ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിൽ  ഗുരുതര വീഴ്ച വരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിമർശനം. പൊലീസ്–ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട് പലയിടങ്ങളിലും നിലനിൽക്കുന്നു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനെ ഇതുവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. കണ്ണൂരിൽ റോഷൻ എന്ന ഗുണ്ടയെ പിടിക്കാൻ ചെന്ന പൊലീസുകാരെ അയാളുടെ അച്ഛൻ തോക്കെടുത്തു വെടിവച്ചു. കേരളത്തിലെ ഗുണ്ടകൾ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രശ്നം ഉണ്ടാക്കി കേരളത്തിലേക്കു കടക്കുന്നതായി അവിടുത്തെ ഡിജിപി അടക്കമുള്ള ഉന്നതർ പരാതിപ്പെടുന്ന സാഹചര്യമാണെന്നും ചിലർ യോഗത്തിൽ തുറന്നടിച്ചു. 

സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ സാന്നിധ്യത്തിൽ  നടന്ന ക്രൈം കോൺഫറൻസിലായിരുന്നു വിമർശനം. ഇന്റലിജൻസ് മേധാവി മനോജ് ഏബ്രഹാം, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരും ക്രമസമാധാനച്ചുമതലയുള്ള എസ്പിമാർ മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. ഇരുപതിലധികം കേസുകളുള്ള ഗുണ്ടകൾ പോലും പുറത്തു വിലസുന്നു. കേസുകളിൽ കാലതാമസമില്ലാതെ വിചാരണ ഉറപ്പാക്കി ശിക്ഷിക്കാ‍ൻ കഴിയണം. ഓരോ ജില്ലയിലെയും ഗുരുതര സ്വഭാവമുള്ള 5 ലഹരിക്കേസുകൾ, 5 സൈബർ കേസുകൾ എന്നിവ എസ്പിമാർ നേരിട്ട് അന്വേഷിക്കണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സുരക്ഷാ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു. 

കഴിഞ്ഞ 3 മാസത്തെ പ്രവർത്തന മികവിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനി, എറണാകുളം റേഞ്ച് ഡിഐജിയും തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനുമായ പുട്ട വിമലാദിത്യ, കൊച്ചി ഡിസിപി ശശിധരൻ, എറണാകുളം റൂറൽ എസ്പി വിവേക് കുമാർ, മലപ്പുറം എസ്പി സുജിത് ദാസ് എന്നിവർക്കു ഡിജിപി യോഗത്തിൽ കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി. ആദ്യമായാണു ഈ അംഗീകാരം ഏർപ്പെടുത്തിയത്.

വാഹന പരിശോധന: ക്വോട്ട വേണ്ട

വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥർക്ക് ക്വോട്ട നൽകരുതെന്ന് എസ്പിമാരോടു ഡിജിപി നിർദേശിച്ചു.  വളവിൽ പരിശോധന നടത്തരുത്. വണ്ടികൾ നിരനിരയായി നിർത്തിയിട്ടുള്ള പരിശോധന ഒഴിവാക്കണം.  ഹൈവേ പൊലീസ് അനാവശ്യ വാഹന പരിശോധന ഒഴിവാക്കണമെന്നും ഡിജിപി നിർദേശിച്ചു.

English Summary:

Criticism in meeting of top police officers about Police-goonda relation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com