ADVERTISEMENT

തിരുവനന്തപുരം∙ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ കുരുക്കാൻ പഴയ ബാർ കോഴക്കേസ് പൊടിതട്ടിയെടുക്കാൻ സർക്കാർ. മുൻ മന്ത്രി കെ.എം.മാണികൂടി ഉൾപ്പെട്ട 2014ലെ ബാർ കോഴക്കേസിൽ ബിജു രമേശ് 2019ൽ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുഡി എഫ് നേതാക്കളും മുൻ മന്ത്രിമാരുമായ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണത്തിനൊരുങ്ങുന്നത്. ‘പുനർജനി’ കേസിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മോൻസൻ മാവുങ്കലിന്റെ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമെതിരെയുള്ള അന്വേഷണത്തിനു പിന്നാലെയാണ് ചെന്നിത്തലയ്ക്കെതിരെയും തിരിയുന്നത്.

ബാറുടമകളിൽനിന്നു പണം പിരിച്ച് ഒരു കോടി വീതം മൂന്നുപേർക്കും നൽകിയെന്നാണു ബിജു രമേശിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡി.രാജ്കുമാർ ഉണ്ണി, വൈസ് പ്രസിഡന്റ് പി.എൻ.കൃഷ്ണദാസ് എന്നിവരെ മൊഴിയെടുക്കാൻ വിജിലൻസ് ഇന്നലെ നോട്ടിസയച്ചു വരുത്തി. വിജിലൻസ് തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് 2ന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ബിജു രമേശിന്റെ 164 പ്രകാരമുള്ള മൊഴിയുടെ വിവരങ്ങൾ ഇവരോടു ചോദിച്ചു. രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കു പണം നൽകിയപ്പോൾ ഈ രണ്ടുപേരും ഉണ്ടായിരുന്നുവെന്നാണ് ബിജു രമേശിന്റെ മൊഴി. 2014ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി കേരളത്തിൽ 418 ബാറുകൾ തുറക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടെന്നതാണ് ആദ്യത്തെ കേസ്. ഇതിലാണ് ആദ്യം വിജിലൻസ് അന്വേഷണം നടന്നത്. ഇന്നലെ രാജ്കുമാർ ഉണ്ണിയോടും കൃഷ്ണദാസിനോടും മാണിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചു ചോദിച്ചില്ലെന്നാണ് അറിവ്.

രാഷ്ട്രീയനേതാക്കൾക്കു നൽകാൻ ബാറുടമകളിൽനിന്ന് 27.79 കോടി പിരിച്ചെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. സംസ്ഥാനത്ത് അന്നുണ്ടായിരുന്ന ഏകദേശം 800 ബാറുകളിൽ 400 ബാറുകളുടെ ഉടമകളിൽനിന്നു മാസവരിയായി 6000 രൂപ വീതം പിരിച്ചതല്ലാതെ മറ്റു പിരിവൊന്നും നടത്തിയിട്ടില്ലെന്നാണ് അന്ന് അസോസിയേഷൻ‍ പ്രസിഡന്റായിരുന്ന രാജ്‌കുമാർ ഉണ്ണി ഇന്നലെ വിജിലൻസിനോടു പറഞ്ഞത്. അതിന്റെ വരവുചെലവ് അസോസിയേഷൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ബാറുടമകളുടെ സംഘടനയിൽനിന്നു ചെന്നിത്തലയും കെ.ബാബുവും വി.എസ്.ശിവകുമാറും തുക കൈപ്പറ്റിയിട്ടില്ലെന്നും രാജ്കുമാർ ഉണ്ണി വിജിലൻസിനു മൊഴി നൽകി. ഈ നേതാക്കൾ അസോസിയേഷനോടു സംഭാവന ആവശ്യപ്പെടുകയോ അങ്ങോട്ടു കൊടുക്കുകയോ ചെയ്തിട്ടില്ല. പണം കൊടുത്തുവെന്ന് ബിജു രമേശ് പറയുന്ന സമയത്ത് താനായിരുന്നു പ്രസിഡന്റ് എന്നും തന്റെ അറിവിൽ ഇങ്ങനെ പണം നൽകിയിട്ടില്ലെന്നുമാണു മൊഴി.

English Summary: Kerala Government attempt to target Ramesh Chennithala and other leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com