ADVERTISEMENT

‘മലൈക്കോട്ടൈ വാലിബനെ’ വരെ പരിചയാക്കിയാണു മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിപക്ഷവ്യൂഹത്തെ തടഞ്ഞത്. പോരു കഴിഞ്ഞപ്പോൾ ‘വാലിബൻ’ മന്ത്രിയോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോ എന്നതിൽ ഭരണ–പ്രതിപക്ഷങ്ങൾ രണ്ടു തട്ടിലാകും. സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയ നോട്ടിസായി അവതരിപ്പിക്കുമ്പോൾ പ്രമേയം ചർച്ചയ്ക്കെടുക്കുമെന്ന് പ്രതിപക്ഷത്തിനു സൂചനയുണ്ടായിരുന്നു. നികുതി വെട്ടിപ്പ് തടയാത്ത മന്ത്രി പൂർണ പരാജയമാണെന്നും ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടു നടക്കുന്ന ധനമന്ത്രിയാണ് ബാലഗോപാലെന്നും സതീശൻ പരിഹസിച്ചു. സതീശനെ തടുക്കുമ്പോഴാണ് മന്ത്രി ‘വാലിബനെ’ സഭയിലെത്തിച്ചത്. ‘വാലിബന്റെ’ ഉത്തരേന്ത്യയിലെ ഷൂട്ടിങ്ങിനിടയിലുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ മെച്ചങ്ങൾ പറഞ്ഞുള്ള മോഹൻലാൽ ഡയലോഗ് പ്രതിപക്ഷം കേട്ടോ എന്നായി മന്ത്രി.

57,000 കോടി കേന്ദ്രത്തിൽ നിന്നു കിട്ടാനുണ്ടെന്ന് ആരോപിച്ച് പഴിയെല്ലാം അവരുടെ തലയിൽ വയ്ക്കുന്ന മന്ത്രിയുടെയും സിപിഎമ്മിന്റെയും കൗശലം പൊളിച്ചേ തീരൂവെന്ന വാശിയിലായിരുന്നു പ്രമേയാവതാരകൻ റോജി എം.ജോണും മാത്യു കുഴൽനാടനും. മന്ത്രിയെ നോവിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്താതിരുന്ന റോജി ‘കേന്ദ്ര സഹായത്തിന്റെ അപര്യാപ്തതയും’ പ്രതിസന്ധിക്ക് ഒരു ഘടകമാണെന്നു പറഞ്ഞു. കേന്ദ്രം തരാത്തതു കൊണ്ടല്ല, ധനകാര്യ മാനേജ്മെന്റ് പരാജയപ്പെട്ടതു കൊണ്ടാണെന്നു സ്ഥാപിക്കാനായിരുന്നു മാത്യുവിന്റെ ശ്രമം. ബിജെപിക്ക് നിയമസഭയിൽ അംഗമില്ലാത്തിന്റെ കുറവ് മാത്യു നികത്തി എന്നായി ഇ.ടി.ടൈസണും സെബാസ്റ്റ്യൻ കുളത്തുങ്കലും.

ആവശ്യപ്പെടുന്നതിന്റെ ഇരട്ടി അയൽക്കാരനു ലഭിക്കുമെന്ന വരം കിട്ടിയതിന്റെ പേരിൽ ‘ഒരു കിഡ്നി മാറ്റാൻ’ ദൈവത്തോട് ആവശ്യപ്പെട്ട ദുഷ്ടനെയാണ് പ്രതിപക്ഷത്തെ കാണുമ്പോൾ എം.രാജഗോപാലന് ഓർമവരുന്നത്. എവിടെയും സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചർച്ചകളിലെന്നു പറഞ്ഞു തുടങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അടുത്ത വാചകം ആത്മഗതം പോലെയായി: ‘അല്ല, കാൽക്കാശ് കയ്യിലില്ലെങ്കിൽ പിന്നെ വേറെന്തു ചർച്ച ചെയ്യാനാണ്!?’ ഖജനാവ് കാലിയായപ്പോൾ എ.കെ.ആന്റണി സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വരെ വെട്ടിക്കുറച്ചെങ്കിൽ ചെലവു ചുരുക്കാൻ ഇപ്പോൾ എന്തു ചെയ്തെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. ക്ലിഫ് ഹൗസിലെ നവീകരണച്ചെലവ് അടക്കമുള്ള ധൂർത്ത് പട്ടികയുമായി കെ.കെ.രമയും മോൻസ് ജോസഫും ആ പോയിന്റ് സ്ഥാപിക്കാൻ നോക്കി. നാട്ടുകാരുടെ മുണ്ട് മുറുക്കി ഉടുത്തുള്ള സാമ്പത്തിക മാനേജ്മെന്റ് ശൈലിയോടു പക്ഷേ ഡി.കെ.മുരളിയും കെ.ബാബുവും (െനന്മാറ) യോജിക്കുന്നില്ല. നന്ദി പ്രമേയ ചർച്ചയുടെ രണ്ടാംദിനവും ഗവർണർക്കെതിരെ വിമർശനത്തിന് കുറവുണ്ടായില്ല. തലേന്ന് സഭ ബഹിഷ്കരിച്ച പ്രതിപക്ഷവും കൂടെ ചേർന്നു.

ഇന്നത്തെ വാചകം

അഴിമതി തുടച്ചുനീക്കുമെന്നു പ്രഖ്യാപിച്ച പിണറായി സർക്കാർ അഴിമതിയുടെ തെളിവുകളാണ് തുടച്ചു നീക്കുന്നത് -  എം.വിൻസന്റ് (കോൺഗ്രസ്)

English Summary:

Kerala Assembly: Naduthalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com