ADVERTISEMENT

ഉപ്പൂപ്പയുടെ അത്താഴം കഴിക്കൽ (പുലർച്ചെയുള്ള ഭക്ഷണം) കണ്ടിരിക്കാൻ തന്നെ നല്ല ചന്തമാണ്. അവളടക്കമുള്ള വീട്ടിലെ ന്യൂജെൻ പിള്ളേർക്ക് അതത്ര സുഖകരമല്ല. രുചിയില്ലെങ്കിൽ കൂടിയും ആസ്വദിച്ചുള്ള അദ്ദേഹത്തിന്റെ കഴിക്കൽ കാണാൻ തന്നെ നല്ല രസമാണ്. അത്താഴത്തിന് ചോറു തന്നെ വേണമെന്ന് ഉപ്പൂപ്പയ്ക്ക് നിർബന്ധമാണ്. നല്ല തൂവെള്ള ചോറ് അത്യാവശ്യം നന്നായിത്തന്നെ വേവണം. അതിനൊപ്പം നല്ല കുന്നൻപഴം ഉടച്ചു ചേർക്കണം. മുകളിൽ പപ്പടം കുഴച്ചു ചേർക്കണം. ചമ്രം പടിഞ്ഞിരുന്ന് ഉപ്പൂപ്പ അത് ഉരുട്ടിക്കഴിക്കുന്നതു കാണുമ്പോൾ ആ രുചിയോടുള്ള അനിഷ്ടം അവളിൽ മനംപുരട്ടൽ ഉണ്ടാക്കുമെങ്കിലും ആ ഉരുളയുരുട്ടലിന്റെ താളവും മറ്റും അവൾക്ക് കൗതുകമാണ്. കഴിച്ചു തീർന്നാൽ പൊതിഞ്ഞുവച്ച ജ്യോതി അച്ചാറിൽ ഒന്നു തൊട്ടുവായിൽ വച്ചാൽ ഉപ്പൂപ്പയുടെ അത്താഴം അവസാനിച്ചു. അത്താഴത്തിന് അവിലിൽ പഴം കുഴച്ചു തിന്നുമ്പോൾ അവൾ ഉപ്പൂപ്പയുടെ ആ ശീലം ഓർക്കാറുണ്ട്. 

കഴിക്കുന്നതിനൊപ്പം കഴിപ്പിക്കലിലും ഉപ്പൂപ്പ ശ്രദ്ധപതിപ്പിക്കാറുണ്ട്. ഓരോ ഉരുളയായി മക്കളുടെയും കൊച്ചുമക്കളുടെയും നേരെ നീട്ടും. ആ രുചിയോട് അവൾക്ക് അത്ര ഇഷ്ടമില്ലാതിരുന്നതിനാൽ അവൾ പലപ്പോഴും മുഖം തിരിച്ചു; അൽപം സങ്കടത്തോടെയെങ്കിലും. ഉപ്പൂപ്പയുടെ സ്നേഹത്തിന്റെ രുചിയാണതിനെന്ന് അവളേക്കാൾ മുതിർന്നവർ പലതവണ വാദിച്ചെങ്കിലും അവൾക്കെന്തോ ആ രുചി ഇഷ്ടപ്പെടാനായില്ല. ആ സങ്കടം അവൾ പങ്കുവച്ച ദിവസമാണ് ഉപ്പൂപ്പ ചോറിൽ നെയ്യും ചുവന്നുള്ളിയും വഴറ്റി ഉരുട്ടിത്തന്നത്. ആ രുചി ഇപ്പോഴും അവളുടെ നാവിലുണ്ട്. എത്ര തവണ തനിച്ചുണ്ടാക്കി നോക്കിയിട്ടും ആ രുചി തിരിച്ചുകിട്ടിയില്ല. ഉപ്പൂപ്പയുടെ സ്നേഹത്തിന്റെ രുചികൂടി ചേർന്നതിനാലാകാം. നോമ്പു തുറക്കുമ്പോൾ കാര്യമായി ഭക്ഷണം കഴിക്കാത്ത ഉപ്പൂപ്പയുടെ അത്താഴ റെസിപ്പി ഓർക്കാതെ ഒരു തവണ പോലും അവൾ പിന്നീട് അത്താഴം കഴിച്ചിട്ടില്ല. നോമ്പുതുറ വിഭവങ്ങളൊരുക്കാൻ വീട്ടുകാർ മത്സരിക്കുമ്പോഴെല്ലാം ഉപ്പൂപ്പ ഓർമിപ്പിക്കും, ഓരോ രുചിയും ഒരോർമയാകണം. അതിൽ നിറയെ സ്നേഹമുണ്ടാകണം. നോമ്പുകാലമാണ് സ്നേഹം വിളമ്പാൻ ഏറ്റവും നല്ലകാലം!

English Summary: Nombu kadha9, Ramadan Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com