ADVERTISEMENT

ന്യൂഡൽഹി ∙ ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ, കേസിൽ ജേക്കബ് തോമസ് അന്വേഷണം നേരിടേണ്ടി വരും. അന്വേഷണത്തോടു സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ ജേക്കബ് തോമസിനെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്നു സർക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അനുമതി നൽകിയില്ല. 

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണു വിജിലൻസ് കേസെടുത്തത്. 2021 നവംബറി‍ൽ ഹൈക്കോടതി കേസ് റദ്ദാക്കി. 3 സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഡ്രജർ വാങ്ങിയത്. അതിനാൽ ഒരാൾക്കെതിരെ മാത്രം കേസ് നിലനിൽക്കില്ല എന്നു ഹൈക്കോടതി നിരീക്ഷിച്ചു. 

ഈ വാദം ജേക്കബ് തോമസിന്റെ അഭിഭാഷകൻ എ.കാർത്തിക് സുപ്രീം കോടതിയിലും ഉന്നയിച്ചു. അന്വേഷണത്തിന്റെ പേരിൽ പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും അറിയിച്ചു. എന്നാൽ, ഇടപാടുമായി ബന്ധപ്പെട്ടവരുടെയെല്ലാം പങ്ക് അന്വേഷിക്കാനാണ് നിർദേശിക്കുന്നതെന്നു കോടതി പറഞ്ഞു. 

അന്വേഷണത്തിലേക്കു കടക്കാതെ കേസ് റദ്ദാക്കിയ നടപടിയോടു യോജിക്കാനാകില്ലെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ സത്യൻ നരവൂരും കേരള സർക്കാരുമാണു സുപ്രീം കോടതിയെ സമീപിച്ചത്. 

English Summary : Permission to investigate against Jacob Thomas on Dredger corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com