ADVERTISEMENT

കൊല്ലം ∙ സി.അച്യുതമേനോന്റെ നേതൃത്വത്തിലുണ്ടായ വികസനനേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ, സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടിയുമായി സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ പുസ്തകം. സർക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ മൗനം പാലിക്കുന്നുവെന്ന ആക്ഷേപം നേരിടുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമുള്ള മറുപടിയാണിത്. 

അച്യുതമേനോൻ രൂപീകരിച്ച ശാസ്ത്ര– സാങ്കേതിക–പരിസ്ഥിതി വകുപ്പിന്റെ സുവർണ ജൂബിലി ചടങ്ങിൽ ഉത്തരവാദിത്തപ്പെട്ടവർ അച്യുതമേനോന്റെ പേരു പരാമർശിക്കാതിരുന്നത് അനുചിതവും കൃതഘ്നതയുമാണെന്ന് ‘സി.അച്യുതമേനോൻ– കേരളത്തിന്റെ വികസന ശിൽപി’ എന്ന പുസ്തകത്തിൽ പ്രകാശ് ബാബു വിമർശിക്കുന്നു. 

നേരത്തേ, ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതിന്റെ 50–ാം വാർഷികത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ അച്യുതമേനോന്റെ പേരു പറയാതിരുന്നതും വിവാദമായിരുന്നു. ജനാധിപത്യ സംവിധാനത്തിൽ ഐക്യമുന്നണി മന്ത്രിസഭയെ എങ്ങനെ നയിക്കണമെന്നതിനു മികച്ച മാതൃക അച്യുതമേനോൻ ആണെന്നു പുസ്തകം പറയുന്നു. 

കോൺഗ്രസുമായി കൂട്ടുചേർന്നു ഭരിച്ച കാലത്താണു വൻ വികസന പദ്ധതികൾ നടപ്പാക്കിയതെന്നു കോൺഗ്രസിനെ പരാമർശിക്കാതെ പുസ്തകം ചൂണ്ടിക്കാട്ടുന്നു. അച്യുതമേനോന്റെ ഭരണനേട്ടങ്ങളാണു കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ അടിസ്ഥാനശിലയായത്. ഇഎംഎസ് സർക്കാരിന്റെ വികസന നേട്ടങ്ങളെച്ചൊല്ലി അവകാശവാദങ്ങൾ ഉന്നയിക്കുന്ന സിപിഎമ്മിന് അംഗീകരിക്കാനാവാത്ത വാദമാണിത്. സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘നവകേരളത്തിനുള്ള വികസന കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിക്കുന്നതിനു വളരെ മുൻപ്, 1956 ൽ അച്യുതമേനോൻ പാർട്ടി സമ്മേളനത്തിൽ ‘ഐശ്വര്യപൂർണവും സമൃദ്ധവുമായ കേരളം’ എന്ന രേഖ അവതരിപ്പിച്ചുവെന്ന ഓർമപ്പെടുത്തലും പുസ്തകത്തിലുണ്ട്. 

അച്യുതമേനോനെ ഭരിക്കാൻ സമ്മതിക്കില്ലെന്ന വാശിയോടെയായിരുന്നു അന്നു പ്രതിപക്ഷത്തിന്റെ പ്രവർത്തനമെന്നും പുസ്തകം പറയുന്നു. ഇഎംഎസ് ആയിരുന്നു അന്നു പ്രതിപക്ഷ നേതാവ്. സിപിഐയിൽ കാനം– പ്രകാശ്ബാബു പക്ഷങ്ങളുടെ പോരു രൂക്ഷമായിരിക്കെയാണ്, സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുൻപ് അച്യുതമേനോന്റെ ചരമവാർഷിക ദിനമായ 16 ന് പുസ്തകം പുറത്തിറങ്ങുന്നത്. 

Content Highlight: C. Achuthamenon Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com