ADVERTISEMENT

തിരുവനന്തപുരം ∙ ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിയുടെ സ്നേഹവായ്പാണ് ഈ ഉജ്വല വിജയത്തിന്റെ ആധാരമായ ഘടകം. ഒപ്പം പിണറായി സർക്കാരിനോടുള്ള രോഷപ്രകടനം കൂടിയായപ്പോൾ മണ്ഡല ചരിത്രത്തിലെ റെക്കോർഡും കടന്ന് ഭൂരിപക്ഷം കുതിച്ചു. 

തൃക്കാക്കരയ്ക്കു പിന്നാലെ പുതുപ്പള്ളിയിൽകൂടി ആധികാരിക വിജയം നേടിയതോടെ മധ്യകേരളത്തിൽ കോൺഗ്രസ് തലയുയർത്തുകയാണ്. പുതുപ്പള്ളിയിൽ ഘടകകക്ഷികൾക്കു കാര്യമായ വോട്ടില്ല. പോൾ ചെയ്ത 1.31 ലക്ഷത്തിൽ എൺപതിനായിരത്തിലേറെ വോട്ട് ഒരു നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നേടിയെങ്കിൽ അതു കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞു പോയ കോൺഗ്രസല്ല. ലഭ്യമായ കണക്കുകൾപ്രകാരം പുതുപ്പള്ളിയിലെ 182 ബൂത്തുകളിൽ ഒരേയൊരു ബൂത്തിലാണ് എൽഡിഎഫിനു ലീഡ്. എട്ടിൽ ആറു പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും കൈവശം വച്ചിരിക്കുന്ന എൽഡിഎഫിനെ ഞെട്ടിപ്പിക്കുന്നതാണിത്. 

കോൺഗ്രസ് ഊന്നിപ്പറയുന്നതു സർക്കാരിനോടുള്ള ജനവിദ്വേഷത്തെക്കുറിച്ചാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടു വ്യക്തമാക്കേണ്ട വാർത്തകളിലെ അദ്ദേഹത്തിന്റെ അവഗണന നിറഞ്ഞ മൗനം വോട്ടർമാരെ കാര്യമായി സ്വാധീനിച്ചെന്നു കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. നടുവൊടിക്കുന്ന നികുതിവർധനയ്ക്കും വിലക്കയറ്റത്തിനും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനത്തിനും ജനം നെഗറ്റീവ് മാർക്ക് നൽകിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

യുഡിഎഫ് സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ നേതാക്കൾ പറയാൻ വിട്ടുപോയ കാര്യങ്ങൾ സദസ്സ് പൂരിപ്പിക്കുന്ന നിലയുണ്ടായെന്നും അതിൽനിന്ന് ഊർജം ഉൾക്കൊണ്ട് സർക്കാർവിരുദ്ധ വികാരം പ്രയോജനപ്പെടുത്താൻ എല്ലാ ആയുധവുമെടുത്തു പ്രയോഗിച്ചെന്നും കോൺഗ്രസ് വിലയിരുത്തുന്നു. കെ.എം.മാണിയുടെ പാലാ എൽഡിഎഫിന് അട്ടിമറിക്കാമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന സിപിഎം കേന്ദ്രങ്ങളിലെ അടക്കംപറച്ചിൽ മനസ്സിലാക്കിയും ഗൗരവം ഉൾക്കൊണ്ടുമാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. 

കേരള കോൺഗ്രസിനു വോട്ടുണ്ടെന്ന് അവകാശപ്പെടുന്ന മണ്ഡലത്തിൽ അവർകൂടി മുന്നണിയുടെ ഭാഗമായിട്ടും 2016 നെ അപേക്ഷിച്ചുപോലും ഇടതുമുന്നണിക്കു വോട്ടു കുറയുകയാണ് ചെയ്തത്. കേരള കോൺഗ്രസ് സ്വാധീന പഞ്ചായത്തുകളിൽ മന്ത്രി റോഷി അഗസ്റ്റിനും മറ്റും തുടർച്ചയായി ഇറങ്ങിയിട്ടും ചലനമുണ്ടായില്ല. ആ പാർട്ടിയും മുന്നണിയിൽ കരുത്ത് ബോധ്യപ്പെടുത്താൻ പാടുപെടും.

English Summary : Huge majority as a warning to CPM and the kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com