ADVERTISEMENT

കൊച്ചി ∙ കെഎസ്ആർടിസിയിൽ നിന്നു ഡിസംബർ 31 വരെ വിരമിച്ചവരിൽ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കിട്ടാനുള്ള 978 പേർക്ക് ഒരു ലക്ഷം രൂപ രണ്ടു ഗഡുക്കളായി നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകി. മാർച്ച് 31നകം ഇവർക്ക് ഒരു ലക്ഷം രൂപ വീതം നൽകണമെന്നുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവാണു കെഎസ്ആർടിസിയുടെ അപ്പീലിൽ ജസ്റ്റിസ് എസ്.വി.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി ചെയ്തത്.

ജൂൺ ഒന്നിനും ജൂലൈ ഒന്നിനും 50,000 രൂപ വീതം നൽകാനാണ് അനുമതി. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനുള്ള പ്രത്യേക കോർപസ് ഫണ്ട് ഏപ്രിൽ മുതൽ പുനഃസ്ഥാപിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഡിവിഷൻബെഞ്ച് ഇതിന് ജൂലൈ 4വരെ സമയം നീട്ടി നൽകി. എന്നാൽ സമയം മാത്രമാണു നീട്ടി നൽകിയതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലെ നിർദേശങ്ങൾ ഒരു തരത്തിലും ലഘൂകരിച്ചിട്ടില്ലെന്നും  ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്ന മുൻ ഉത്തരവു പുനഃപരിശോധിക്കാൻ കെഎസ്ആർടിസി നൽകിയ റിവ്യൂ ഹർജിയിൽ ഫെബ്രുവരി 16നു പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിൽ ആവശ്യപ്പെട്ടിരുന്നത്. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും ശമ്പള, ഡീസൽ ചെലവുകൾ കൂടിയതും പരിഗണിക്കാതെയുള്ള നിർദേശം പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി അപ്പീൽ നൽകിയത്. റിവ്യൂ ഹർജിയുടെ പരിധി മറികടന്ന് ഉത്തരവിറക്കി എന്നായിരുന്നു ആക്ഷേപം. അപ്പീൽ ജൂലൈ 3ന് വീണ്ടും പരിഗണിക്കും..

English Summary : Two lakh for KSRTC retired  as 2 installment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com