ADVERTISEMENT

ഷില്ലോങ്ങിൽ കടല കൊറിച്ചു നടന്നു കെണിയിലായ ആ രണ്ട് എംഎൽഎമാർ ആരൊക്കെ എന്ന ചോദ്യമാണ് സഭ പിരിഞ്ഞപ്പോൾ ഉയർന്നത്. മന്ത്രി എം.ബി.രാജേഷ് ആ സസ്പെൻസ് അവശേഷിപ്പിച്ചു. മാലിന്യം വലിച്ചെറിയുന്നതും നാടും റോഡും വൃത്തിഹീനമാകുന്നതും അവസാനിപ്പിച്ചേ തീരൂവെന്ന തീരുമാനത്തിലാണ് മന്ത്രി. വീഴ്ച വരുത്തുന്നവർക്കു പിഴയും ശിക്ഷയും ഉറപ്പാക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളിന്മേൽ മറുപടി പറയുമ്പോഴാണ് ഷില്ലോങ് വൃത്തികേടാക്കിയ രണ്ട് എംഎൽഎമാർക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നതു മന്ത്രി വെളിപ്പെടുത്തിയത്. 

നിയമസഭാ സമിതി സന്ദർശനത്തിനിടെ വൈകിട്ട് ഇവർ രണ്ടു പേരും നഗരം കാണാനിറങ്ങി. കടല വാങ്ങി കൊറിച്ചു. കേരളത്തിലേതു പോലെ കടലയുടെ തൊലി ചുറ്റും പറത്തി; കടലാസ് താഴോട്ടുമിട്ടു. പിന്നിൽ ഒരു ശബ്ദം: ‘ഒന്നു നിൽക്കൂ’. റോഡ് വൃത്തിയാക്കിയ ശേഷം പോയാൽ മതിയെന്നു പറഞ്ഞ് ഒരു നാട്ടുകാരൻ കാവൽ നിൽക്കുന്നു. രണ്ടു പേരും നിലത്തിരുന്ന് കടലത്തൊലി പെറുക്കാൻ തുടങ്ങി. 

അക്കിടി പറ്റിയെന്ന് അപ്പോൾ തോന്നിയെങ്കിലും ആ ഷില്ലോങ്ങുകാരന്റെ പൗരബോധത്തോടു തോന്നിയ അഭിമാനം എംഎൽഎമാരിൽ ഒരാൾ മന്ത്രിയോട് പങ്കുവയ്ക്കുകയായിരുന്നു. ആ സംസ്കാരത്തിലേക്ക് മലയാളിയെ കൊണ്ടു വരാൻ നിയമം കടുപ്പിക്കണമെങ്കിൽ അതു വേണ്ടി വരുമെന്നു മന്ത്രി. 

‘എംഎൽഎമാരിൽ ഒരാൾ അപ്പുറത്തും, മറ്റെയാൾ ഇപ്പുറത്തുമാണ്.’ സന്തോഷത്തോടെ രാജേഷിനോടു കഥ പങ്കുവച്ചവർ, പക്ഷേ ‘അതു ഞാനാണ്’ എന്നു പറഞ്ഞ് എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. 

കേരളത്തെ മാലിന്യമുക്തമാക്കാനുള്ള മന്ത്രിയുടെ ദൃഢനിശ്ചയം ദർശിച്ച ഐ.ബി.സതീഷ്, പക്ഷേ നിയമസഭ പാസാക്കിയാലും കാര്യമുണ്ടോ എന്ന വ്യഥയിലാണ്. ‘തിരുവനന്തപുരം വെള്ളയമ്പലത്തെ ആർഎസ്എസ് ഉപസ്ഥാനത്തിന്റെ നാഥൻ’ (രാജ്ഭവന്റെ അധിപനായ ഗവർണറെയാണ് സതീഷ് ഉദ്ദേശിക്കുന്നത്) ഇതിൽ ഒപ്പിടുമോ? 

പഞ്ചായത്തുകൾ സർക്കാർ സർക്കുലറുകൾ കൊണ്ട് നിറ‍ഞ്ഞ ഓഫിസായി മാറിയെന്ന് ടി.സിദ്ദിഖിന് അഭിപ്രായമുണ്ട്. ദുബായും സിംഗപ്പൂരും മനോഹരമെന്നു വാചാലരാകുന്ന മലയാളി പക്ഷേ, ഇവിടെ ആ ശുചിത്വബോധം കാട്ടാത്തതിൽ തോട്ടത്തിൽ രവീന്ദ്രൻ ഖിന്നനാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരും പൊതു ശുചിത്വത്തിന്റെ കാര്യത്തിൽ പിന്നോട്ടാണെന്നു വാഴൂർ സോമനും അനൂപ് ജേക്കബും കരുതുന്നു. 

ചരക്കു സേവന നികുതി ഭേദഗതി ബില്ലിനു മറുപടി പറയുമ്പോൾ, കേന്ദ്രബജറ്റിനെതിരെ കോൺഗ്രസ് കയ്യോടെ പ്രതികരിച്ചില്ലെന്നു കുറ്റപ്പെടുത്തിയ ധനമന്ത്രിയോട് രമേശ് ചെന്നിത്തല പൊട്ടിത്തെറിച്ചു. ‘ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണോ ഇവിടെ ഞങ്ങൾ പ്രതികരിക്കുന്നത്? അതു ചർച്ചയിൽ അല്ലേ?’ മുൻ പാർലമെന്റ് അംഗങ്ങളായ രണ്ടു പേരും ഇംഗ്ലിഷിലും കോർക്കുന്നതു കണ്ടു. 

ഇന്നത്തെ വാചകം

‘മന്ത്രിപുംഗവന്മാർ സ്തുതിപാഠകരായി. രാജാവ് നഗ്നനെന്നു പറയാൻ ആരുമില്ല. സമയം വരുമ്പോൾ ജനം അതു തുറന്നു പറയും’ – ഉമ തോമസ് (കോൺഗ്രസ്)

English Summary:

Kerala assembly naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com