ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായ 2 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിൽ ഉയരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി വിവാദങ്ങളുടെയും ആക്ഷേപങ്ങളുടെയും ഭാരം എങ്ങനെ ഇറക്കിവയ്ക്കാൻ കഴിയുമെന്ന ചർച്ചയും ഇതോടെ തുടങ്ങി. മാറ്റങ്ങൾ ഉണ്ടാകുമെന്നു നേതാക്കൾ സൂചിപ്പിക്കുമ്പോൾ എല്ലാ കണ്ണുകളും മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണ്.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാർട്ടിയുടെ കണക്കുകൂട്ടലുകൾ പൂർണമായി പിഴച്ചു. തൃക്കാക്കരയിൽ സ്ഥാനാർഥിനിർണയം തൊട്ട് തിരഞ്ഞെടുപ്പ് പ്രവർത്തനം വരെ വിമർശന വിധേയമായതോടെ സംസ്ഥാന നേതൃത്വത്തിന് അന്വേഷണ കമ്മിഷനെ നിയോഗിക്കേണ്ടി വന്നിരുന്നു. എന്നാൽ, പുതുപ്പള്ളിയിൽ മണ്ഡലം കേന്ദ്രീകരിച്ചുള്ള സംഘടനാപരമായ പരിശോധനയെന്ന ആവശ്യമല്ല ഉയരുന്നത്. വൻ തിരിച്ചടിക്കു വഴിവച്ച രാഷ്ട്രീയ കാരണങ്ങളുടെ പരിശോധന ഉണ്ടാകുമെന്ന സൂചനകളാണു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും നടത്തിയ പ്രതികരണങ്ങളിൽ അടങ്ങുന്നത്. 

സർക്കാരിനും തനിക്കും എതിരെ ഉയരുന്ന ആക്ഷേപങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയിൽ ചർച്ചാവിഷയമായിരുന്നുവെങ്കിൽ, പുതുപ്പള്ളിയിലെ തോൽവിയോടെ അസംതൃപ്തി കനത്തു. മാധ്യമങ്ങളെ പിണറായി കണ്ടിട്ട് 200 ദിവസത്തിലേറെയായി. കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ കാലത്തും ഇത്രയും ദീർ‍ഘമായ ഇടവേള ഉണ്ടായിട്ടില്ല. മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതു ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണു മുഖ്യമന്ത്രിമാർ പൊതുവിൽ കണ്ടിരുന്നത്.

മകളെ കേന്ദ്രീകരിച്ചുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയാഞ്ഞതോടെ പുതുപ്പള്ളിയിൽ വോട്ടു ചോദിച്ചു പോയ പാർട്ടിക്കാർക്കും അതിനു കഴിയാതെ പോയി. ഓരോ പ്രശ്നത്തിലും നേതൃത്വം നിലപാട് വ്യക്തമാക്കുന്നതു താഴെ പാർട്ടിക്കാർക്കു കൂടി ആ വസ്തുതകൾ വിശദീകരിക്കാൻ വേണ്ടിയാണ്. എന്നാൽ, വിവാദ വിഷയങ്ങൾ ഒഴിവാക്കിയുള്ള ചർച്ചകളാണ് ഇപ്പോൾ നേതൃയോഗങ്ങളിൽ വരെ നടക്കുന്നത്. പുതുപ്പള്ളിയിൽ പോളിങ് കുറഞ്ഞതോടെ ഒരു പക്ഷേ 3000 വോട്ടിൽ താഴെയുള്ള വിജയം, തോൽക്കുന്നെങ്കിൽ 10,000 വോട്ടിൽ താഴെ എന്നായിരുന്നു സിപിഎമ്മിന്റെ ഒടുവിലത്തെ വിശകലനം. പക്ഷേ, ഒരേ പാറ്റേണിൽ ജനങ്ങൾ എൽഡിഎഫിനെതിരെ വിധിയെഴുതുന്നതാണ് 8 പഞ്ചായത്തുകളിലും കണ്ടത്. 

ആ പാറ്റേണിലും എൽഡിഎഫ്–യുഡി എഫ് വോട്ടിന്റെ വലിയ അന്തരത്തിലും സഹതാപ തരംഗത്തിനപ്പുറം ചില ഘടകങ്ങൾ ഉണ്ടെന്ന വിചാരം സിപിഎമ്മിലുണ്ട്. സർക്കാരിനെ ഗ്രസിച്ച സാമ്പത്തികപ്രതിസന്ധി അതിൽ ഒന്നാണെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്. മറ്റെന്തെല്ലാം എന്നതു സംബന്ധിച്ചു തുറന്ന ചർച്ച നടക്കുമോ എന്നു വരും ദിവസങ്ങൾ വ്യക്തമാക്കും. നേരത്തേ നിശ്ചയിച്ചതനുസരിച്ച് കോട്ടയം ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ഇന്നലെ ചേർന്നെങ്കിലും തോൽവിയുടെ പരിശോധനയിലേക്കു കടന്നില്ല.

English Summary : CPM  demands correction in Kerala government and in party 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com