ADVERTISEMENT

കോലഞ്ചേരി ∙ കിറ്റെക്സ് എംഡിയും ട്വന്റി20യുടെ ചീഫ് കോ ഓർഡിനേറ്ററുമായ സാബു എം. ജേക്കബ്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് എന്നിവർ ഉൾപ്പെടെ 6 പേർക്കെതിരെ പട്ടികജാതി, വർഗ പീഡന നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ പി.വി. ശ്രീനിജിൻ എംഎൽഎയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ‌

അന്വേഷണ ഉദ്യോഗസ്ഥനായ പുത്തൻകുരിശ് ഡിവൈഎസ്പി ജി.അജയ്നാഥ് ഇന്നലെ വൈകിട്ട് മൂന്നിനു കോലഞ്ചേരിയിലെ എംഎൽഎ ഓഫിസിലെത്തിയാണു മൊഴി രേഖപ്പെടുത്തിയത്. എംഎൽഎ നൽകിയ പരാതിയുമായി ബന്ധപ്പെട്ടു ചില രേഖകൾ കൂടി ഹാജരാക്കാൻ പൊലീസ് നിർദേശിച്ചു. ലഭ്യമായ രേഖകളുടെ പരിശോധനയ്ക്കു ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷി ഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷ ചടങ്ങിൽ എംഎൽഎ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വേദി വിട്ടിറങ്ങി സദസ്സിൽ ഇരുന്നതാണു കേസിനാസ്പദമായ സംഭവം. ജാതി വിവേചനമാണിതെന്നു ചൂണ്ടിക്കാട്ടി സെപ്റ്റംബർ രണ്ടിനാണ് പുത്തൻകുരിശ് പൊലീസിൽ എംഎൽഎ രേഖാമൂലം പരാതി നൽകിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കാൻ താമസിച്ചതാണു പരാതി വൈകാനിടയാക്കിയതെന്ന് എംഎൽഎ പറഞ്ഞു. 

നോട്ടിസിൽ ഉദ്ഘാടകനായി പേരു വച്ചതിനാലാണു പരിപാടിക്കു പോയത്. ട്വന്റി20 ഭരിക്കുന്ന 4 പഞ്ചായത്തുകളിൽ 3 ഇടത്തും ഇത്തരം അനുഭവം ഉണ്ടായില്ല. ഒന്നര വർഷമായി ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ തനിക്കു സാമൂഹിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ട്വന്റി20 ഭരിക്കുന്ന പഞ്ചായത്തുകൾ നിരാക്ഷേപപത്രം (എൻഒസി) നൽകാത്തതിനാൽ പല വികസന പദ്ധതികളും മുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

English Summary: P.V. Sreenijin statement recorded in case against Sabu M Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com