ADVERTISEMENT

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭാ നേതാവോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയോ നന്ദി രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കുകയും അതു ചർച്ച ചെയ്ത് അംഗീകരിക്കുകയും വേണമെന്നാണ് നിയമസഭാ ചട്ടം. ചട്ടങ്ങൾ സംബന്ധിച്ച പുസ്തകം പക്കലുള്ള സിപിഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരൻ പക്ഷേ ചോദിച്ചുപോയി: ‘നന്ദി ആരോടു ഞാൻ ചൊല്ലേണ്ടൂ!’ രണ്ടു മിനിറ്റിനുള്ളിൽ നയപ്രഖ്യാപനം വായിച്ചെന്നു വരുത്തി സർക്കാരിന്റെ രോഷത്തിനു പാത്രമായ ഗവർണർക്കു നന്ദി പറയാൻ തന്നെ കിട്ടില്ലെന്നു വ്യംഗ്യം.

നന്ദിപ്രമേയം നിന്ദാപ്രമേയമാവുന്നതും ആരിഫ് മുഹമ്മദ് ഖാൻ ആക്ഷേപത്തിൽ ആരാണു കേമൻ എന്നു മറ്റുള്ളവർ മത്സരിക്കുന്നതുമാണ് സഭ കണ്ടത്. ചന്ദ്രശേഖരന്റെ പ്രയോഗം തന്നെ ഉദാഹരണം: ‘നിലവിട്ടു നിലമേൽ എത്തി നിലത്തിരുന്നു സമരം ചെയ്ത ഗവർണർ’. പ്രതിപക്ഷം, ഭരണപക്ഷത്തോടു മത്സരിക്കാൻ നിന്നില്ല. ക്ഷേമ പെൻഷൻ വിതരണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി അവർ സഭ ബഹിഷ്കരിച്ച ശേഷമാണ് ‘നന്ദി’പ്രമേയ ചർച്ച നടന്നത്.

ഭരണപക്ഷം മൂന്നു ശത്രുക്കളിൽ കേന്ദ്രീകരിച്ചു: ‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറിലൂടെയും പിണറായി സർക്കാരിനെ ഞെരുക്കുന്ന കേന്ദ്രസർക്കാർ, ഇവരോടു സന്ധി ചെയ്യുന്ന പ്രതിപക്ഷം’. ഈ മൂവർസംഘം സംസ്ഥാന സർക്കാരിനെ പത്മവ്യൂഹത്തിലാക്കാൻ ശ്രമിക്കുന്നുവെന്നു കണ്ടെത്തിയത് കെ.വി.സുമേഷാണ്. ഗവർണർ ‘ജൂനിയർ മാൻഡ്രേക്’ ആണെന്ന് അദ്ദേഹം കരുതുന്നു. മാമുക്കോയ കസറിയ ‘കോമഡി ഗുണ്ടാ റോൾ’ പോലെയില്ലേ എന്നായിരുന്നു കെ.കെ.ശൈലജയുടെ സംശയം. ‘കീലേരി അച്ചു’വിനെ അല്ലേ ഉദ്ദേശിച്ചത് എന്നായി മറ്റുള്ളവർ.

രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ ബിജെപി പച്ചയായ ഹിന്ദുത്വം പറയുമ്പോൾ ഹനുമാനെ സേവിക്കുന്ന മൃദു ഹിന്ദുത്വക്കാരായി കോൺഗ്രസ് മാറിയെന്ന പരിദേവനമായിരുന്നു ഐ.ബി.സതീഷിന്റേത്. സേവ്യർ ചിറ്റിലപ്പിള്ളിയും കെ.പി.കുഞ്ഞമ്മദ് കുട്ടിയും സെബാസ്റ്റ്യൻ കുളത്തിങ്കലും അയോധ്യ പറഞ്ഞു വളച്ചുകെട്ടി കോൺഗ്രസിനെ ആക്രമിച്ചപ്പോൾ സഭയിലെ മുഖ്യ പുരാണോപാസകനായ പി.ബാലചന്ദ്രൻ രാമായണമെല്ലാം മറന്നുപോയതു പോലെ തോന്നി; ഫെയ്സ്ബുക്കിൽ രാമനെയും സീതയെയും തൊട്ടു കൈപൊള്ളിയതാകാം കാരണം. മുൻപൊരിക്കൽ ഗവർണറെ ന്യായീകരിച്ച് സഭയെയും സിപിഐയും ഞെട്ടിച്ച ബാലചന്ദ്രൻ, പക്ഷേ ഇത്തവണ അങ്ങനെ വളയം വിട്ടു ചാടിയില്ല. സിപിഐക്കാർ തള്ളിപ്പറഞ്ഞെങ്കിലും ബാലചന്ദ്രനെ സ്പീക്കർ ആദരിച്ചു: സഭാ ചെയർമാൻമാരുടെ പാനലിൽ അദ്ദേഹവുമുണ്ട്.

കെപിസിസി എന്നാൽ കെ.ഡി.പ്രസേനനു ‘കള്ളപ്പഹയന്മാരുടെ കേന്ദ്രകമ്മിറ്റി’ ആണ്. സിപിഎമ്മിലേതു പോലെ പിബിയും കേന്ദ്ര കമ്മിറ്റിയും കോൺഗ്രസിൽ ഇല്ലെന്ന് പ്രസേനൻ ഓർത്തില്ലെന്നു തോന്നുന്നു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഗവർണർ കയ്യടക്കിയതോടെ പ്രതിപക്ഷത്തിന് പ്രസക്തി കുറഞ്ഞു വരുന്നതിലാണു മാത്യു ടി.തോമസിന് വ്യസനം. 

ഉമ്മൻ ചാണ്ടി സർക്കാർ 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വരുത്തി എന്ന സിപിഎം ‘നറേറ്റീവ്’ പൊളിക്കുമെന്ന വാശിയിലാണ് അടിയന്തര പ്രമേയ നോട്ടിസ് പി.സി.വിഷ്ണുനാഥ് ഏറ്റെടുത്തതെന്ന് അവതരണം കണ്ടപ്പോൾ തോന്നി.

ഇന്നത്തെ വാചകം

കുടുംബത്തോട് കൂറില്ലാത്ത കുടുംബനാഥനെ പോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ– ദലീമ (സിപിഎം)

English Summary:

Kerala assembly session naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com