ADVERTISEMENT

സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന ആശ്രാമം മൈതാനത്തെ ആ മരച്ചുവടിനെന്തൊരു നക്ഷത്രത്തിളക്കം! കൺമുന്നിൽനിന്നു മറഞ്ഞിട്ടും ഓർമകളിൽനിന്നു മായാത്ത, സാംസ്കാരിക നഭസ്സിലിന്നും തെളിഞ്ഞുമിന്നുന്ന കൊല്ലംനക്ഷത്രങ്ങളെ  അവിടെ കാണാം. ലളിതാംബിക അന്തർജനം, ഒഎൻവി കുറുപ്പ്, വി.സാംബശിവൻ, ജയൻ, ജി.ദേവരാജൻ, ഒ.മാധവൻ എന്നിവരാണത്. സ്വന്തം മണ്ണിലേക്കു കലോത്സവം വീണ്ടുമെത്തുന്ന ആഹ്ലാദത്തിലാണവർ. ‘ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം...’ എന്നയീണം അവിടമാകെ കാറ്റിനൊപ്പം അലിയുന്നു. അവരുടെ സ്നേഹസല്ലാപത്തിലേക്കൊരു ഭാവനാസഞ്ചാരമാണിത്.  

മാതൃസഹജമായ വാത്സല്യച്ചിരിയോടെ ഈ സംഭാഷണത്തിനു തുടക്കമിട്ടതു മലയാളത്തിന്റെ എഴുത്തമ്മ ലളിതാംബിക അന്തർജനം തന്നെ: ‘കവിത പോലെ മധുരമായ ഈ കൂടിയിരിപ്പിനു നമ്മുടെ കാഥികൻ എന്തു തലക്കെട്ടു നൽകും ?’

സംശയമേയില്ല വി. സാംബശിവന്: "കൊല്ലം കണ്ടവനില്ലം വേണ്ട."

വാക്കുകളിൽ കലയുടെ തുടിപ്പേറുന്നു. അതാസ്വദിച്ചു ദേവരാജൻ മാഷ്: സിനിമാഗാനമായി മാറിയ  ഒഎൻവിക്കവിതയാണ് ഇപ്പോൾ എന്റെ മനസ്സിൽ.  

കവിയെന്നാൽ കൊല്ലത്തിന് ഒഎൻവി തന്നെ. പക്ഷേ, ഒഎൻവി പറഞ്ഞതിങ്ങനെ: നമ്മുടെ കൂട്ടത്തിൽ കവി ഞാൻ മാത്രമല്ല കേട്ടോ. അഗ്നിസാക്ഷി നോവൽ എഴുതിയ ആൾ ആയിരത്തിരി പോലുള്ള കവിതകളും എഴുതിയിട്ടുണ്ടെന്നു പലരും മറന്നുപോകും. ജയൻ കൊല്ലംകാരനായ കൃഷ്ണൻ നായരാണെന്ന കാര്യം പലരും മറന്നതുപോലെ.

പക്ഷേ, ദേവരാജൻ മാഷ് അഭിമാനത്തോടെ പറഞ്ഞു: കൊല്ലത്തുകാർ അതു മറന്നിട്ടില്ല. ഒരു സിനിമാനടന്റെ ഓർമയ്ക്കായി നാട്ടുകാർ നിർമിച്ച പൂർണകായപ്രതിമ കൊല്ലം ഓലയിലല്ലാതെ മറ്റെവിടെയുണ്ട് ?

അതാ, ആശ്രാമത്തിന്റെ നടപ്പാതയിലൂടെ നെഞ്ചുവിരിച്ചു കടന്നുവരുന്നു, കൊല്ലത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ ജയൻ: ‘എനിക്കു  പോകേണ്ടതു മിമിക്രി വേദിയിലേക്കാണ്. അനുകരിച്ചനുകരിച്ചു വല്ലാതാക്കിയ എന്റെ ശബ്ദം ഞാൻ തന്നെ കുട്ടികൾക്ക് ഒന്നു പരിചയപ്പെടുത്തിക്കൊടുത്താലോ ?’

എത്ര ഗൗരവമേറിയ കാര്യവും കളിതമാശ ചേർത്തു ലഘുവാക്കുന്നതിൽ കൊല്ലത്തുകാർ പ്രസിദ്ധരത്രേ.  സാംബശിവൻ വിട്ടുകൊടുത്തില്ല: ചാർലി ചാപ്ലിനെ അനുകരിക്കുന്ന ഒരു പ്രച്ഛന്നവേഷമത്സരം നടത്തിയപ്പോൾ സാക്ഷാൽ ചാപ്ലിനും പങ്കെടുത്തിരുന്നു. പക്ഷേ, അദ്ദേഹത്തിനു കിട്ടിയതു മൂന്നാം സ്ഥാനമാണ്.

ചിരികൾക്കിടെ ജയന്റെ ശബ്ദം ഉയർന്നു : സാംബശിവന്റെ ശബ്ദം പൊതുവേ ആരും അനുകരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് എന്റെ സംശയം. ആയിഷ, അനീസ്യ എന്നൊക്കെയുള്ള ആ തലക്കെട്ടു പറച്ചിൽ തന്നെ എത്ര രസമായിരുന്നു.  ടോൾസ്റ്റോയിയെയും ഷേക്സ്പിയറിനെയുമൊക്കെ  ‘കേരളത്തിലെത്തിച്ച’ ആളല്ലേ നമ്മുടെ സാംബശിവൻ.

കൊല്ലത്തു പിറന്നില്ലെങ്കിലും കൊല്ലം എന്നും നെഞ്ചോടു ചേർത്ത  കാക്കനാടൻ പറഞ്ഞതിങ്ങനെ: ‘സാഹിത്യം ജനകീയമാകുന്നതു സിനിമയിലൂടെയുമല്ലേ.  തകഴിയുടെയും ബഷീറിന്റെയും പാറപ്പുറത്തിന്റെയുമൊക്കെ  കഥാപാത്രങ്ങളെ അവതരിപ്പിച്ച  കൊട്ടാരക്കര തന്നെ ഏറ്റവും മികച്ച ഉദാഹരണം.’

പക്ഷേ, കൊട്ടാരക്കരയ്ക്കൊരു കുഞ്ഞു സങ്കടമുണ്ട്:  ‘ഒരുകാലത്ത് കുട്ടികൾക്കെന്നെ പേടിയായിരുന്നു. മൈ ഡിയർ കുട്ടിച്ചാത്തനിലെ മന്ത്രവാദിയെപ്പോലുള്ള വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ട്...’

അതു കേട്ടു മിണ്ടാതിരിക്കാനായില്ല, നാടകകലയുടെ ആചാര്യൻ ഒ. മാധവന്. അദ്ദേഹവും പറഞ്ഞതു കുട്ടികളുടെ കഥ തന്നെ:  ‘കെപിഎസി വിട്ട കാലത്തെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ ഒരു റോഡുപണിയുടെ മേൽനോട്ടക്കാരനായി ജോലി ചെയ്തിരുന്നു. അതിനടുത്തുള്ള സ്കൂളിൽ ഒരിക്കൽ അതിഥിയായി ചെന്നപ്പോൾ സദസ്സിൽ നിന്നു വലിയ കൂവൽ.  നാടകകലാകാരനാണെന്നൊക്കെ അധ്യാപകർ പറഞ്ഞപ്പോൾ കുട്ടികൾ തിരിച്ചുപറയുകയാണ് ; ഇയാൾ റോഡ് പണിക്കാരനാണെന്ന്.  അങ്ങനെ ആകേണ്ടി വന്ന സാഹചര്യം ഞാൻ പ്രസംഗത്തിൽ വിശദീകരിച്ചു. ഒരു കലാകാരന്റെ ജീവിതവേദനകൾ മനസ്സിലാക്കിയ കുട്ടികൾ പിന്നെ ഓരോ വാചകത്തിനും കയ്യടി തുടങ്ങി...’

അതുകേട്ട എല്ലാവർക്കും ഒരേ സ്വരം: ‘കുട്ടികൾ മാത്രമല്ല; കലയുടെയും സാഹിത്യത്തിന്റെയും വെളിച്ചമുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ കൊല്ലത്തുകാർ പിശുക്കു കാട്ടാറില്ലല്ലോ’.

മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന കാലം വരുമെന്ന ആഗ്രഹം സാംബശിവൻ കഥകളിൽ പങ്കുവച്ചത്  ഓർമിപ്പിച്ചു ജയൻ ചോദിച്ചു: ‘പുതുവർഷത്തിലെ കലോത്സവത്തെ ഒഎൻവി സാർ ഒന്നു കാവ്യാത്മകമായി പറയൂ...’

കവിതയിൽ പരത്തുന്നില്ല, ചെറുകുസൃതിയാലതൊന്നു കാച്ചിക്കുറുക്കാമെന്നു പറഞ്ഞ് ഒഎൻവി നേർത്ത ചിരിയോടെ ചൊല്ലി: ‘കണ്ടതൊന്നുമല്ലിക്കൊല്ലം!’

ചിരിനിലാവു തെളിഞ്ഞു; ആശ്രാമമാകെ നിറഞ്ഞു ആ വെളിച്ചം...! കലോത്സവത്തിനെത്തുന്ന കുട്ടികളേ... നിങ്ങളെ കാത്തിരിക്കുകയാണ്,  പിന്നിട്ട വഴികളിലാകെ കലയുടെ പ്രഭ ചൊരിഞ്ഞ ആ നക്ഷത്രങ്ങളും!

English Summary:

Bipin Chandran article about what expired legends from kollam may have to say about State School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com