ADVERTISEMENT

കൊച്ചി ∙ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സെഷൻസ് ജഡ്ജിയാണ് വസ്തുത അന്വേഷണം നടത്തേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് അതിജീവിത നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം അന്വേഷണത്തിന് തേടാം. സെഷൻസ് ജഡ്ജിക്കു മുന്നിൽ രേഖാമൂലം അതിജീവിതയ്ക്ക് വാദങ്ങൾ നൽകാം. അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയാൽ ജഡ്ജിക്ക് ക്രിമിനൽ നടപടി ചട്ടപ്രകാരം നടപടിയുമായി മുന്നോട്ടുപോകാം. എന്നാൽ കേസിന്റെ വിചാരണയെ ഇതു ബാധിക്കരുതെന്നും ജസ്റ്റിസ് കെ. ബാബു നിർദേശം നൽകി.

മെമ്മറി കാർഡ് 2018 ജനുവരി 9ന് രാത്രി 9.58നും 2018 ഡിസംബർ 13ന് രാത്രി 10.58നും 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും ഇടയിൽ തുറന്നിട്ടുണ്ട്. രാത്രിയിൽ തുറന്നിരിക്കുന്നതിനാൽ 2018 ജനുവരി 9നും 2018 ഡിസംബർ 13നും മെമ്മറി കാർഡ് തുറന്നതിനു കോടതി നടപടികളുമായി ബന്ധമില്ലെന്ന ചൂണ്ടിക്കാട്ടിയ കോടതി ഇത് അനധികൃതമായി ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കി.

2021 ജൂലൈ 19ന് വിചാരണ കോടതി പ്രതിയുടെ അഭിഭാഷകനു വിഡിയോ ദൃശ്യം പരിശോധിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ 12.19നും 12.54നും ഇടയിൽ പ്രതിയുടെ അഭിഭാഷകൻ വിഡിയോ കണ്ടിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ലൈംഗികദൃശ്യങ്ങൾ അടങ്ങിയ രേഖകൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസും കോടതിയും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും കോടതി നിർദേശിച്ചു.

നമ്മൾ പരാജയപ്പെട്ടു: കോടതി

അതിജീവിതയുടെ താൽപര്യം സംരക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടെന്നും അവരുടെ മൗലികാവകാശം ലംഘിക്കപ്പെട്ടെന്നും കോടതി പറഞ്ഞു. അവർക്കുണ്ടായ മാനസികവും വൈകാരികവുമായ ആഘാതം സങ്കൽപത്തിനും അപ്പുറത്താണ്. അനധികൃതമായി മെമ്മറി കാർഡ് തുറന്നെന്നും ഉള്ളടക്കം പകർത്തിയെന്നുമുള്ള ആരോപണത്തിന്റെ പുകമറ നീക്കണമെങ്കിൽ അന്വേഷണം വേണം. അതു മാത്രമേ ജുഡീഷ്യൽ സംവിധാനത്തിന്റെ അന്തസ്സും സംശുദ്ധിയും നിലനിർത്തൂ. അനധികൃതമായി ദൃശ്യങ്ങൾ കണ്ടത് സ്ത്രീക്കെതിരെയുള്ള അതിക്രമമാണ്. നിയമപരമായ ലക്ഷ്യത്തോടെയും രീതിയോടെയും അല്ലാതെ, മെമ്മറി കാർഡ് തുറന്നത് അതിജീവിതയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.

English Summary:

Actress molestation case: Memory card checking should be probed says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com