ADVERTISEMENT

തിരുവനന്തപുരം ∙ പുതുപ്പള്ളിയിലെ കനത്ത തോൽവി സർക്കാരിനെതിരായ വികാരപ്രകടനമോ താക്കീതോ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് ഇത് ഒരു ആഘാതവുമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സർക്കാരിന്റെ വിലയിരുത്തലാകും ഉപതിര‍ഞ്ഞെടുപ്പെന്നു പറഞ്ഞത് അബദ്ധമായി തോന്നുന്നില്ല. ഉമ്മൻ ചാണ്ടിയെപ്പോലൊരാളുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ സഹതാപതരംഗം ആഞ്ഞടിക്കുമ്പോൾ സർക്കാരിനെ പറഞ്ഞിട്ടു കാര്യമില്ല. എന്നാലും ഇത്ര വലിയ പരാജയം പാർട്ടിക്ക് ഉണ്ടാകേണ്ടിയിരുന്നില്ല. പക്ഷേ, മണ്ഡലത്തിൽ എൽഡിഎഫിന്റെ അടിത്തറയിൽ കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. 

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു ലഭിച്ച 36,667 വോട്ടാണ് അടിസ്ഥാനമായുള്ളത്.സർക്കാരിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ നല്ലപോലെ ചർച്ച ചെയ്തതുകൊണ്ടാണ് അടിത്തറ നിലനിർത്താനായത്. അല്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? 12,000 വോട്ട് എൽഡിഎഫിനു കുറഞ്ഞെന്നു പറയുന്നത് കഴിഞ്ഞ പ്രാവശ്യത്തെ കണക്ക് അടിസ്ഥാനമാക്കിയാണ്.  ബിജെപിക്കു വലിയ വോട്ടുചോർച്ചയുണ്ടായിട്ടുണ്ട്.   വിവാദങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മൗനത്തിനുള്ള മറുപടിയാണോ തിരഞ്ഞെടുപ്പുഫലമെന്ന ചോദ്യത്തിന് ഇഷ്ടമുള്ളപോലെ വിലയിരുത്താമെന്നായിരുന്നു  ഗോവിന്ദന്റെ മറുപടി.

ഗോവിന്ദൻ സെപ്റ്റംബർ 2ന് പാമ്പാടിയിൽ പറഞ്ഞത്

പുതുപ്പള്ളിഫലം സർക്കാരിനെ സംബന്ധിച്ചുള്ള വിലയിരുത്തലാകും. വിവാദങ്ങളുടെ വിലയിരുത്തലുമാകും

പരിശോധിക്കണം, പാർട്ടി തിരുത്തണം: എം.എ.ബേബി 

തിരുവനന്തപുരം ∙ പരാജയം പരാജയം തന്നെയാണെന്നും അതിനെ എല്ലാ ഗൗരവത്തിലും അംഗീകരിക്കുന്നതായും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.േബബി. തോൽവി അപ്രതീക്ഷിതമല്ല. പക്ഷേ, വോട്ടിങ്ങിലെ ഈ വലിയ അന്തരം എങ്ങനെയുണ്ടായി എന്നു സൂക്ഷ്മമായി പരിശോധിക്കണം. പാർട്ടിയും എൽഡിഎഫും ആവശ്യമായ പരിശോധനകളും തിരുത്തലും നടത്തും. പുരോഗമനവാദികളുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമായിത്തന്നെ മുന്നോട്ടുപോകുമെന്ന് സമൂഹമാധ്യമത്തിൽ ബേബി കുറിച്ചു. 

English Summary : MV Govindan said yesterday, puthuppally election result is not against kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com