് സി.പി. മുഹമ്മദ് സ്മാരക ട്രസ്റ്റ് മകൻ ബാപ്പയ്ക്കു നൽകുന്ന സ്നേഹ സമ്മാനമാണ്. വലപ്പാട് ചന്ദന പറമ്പിൽ മുഹമ്മദ് ജീവിച്ച കാലമത്രയും കാരുണ്യത്തിന്റെ വഴിയിലൂടെയാണു നടന്നത്. 75 പേർക്കെങ്കിലും വീടുവച്ചു കൊടുത്തു. പലർക്കും സ്ഥലം കൊടുത്തു. എത്രയോ പേരെ പല ഘട്ടത്തിൽ സഹായിച്ചു. പുറംലോകത്തെ കഴിവതും അറിയിക്കാതെയായിരുന്നു ഇതെല്ലാം. 

മുഹമ്മദ് മരിച്ചതോടെ മകൻ സാലിഹിന്റെ നേതൃത്വത്തിലാണു ട്രസ്റ്റ് രൂപീകരിച്ചത്. മറ്റെല്ലാ സഹായവും തുടരുമ്പോഴും കുടിവെള്ള വിതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. തൃശൂരിന്റെ തീരദേശമായ വലപ്പാട് ഗ്രാമ പഞ്ചായത്തിൽ ടാങ്കറിൽ വെള്ളം വിതരണം ചെയ്തു കൊണ്ടു തുടങ്ങിയതാണ്. ഇപ്പോൾ എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിലായി ദിവസേന നൽകുന്നത് 1.5 ലക്ഷം ലീറ്റർ വെള്ളമാണ്. അതതു പ്രദേശത്തെ കുടിവെള്ള സ്രോതസ്സ് കണ്ടെത്തി പമ്പും ടാങ്കറുമെല്ലാം നൽകുകയാണു ചെയ്യുന്നത്.

തദ്ദേശ സ്വയംഭരണ വാർഡ് അംഗം വഴി മാത്രമാണു വെള്ളം നൽകുക. എല്ലാ ചെലവും ട്രസ്റ്റ് വഹിക്കും. പലയിടത്തും കുഴൽ കിണർ കുഴിച്ചു പമ്പും ടാങ്കും സ്ഥാപിച്ചു നൽകിയിട്ടുണ്ട്. അതു പരിപാലിക്കേണ്ടതു നാട്ടുകാരാണ്. വൈദ്യുത ബില്ലും ട്രസ്റ്റ് നൽകും. ടാങ്കറിൽ വെള്ളം വിതരണം തുടങ്ങിയ സ്ഥലത്തെല്ലാം വൈകാതെ വിവിധ സ്രോതസ്സുകൾ കണ്ടെത്തി സ്ഥിരം വിതരണ സൗകര്യം ട്രസ്റ്റ് ഏ‍ർപ്പെടുത്താറുണ്ട്. പൊതുകിണറുകൾ വൃത്തിയാക്കാനും സഹായിക്കും.

യുഎഇയിലെ ബിസിനസ് ഗ്രൂപ്പായ ആസായുടെ ചെയർമാനാണു സാലിഹ്. ഉമ്മയോളം പ്രായമുള്ള സ്ത്രീകൾ കുടിവെള്ളവും ചുമന്നു റോഡരികിലൂടെ നടക്കുന്ന കാഴ്ചയാണു തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നു സാലിഹ് പറഞ്ഞു. കുടിവെള്ള വിതരണത്തിനായി പ്രത്യേക ഓഫിസ് വലപ്പാടുണ്ട്. ഫോൺ: 94964 44555. 

Content Highlight: World Water Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com