ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികൾ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയെ അറിയിച്ചു. പ്രതികൾ നടത്തിയതു സംഘടിത സാമ്പത്തിക കുറ്റകൃത്യമായതിനാൽ തെളിവെടുപ്പിനു കൂടുതൽ സമയം അന്വേഷണ സംഘം ചോദിച്ചു. 3 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും ഒന്നാം പ്രതിയും സിപിഐ നേതാവും ബാങ്ക് മുൻപ്രസിഡന്റുമായ എൻ.ഭാസുരാംഗൻ, മകൻ ജെ.ബി.അഖിൽജിത് എന്നിവർ കള്ളപ്പണ വിവരങ്ങൾ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ഇവർക്കെതിരായ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രം ഇവരെ വീണ്ടും ചോദ്യം ചെയ്താൽ മതിയെന്നും അന്വേഷണ സംഘം അറിയിച്ചു.

പ്രതികളെ കസ്റ്റ‍ഡിയിൽ ചോദ്യം ചെയ്ത ശേഷം തിരികെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസി.ഡയറക്ടർ സത്യവീർ സിങ് ഇക്കാര്യം ബോധിപ്പിച്ചത്. പ്രതികൾ കണ്ടല ബാങ്കിൽ നിന്നു കവർന്ന തുകയിൽ ഒരുഭാഗം ശ്രീജിത്, അജിത് കുമാർ എന്നീ ബെനാമികളുടെ പേരിൽ മറ്റു ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക മാത്രം 51 കോടി രൂപ വരും. പ്രതികളുടെ മറ്റു ബെനാമികളെ കൂടി കണ്ടെത്തിയാൽ മാത്രമേ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി തിരിച്ചറിയാൻ കഴിയൂ. പ്രതികളെ ഡിസംബർ 5 വരെ റിമാ‍ൻഡ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഇ.ഡി.യുടെ സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഉന്നത സ്വാധീനമുള്ള പ്രതികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കും. ബാങ്കിലെ ഡേറ്റ ഇല്ലാതാക്കാനും പ്രതികൾക്കു കഴിയും.

രണ്ടാം പ്രതി അഖിൽജിത്തിനെ ചോദ്യം ചെയ്തപ്പോൾ 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ബിസിനസാണു ചെയ്യുന്നതെന്നു മൊഴി നൽകി. എന്നാൽ ഇ.ഡി. നടത്തിയ അന്വേഷണത്തിൽ ബിആർഎം ട്രേഡേഴ്സ്, ബിആർഎം സൂപ്പർമാർക്കറ്റ്, കഫേ ബി കപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്നതായി ബോധ്യപ്പെട്ടു. പലപ്പോഴായി വൻതുകകൾ ഇത്തരം ബിസിനസുകളിൽ നിക്ഷേപിക്കപ്പെട്ടു. അടുത്ത കാലത്തു നിക്ഷേപിച്ച 34 ലക്ഷം രൂപയുടെ ഉറവിടം അന്വേഷിച്ചപ്പോൾ സഹോദരിയും സുഹൃത്തുക്കളും നൽകിയെന്നാണു മൊഴി നൽകിയത്. അഖിൽജിത് ഉപയോഗിക്കുന്ന 42 ലക്ഷം രൂപയുടെ കാർ വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ പ്രതിക്കു കഴിഞ്ഞിട്ടില്ല. 

English Summary:

Kandala Bank: Enfocement Directorate said that accused had convert large amount of black money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com