ADVERTISEMENT

തിരുവനന്തപുരം ∙ പെട്രോൾ–ഡീസൽ സെസും ഭൂമി ന്യായവിലവർധനയും ബജറ്റിലൂടെ അടിച്ചേ‍ൽപിച്ച ദിവസംതന്നെ പരസ്യപ്രഖ്യാപ‍നമില്ലാതെ വാട്ടർ ചാർജ് കൂട്ടി. ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാ‍രിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ, വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി. മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിനു പുതിയ നിരക്ക് കണക്കാക്കിയുള്ള ബിൽ ആകും അടുത്തമാസം ലഭിക്കുക. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. പുതിയ നിരക്കു പ്രകാരം 1000 ലീറ്ററിന് 10 രൂപ കൂടും. എല്ലാ വിഭാഗം ഉപയോക്താക്കൾക്കും നിരക്ക് കൂടും. നിരക്കുവർധനയുടെ തുടർനടപടിക്രമങ്ങൾ സംബന്ധിച്ച് ജല അതോറിറ്റി ഉടൻ ഉത്തരവിറക്കും. അപ്പോഴേ പുതിയ നിരക്കിനെക്കുറിച്ചു വ്യക്തത കിട്ടൂ. ജല അതോറിറ്റി സോഫ്റ്റ്‌വെയറിൽ പുതുക്കിയ താരിഫ് അപ്ഡേറ്റ് ചെയ്യുന്ന ജോലി ഒരാഴ്ചയ്ക്കകം പൂർത്തിയാകും.

നിരക്കുവർധന മന്ത്രിസഭായോഗം ചർച്ച ചെയ്തിട്ടില്ല. ജല അതോറിറ്റിക്കു തീരുമാനമെടുക്കാവുന്ന വിഷയമാണെന്നും മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടതില്ലെന്നും ജലവിഭവ വകുപ്പ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വാട്ടർ ചാർജ് വർധന നേരത്തേ പ്രാബല്യത്തിലാക്കിയതെന്നു സൂചനയുണ്ട്. വർഷം 401 കോടി രൂപ അധികവരുമാനമാണ് ജല അതോറിറ്റിയുടെ ലക്ഷ്യം.

 

200– 400 രൂപ കൂടും

പുതിയ നിരക്കിൽ വിവിധ സ്ലാബുകളിലായി ഒരു കുടുംബം ശരാശരി 200 – 400 രൂപയാകും അധികം നൽകേണ്ടി വരിക; ഇപ്പോഴ‍ത്തേതിന്റെ മൂന്നിരട്ടി. നാലംഗ കുടുംബ മാസം ശരാശരി 15,000 – 20,000 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. മാസം 5,000 ലീറ്റർ വരെ മിനിമം താരി‍ഫ് 22.05 രൂപയായിരുന്നത് ഇനി 72.05 രൂപയാകും. വെള്ളം ഉപയോഗിച്ചില്ലെങ്കിൽപോലും പ്രതിമാസം 5000 ലീറ്റർ ഉപയോഗിക്കുന്നതായി കണക്കാക്കി മിനിമം ചാർജ് അടയ്ക്കണം. 5000 ലീറ്ററിനു മുകളിൽ വരുന്ന ഓരോ 1000 ലീറ്ററിന്റെ ഉപയോഗത്തിനും 4.41 രൂപയാണ് നിലവിലെ പ്രതിമാസ നിരക്ക്. ഇനി ഇത് 14.41 രൂ‍പയാകും.

 

സഭയിൽ ഇന്ന് ‘ഇന്ധനം’ കത്തിക്കാൻ പ്രതിപക്ഷം

 

തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് വെട്ടിക്കുറയ്ക്കാൻ സർക്കാരിനുമേൽ കടുത്ത സമ്മർദം നിലനിൽക്കെ നിയമസഭയിൽ ബജറ്റ് ചർച്ചകൾ ഇന്ന് ആരംഭിക്കുന്നു. സെസിനോടുള്ള പ്രതിഷേധത്തിന്റെ ഇന്ധനം നിറച്ചാകും പ്രതിപക്ഷം എത്തുക. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം രൂക്ഷമാക്കാനാണു തീരുമാനം.

കേന്ദ്ര നയങ്ങൾ ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിന്റെ പ്രതിരോധം. സെസിനെ എതിർക്കുമ്പോൾ സാമൂഹികസുരക്ഷാ പെൻഷൻ മുടങ്ങുമെന്ന വാദവും ഉയർത്തും. ഇന്നുമുതൽ മൂന്നു ദിവസം ബജറ്റിന്മേലും വ്യാഴാഴ്ച ഉപധനാഭ്യർഥന സംബന്ധിച്ചുമാകും സഭയിലെ ചർച്ച. ബുധനാഴ്ച ധനമന്ത്രി മറുപടി പറയുമ്പോൾ സെസ് കുറയ്ക്കുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. അതുവരെ സഭാ സ്തംഭനത്തിലേക്കു നീങ്ങണോ, അതോ സമ്മേളന നടപടികളോടു സഹകരിച്ചുതന്നെ സഭയിൽ പോർമുഖം തുറക്കണോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇന്നു രാവിലെ തീരുമാനമെടുക്കും.

 

രേഖ നൽകാത്തവർക്ക് അടുത്തമാസം മുതൽ ക്ഷേമ പെൻഷൻ ഇല്ല

തിരുവനന്തപുരം ∙ സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർ അടുത്തമാസം പദ്ധതിയിൽനിന്നു പുറത്താകും. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കർശനമായി പാലിക്കാനാണു തീരുമാനം.

സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 28 ആണ്. മാസം 1600 രൂപ പെൻഷൻ നിലവിൽ 52.21 ലക്ഷം പേർക്കാണു ലഭിക്കുന്നത്. സ്വന്തമായുള്ള ഭൂമിയുടെ വിസ്തൃതി ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾപ്രകാരം പല ഘട്ടങ്ങളിലായി ഒട്ടേറെപ്പേരെ ഒഴിവാക്കിയിരുന്നു. സാമ്പത്തികഭാരം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും അർഹരായവർക്കു മാത്രം പെൻഷൻ എന്നതാണ് ഏതാനും വർഷമായി സർക്കാരിന്റെ നിലപാട്. പെൻഷനു പണം കണ്ടെത്തുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് വിവാദമായിരിക്കെയാണ് പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള ശ്രമം.

 

 

English Summary: Water charge hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com