ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ ഉപഭോഗമുള്ള സംസ്ഥാനമെന്ന നിലയ്ക്കു കേരളത്തിന് ആവശ്യമുള്ളവ പരമാവധി ഇവിടെ ഉൽപാദിപ്പിക്കുക എന്ന ആശയമാണ് ബജറ്റിൽ പ്രഖ്യാപിച്ച ‘മേയ്ക് ഇൻ കേരള’. എന്നാൽ ഉൽപാദന സൗകര്യമൊരുക്കുന്നതിൽ സർക്കാരിന് ഇപ്പോൾ കാര്യമായ പദ്ധതികളില്ല. മേയ്ക് ഇൻ കേരള വഴി വ്യാപാരക്കമ്മി കുറയ്ക്കുകയാണു ലക്ഷ്യമെങ്കിൽ വലിയ മാനുഫാക്ചറിങ് യൂണിറ്റുകൾ ആരംഭിക്കുകയോ, നിലവിലുള്ളവയെ പതിൻമടങ്ങു പ്രോത്സാഹിപ്പിക്കുകയോ വേണം. ഇൻസെന്റീവുകളാണ് അതിനുള്ള മാർഗം. എന്നാൽ പുതിയ വ്യവസായ നയത്തിൽ ഇൻസെന്റീവുകൾ അധികവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണ് (എംഎസ്എംഇ) നീക്കിവച്ചിരിക്കുന്നത്.

വലിയ സംരംഭങ്ങൾക്ക് 10 കോടി രൂപവരെ മൂലധന സബ്സിഡി, അഞ്ചു വർഷത്തേക്കു ജിഎസ്ടി കിഴിവ്, ആറുമാസത്തേക്ക് അപ്രന്റിസ്ഷിപ് തുകയുടെ 50%, ഭൂമി തരംമാറ്റ ചാർജിൽ കിഴിവ് എന്നിവയാണുള്ളത്. ഇതു മോശമല്ലെങ്കിലും മേയ്ക് ഇൻ കേരള എന്ന വലിയ ലക്ഷ്യത്തിലേക്കു മതിയാകില്ല. എംഎസ്എംഇകളുടെ കാര്യമെടുത്താൽ, 10 മാസം കൊണ്ട് 1,26,284 സംരംഭങ്ങൾ, 2,72,024 തൊഴിൽ, 7,639 കോടി രൂപ നിക്ഷേപം എന്നാണ് അവകാശവാദം. എന്നാൽ ഒരു സംരംഭത്തിന്റെ ശരാശരി നിക്ഷേപം 6.05 ലക്ഷം രൂപ മാത്രം. ശരാശരി തൊഴിൽ 2.15.  മിക്ക സംരംഭത്തിലും ഈ രണ്ടു തൊഴിലുകളിൽ ഒന്ന് സംരംഭകന്റേതാണ്. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് എങ്ങനെ ഓരോ മേഖലയിലെയും വലിയ വ്യാപാരക്കമ്മി നികത്താനാകുമെന്ന ചോദ്യമുണ്ട്. മാനുഫാക്ചറിങ് മേഖലയിലുള്ളതു ചുരുക്കവുമാണ്. 

റിയൽ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം മുന്നേറുന്നതിന്റെ പ്രധാന ഗുണഭോക്താക്കളും ഇതര സംസ്ഥാനങ്ങളാണ്. സിമന്റും സെറാമിക്സും ഉൾപ്പെടെയുള്ളവ പുറത്തുനിന്ന് അധികമായെത്തുന്നു. 

ഉയർന്ന മൂല്യമുള്ള ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു കേരളം കടക്കേണ്ടിവരും. വലിയ മാനുഫാക്ചറിങ് വ്യവസായങ്ങൾ വേണ്ട എന്ന ഇടതുമുന്നണി നയത്തിൽ പുനർവിചിന്തനം വേണ്ടിവരും. ഐടിയും ടൂറിസവും ബയോടെക്നോളജിയുമാണു കേരളത്തിനു യോജിച്ച വ്യവസായങ്ങളെന്നാണ് ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ പോലുമുള്ളത്.

കേരളത്തിലെത്തുന്ന ഉൽപന്നങ്ങൾക്ക് 1.28 ലക്ഷം കോടി

ബജറ്റ് പ്രസംഗത്തിൽ മന്ത്രി ഉദ്ധരിച്ച സിഡിഎസ് റിപ്പോർട്ട് പ്രകാരം, 2021–22ൽ കേരളത്തിലേക്ക് 1.28 ലക്ഷം കോടിയുടെ ഉൽപന്നങ്ങളെത്തുന്നു. 92% മറ്റു സംസ്ഥാനങ്ങളിൽനിന്ന്. കേരളത്തിന്റെ കയറ്റുമതി 74000 കോടിയുടേത്. ഇതിൽ 70% മറ്റു സംസ്ഥാനങ്ങളിലേക്ക്. എന്നാൽ കോവിഡിനു തൊട്ടുമുൻപ് 2020ൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേരളത്തിന്റെ വ്യാപാരക്കമ്മി ഏകദേശം ഒരുലക്ഷം കോടി രൂപയുടേതാണ്. ജിഎസ്ഡിപിയിലേക്കു കേരളത്തിന്റെ മാനുഫാക്ചറിങ് മേഖലയുടെ സംഭാവന 9.5% മാത്രവുമാണ്.

English Summary: Kerala budget 2023: Make in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com