ADVERTISEMENT

കോട്ടയം∙ സംസ്ഥാനത്തൊട്ടാകെ വിദ്യാർഥികൾക്കു ഗർഭാശയഗള അർബുദ (സെർവിക്കൽ കാൻസർ) പ്രതിരോധ കുത്തിവയ്പ് നൽകാനുള്ള വിശദമായ കർമപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും  ഉടൻ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ‘മനോരമ’യോടു പറഞ്ഞു. കുറഞ്ഞനിരക്കിൽ വാക്സീൻ ലഭ്യമാക്കാൻ സഹായിക്കണമെന്നു കേന്ദ്രത്തോടു നേരത്തെ ആവശ്യപ്പെട്ടപ്പോൾ അത്തരം പദ്ധതി ഇല്ലെന്നായിരുന്നു പ്രതികരണം. തുടർന്ന്, സംസ്ഥാനം സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുമ്പോഴാണ് കേന്ദ്രബജറ്റിൽ ഇപ്പോൾ വാക്സീൻ യജ്ഞം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്സീൻ വിതരണം ചെയ്യുമെന്നു കഴിഞ്ഞവർഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കേരളത്തിലെ ഡേറ്റ ശേഖരിച്ച് പ്രത്യേക യോഗം വിളിച്ചു. നവകേരള കർമപദ്ധതിയിലെ ആർദ്രം മിഷനിലുള്ള 10 പ്രോഗ്രാമുകളിലൊന്നാണ് അർബുദ പരിരക്ഷ. 14 ജില്ലകളിലും അർബുദ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നു. 

9–14 വയസ്സിനിടയ്ക്കു പെൺകുട്ടികൾക്കു 2 ഡോസ് വാക്സീൻ നൽകിയാൽ സെർവിക്കൽ കാൻസർ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്നതു കൊണ്ടാണ് ഇതിനു പ്രത്യേക ഊന്നൽ. ഈ പ്രായം പിന്നിട്ടവരാണെങ്കിൽ 26 വയസ്സു വരെ വാക്സീനെടുക്കാം. അതു 3 ഡോസാണ്. അർബുദകാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിക്കാറുണ്ട്. 

ഇതിനുള്ള പ്രതിരോധമായി ചിലയിടങ്ങളിൽ ആൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ നൽകുന്നുണ്ട്. ഇക്കാര്യവും ഇനിയുള്ള ചർച്ചകളിൽ ഉൾപ്പെടുത്തും. ആലപ്പുഴയിലെയും വയനാട്ടിലെയും പ്രാരംഭ പദ്ധതി വിലയിരുത്തിയതിനു ശേഷമാകും മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കുക.

അതിജീവനം: തിരുവനന്തപുരം കൊല്ലം മുന്നിൽ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ വിദഗ്ധരും ഐസിഎംആറും (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്) ചേർന്ന് വിവിധ നഗരങ്ങളിൽ നടത്തിയ പഠനപ്രകാരം പ്രാരംഭത്തിൽ രോഗം കണ്ടെത്തിയാൽ അതിജീവനസാധ്യത 90 ശതമാനത്തോളമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കണക്കനുസരിച്ചാണിത്. എല്ലാ ഘട്ടത്തിലെയും രോഗബാധിതരുടെ കണക്കെടുത്താൽ ചികിത്സയ്ക്കു ശേഷം അതിജീവിക്കുന്നവർ തിരുവനന്തപുരത്ത് 58.8%, കൊല്ലത്ത് 56.1%. ഇന്ത്യയിൽ മൊത്തത്തിൽ ഇത് 51.7%. അഹമ്മദാബാദ് നഗരമേഖലയിൽ 61.5%. 

∙ കൂടുതൽ ഗർഭധാരണങ്ങൾ, സ്വകാര്യഭാഗങ്ങളിലെ ശുചിത്വമില്ലായ്മ, കുറഞ്ഞ രോഗപ്രതിരോധശേഷി, പുകയില ഉപയോഗം, ഒന്നിലധികം ലൈംഗിക പങ്കാളികൾ, ലൈംഗികജീവിതം നേരത്തേ ആരംഭിക്കുന്നത് തുടങ്ങിയവ എച്ച്പിവി വൈറസ് ബാധിക്കാനുള്ള സാധ്യത കൂട്ടുന്നു. ഈയിടെ നടത്തിയ ഒരു പഠനത്തിൽ നാലിൽ ഒരാൾ മാത്രമാണ് എച്ച്പിവി വാക്സിനേഷനെക്കുറിച്ചു കേട്ടിട്ടുള്ളത്. - ഡോ. അശ്വതി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, അമൃത ആശുപത്രി, കൊച്ചി

∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം വർഷം ഇരുനൂറ്റിയൻപതോളം സെർവിക്കൽ കാൻസർ രോഗികൾ വരുന്നു.  പ്രതിരോധത്തെക്കുറിച്ചും വിവിധ സ്ക്രീനിങ് ടെസ്റ്റുകളെ കുറിച്ചും (പാപ്സ്മിയർ, എച്ച്പിവി ഡിഎൻഎ ടെസ്റ്റ്, വിഐഎ ടെസ്റ്റ്) ബോധവൽക്കരണം അനിവാര്യമാണ്. - ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനക് ഓങ്കോളജിസ്റ്റ്, മെഡിക്കൽ കോളജ്, കോഴിക്കോട്

English Summary:

Vaccine project for Cervical cancer first phase in Alappuzha and Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com