ADVERTISEMENT

അത്താഴമോ (രാത്രി ഭക്ഷണം) മുത്താഴമോ (പുലർച്ചെയുള്ള ഭക്ഷണം) ഒന്നും അവളുടെ ഉമ്മയ്ക്ക് പതിവില്ല. അൽപം വണ്ണമുള്ളതു കൂടി കുറയ്ക്കാനുള്ളതെന്നാണ് നോമ്പുസമയം എന്നതായിരുന്നു ഉമ്മയുടെ കണക്കുകൂട്ടൽ. കാലങ്ങളായി അങ്ങനെയാണ് ഉമ്മ നോമ്പു നോൽക്കുന്നത്. ശരീരം മെലിഞ്ഞതിനു ശേഷവും ആ രീതി തന്നെയാണ് ഉമ്മ തുടരുന്നത്. അതായത് നോമ്പുതുറക്കുന്ന സമയത്തെ ഭക്ഷണം മാത്രമാണ് ഉമ്മ കഴിച്ചിരുന്നത്. വറുത്തതോ പഴവർഗങ്ങളോ ഒന്നും ഉമ്മയ്ക്ക് വേണ്ടിയിരുന്നില്ല. നല്ല ചോറും മോരും കറിയും ഉണക്കമീൻ വറുത്തതും അച്ചാറും കഴിച്ച് നോമ്പുതുറക്കുന്ന രീതി ഉമ്മയ്ക്ക് മാത്രമേ ഉണ്ടാകൂ എന്ന് അവളവരെ കളിയാക്കാറുമുണ്ട്. ഈ ഭക്ഷണശേഷം നന്നായി മധുരമിട്ടൊരു തരിക്കഞ്ഞിയും. അതായിരുന്നു ഉമ്മയുടെ രീതി. ഏതാണ്ട് അമ്പത് വയസ്സ് കഴിയും വരെയും അങ്ങനെ തന്നെയായിരുന്നു. 

ഉമ്മയ്ക്ക് അറുപതിനോടടുത്ത സമയമാണ്. ഒരു നോമ്പുകാലം. അടുക്കളയിൽ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെ ഉമ്മ വല്ലാതെ വിറച്ചു. ആ വിറയലിന് എന്താണു കാരണമെന്ന് ആർക്കുമറിയില്ലായിരുന്നു. തളർന്നു വീഴുമ്പോഴും നോമ്പുമുറിക്കാൻ  ഉമ്മ തയാറായതേയില്ല. ഒടുവിൽ ആശുപത്രിയിലെത്തി.   പരിശോധനകൾ നടത്തിയ ശേഷമാണ്് ഉമ്മയിലെ പ്രമേഹരോഗിയെ അവൾ തിരിച്ചറിയുന്നത്. ഇനി മധുരം കഴിക്കേണ്ട, മിഠായി കഴിക്കരുത് തുടങ്ങിയ ഒരു കൂട്ടം നിബന്ധനകൾ അവൾ പുറപ്പെടുവിച്ചെങ്കിലും ഉമ്മ അതൊന്നും കാര്യമായി അനുസരിച്ചതേയില്ല. 

പ്രമേഹം ഉണ്ടെന്നറിഞ്ഞതോടെ ഉമ്മ ഇനി നോമ്പു നോൽക്കേണ്ടെന്നു വീട്ടുകാരെല്ലാം പറഞ്ഞു നോക്കി. അതിനു ശേഷം പല നോമ്പു കടന്നുപോയി. ഉമ്മ നോമ്പു നോൽക്കാതിരിക്കാൻ തയാറായില്ല. കുറേ ആയുർവേദ മരുന്നുകളും അല്ലറചില്ലറ പൊടിക്കൈകളുമായി ഉമ്മ പ്രമേഹത്തെയും അക്കാലത്ത് നിയന്ത്രിച്ചിരുന്നു. എങ്കിലും നോമ്പുകാലമെത്തുമ്പോൾ അവളുടെ ഉള്ളിൽ ഒരാധി ഉയരും. പ്രമേഹ രോഗികൾ ഭക്ഷണം ഒഴിവാക്കരുതെന്ന് അവൾ പല തവണ പറഞ്ഞുനോക്കി. ഫലമുണ്ടായില്ല. ഉമ്മയുടെ പ്രമേഹത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ടായി. പിന്നീട് പ്രമേഹം അൽപം കൂടി നിൽക്കുമ്പോഴും നോമ്പൊഴിവാക്കാൻ ഉമ്മ തയാറായതേയില്ല. രോഗികൾക്ക് നോമ്പു നിർബന്ധമില്ല എന്നവൾ പറയുമ്പോഴെല്ലാം അതിന് പ്രമേഹമൊക്കെ ഞാനൊരു രോഗമായി കരുതിയിട്ടില്ല എന്ന് ഉമ്മ മറുപടി പറയും. 

അവളുടെ ഉമ്മയ്ക്കൊപ്പം മറ്റനേകം പ്രമേഹരോഗികളുടെ നോമ്പിനെ കുറിച്ചോർത്തും അവൾക്ക് വല്ലാതെ ആശങ്കയുണ്ടാകാറുണ്ട്. നോമ്പൊഴിവാക്കാൻ ഉമ്മ തയാറാവില്ലെന്ന് ഉറപ്പായതോടെ പിന്നെ ഓരോ നോമ്പിനും അവളാദ്യം ചെയ്യുന്നത് നല്ല ഒരു ഡോക്ടറുടെ നിർദേശം തേടുകയാണ്. നോമ്പുകാലത്തേക്ക് മരുന്നും ഭക്ഷണവുമെല്ലാം ഡോക്ടറുടെ സഹായത്തോടെ ക്രമീകരിച്ചാണ് ഇപ്പോൾ ഉമ്മ നോമ്പുനോക്കുന്നത്. അതുകൊണ്ടുതന്നെ അവൾക്കും പഴയ ആശങ്കയില്ല. പ്രമേഹരോഗമുള്ള നോമ്പുകാരേ, നിങ്ങളും ഡോക്ടറുടെ നിർദേശം തേടിയിട്ടുണ്ടല്ലോ അല്ലേ?

 

English Summary: Ramadan Fasting: Health and Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com