ADVERTISEMENT

നിയമസഭയുടെ അധ്യക്ഷൻ മാത്രമല്ല, പരമാധികാരി കൂടിയാണ് സ്പീക്കർ. പക്ഷേ എ.എൻ.ഷംസീറിന് ഒരു സന്ദേഹം. ‘ഗാലറിയിരുന്നു കളി കാണുന്ന ആളായി’ ചിലർ തന്നെ കാണുന്നോ? മനസ്സിലുള്ളതു മറച്ചുവയ്ക്കുന്ന രീതി ഷംസീറിനില്ല, മുഖത്തു തെളിയും, പിന്നാലെയതു നാവിൽനിന്നു പുറത്തുവരും. സഭയ്ക്കു പുറത്തുമതെ. 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള വാർഷിക വിഹിതം വർധിപ്പിക്കുന്ന ബിൽ ചർച്ചയ്ക്കു മറുപടി പറയുമ്പോൾ മുൻ ദേവസ്വം മന്ത്രി കൂടിയായ എ.പി.അനിൽകുമാറിന്റെ അഭ്യർഥന പ്രകാരം മന്ത്രി രാജൻ ഇരുന്നതും അനിൽ സംസാരിച്ചു തുടങ്ങിയതുമാണു സ്പീക്കറെ സംശയാലുവാക്കിയത്. ഒരാൾ വഴങ്ങി എന്നതുകൊണ്ടു മാത്രം മറ്റേയാൾക്കു സംസാരിക്കാൻ ചട്ടപ്രകാരം കഴിയില്ല. സ്പീക്കറുടെ അനുവാദം കൂടി വേണം– ഷംസീറിന്റെ റൂളിങ് വന്നു. മന്ത്രി ഇരുന്നപ്പോൾ താൻ സംസാരിച്ചു തുടങ്ങിയെങ്കിൽ അതു സ്പീക്കറുടെ അനുവാദത്തോടെ തന്നെയല്ലേ എന്നായി അനിൽ. തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ എഴുന്നേറ്റപ്പോഴും സ്പീക്കർ വിട്ടില്ല. തന്നെ നോക്കി സംസാരിക്കൂ എന്നായി അദ്ദേഹം. ‘കുറച്ചു കാലമായില്ലേ ഈ എക്സർസൈസ് തുടങ്ങിയിട്ട്’ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ‘എക്സർസൈസി’ന് നാടൻ ഭാഷയിൽ ‘പണി’ എന്ന അർഥമാണോ തിരുവഞ്ചൂർ ഉദ്ദേശിച്ചതെന്നു തോന്നി. 

പ്രസംഗിക്കുന്ന ആൾ ഇരിക്കുകയും അവസരം ചോദിച്ച ആൾ സംസാരിച്ചു തുടങ്ങുകയും ചെയ്യുന്നതിൽ അനാദരവില്ലെന്നും സ്പീക്കർ അനുമതി നൽകിയെന്ന ‘വിശ്വാസം’ അതിൽ ഉണ്ടെന്നുമുള്ള വിദഗ്ധാഭിപ്രായം പങ്കുവച്ചത് തൃപ്പൂണിത്തുറ അംഗം കെ.ബാബുവാണ്. പിന്നെ ഷംസീർ തർക്കത്തിനു നിന്നില്ല. 

ബിൽ ചർച്ചയിൽ തോന്നിയ ഉൾവിളി ആയിരുന്നില്ല സ്പീക്കറുടേത്. അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിന്റെ അന്ത്യപാദം കോലാഹലത്തിൽ മുങ്ങിയപ്പോൾ രോഷത്താൽ സഭ വിട്ടു പോകുമെന്നു വരെയുള്ള തോന്നൽ അദ്ദേഹം നൽകി. കസേരയുടെ രണ്ടു പിടികളിലും പിടിച്ച് എഴുന്നേൽക്കാൻ ഭാവിച്ചു. പിന്നെ നിശ്ശബ്ദനായി പ്രതിഷേധിച്ചു. ഉച്ചത്തിൽ താക്കീതു നൽകിയിട്ടും ഭരണപക്ഷം പോലും വഴങ്ങാതെ വന്നതാണ് ഷംസീറിനെ പ്രകോപിപ്പിച്ചത്. 

ഉപതിരഞ്ഞെടുപ്പു സമയത്തു പുതുപ്പള്ളിയിൽ സതിയമ്മയുടെ ജോലി നഷ്ടപ്പെടുത്തിയതിനു സർക്കാരിനെ പഴിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനു കയ്യോടെ മറുപടി നൽകണമെന്നു മന്ത്രി ജെ.ചിഞ്ചുറാണിക്കു വാശി. സതീശൻ വഴങ്ങിയില്ല. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ചി‍ഞ്ചുറാണിയെ വിളിച്ചതോടെ ലീഗുകാർക്കു രോഷം. ഇറങ്ങിപ്പോയ കോൺഗ്രസുകാരും ഇരച്ചു തിരിച്ചെത്തി. പുതുപ്പള്ളി ഭൂരിപക്ഷത്തിന്റെ ആവേശം പ്രകടിപ്പിക്കാൻ നോക്കിയാൽ കണ്ടുനിൽക്കില്ലെന്ന വാശിയായിരുന്നു ഭരണപക്ഷത്തിന്. ഇരുപക്ഷവും മുഖാമുഖം നിരന്നതിന്റെ നിസ്സഹായതയും രോഷവും സ്പീക്കറുടെ മുഖത്തും വാക്കുകളിലും തെളിഞ്ഞു. 

തനിക്കും പാർട്ടിക്കുമെതിരെ വി.എസ്.അച്യുതാനന്ദൻ തിരിഞ്ഞ വേളയിൽ ചിലർക്ക് പ്രത്യേക ‘മാനസിക നിലയാണെന്ന്’ പിണറായി വിജയൻ സെക്രട്ടറിയായ സിപിഎം പണ്ടു വിലയിരുത്തിയിട്ടുണ്ട്. മകൾ വീണ വിജയന് സിഎംആർഎൽ കമ്പനിയിൽ നിന്നു ലഭിച്ച പ്രതിഫലത്തെ മാസപ്പടി എന്നു വിശേഷിച്ചവർക്ക് ‘പ്രത്യേക മനോനില’യാണെന്നു തിങ്കളാഴ്ച കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ആ പ്രത്യേക ‘മനോനില’ ചിലർക്കുമേൽ ഇന്നലെയും ചാർത്തി. ആഭ്യന്തര വകുപ്പിനെ ഒരു സംഘം ഹൈജാക്ക് ചെയ്തെന്ന അടിയന്തര പ്രമേയ നോട്ടിസ് അവതരണത്തിനിടെ അൻവർ സാദത്തിന്റെ ആരോപണമാണു പിണറായിക്കു രസിക്കാഞ്ഞത്. വിമർശിക്കുന്നവർക്കെല്ലാം ‘പ്രത്യേക മനോനില’യാണ് എന്നു സംശയിക്കുന്നതിനാണ് ആദ്യം ചികിത്സ വേണ്ടത് എന്നായി പ്രതിപക്ഷ നേതാവ്. 

നിയമപരമായ മുന്നറിയിപ്പ് നൽകാതെ പുകവലി, മദ്യപാന രംഗങ്ങൾ സിനിമകളിൽ പ്രദർശിപ്പിച്ചാൽ ശിക്ഷയ്ക്കു പകരം ഉയർന്ന പിഴ അടയ്ക്കാമെന്ന വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിനെ രമേശ് ചെന്നിത്തല രൂക്ഷമായി എതിർത്തു. 

∙ ഇന്നത്തെ വാചകം 

‘കള്ളു ഷാപ്പിൽ പോകുന്നവരെല്ലാം കള്ളു കുടിക്കാൻ പോകുന്നവരല്ല. ഏറ്റവും നല്ല തനതു വിഭവങ്ങൾ ഇപ്പോൾ കിട്ടുന്നത് ഷാപ്പുകളിലാണ്.’ – മന്ത്രി എം.ബി.രാജേഷ്. 

Content Highlights: Kerala Assembly, Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com