ADVERTISEMENT

തിരുവനന്തപുരം ∙ എക്സാലോജിക് ക്രമക്കേട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അഴിമതി ആരോപണം സഭയിൽ വരാതിരിക്കാൻ സ്പീക്കറുടെ ഓഫിസ് ആദ്യനിമിഷം മുതൽ ശ്രമിച്ചു. അഴിമതി ആരോപണം ഉന്നയിക്കാനുണ്ടെന്ന് ഇന്നലെ രാവിലെയാണു മാത്യു സ്പീക്കറുടെ ഓഫിസിനെ അറിയിച്ചത്. രേഖകൾ മേശപ്പുറത്തു വയ്ക്കാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നോട്ടിസ് ലഭിച്ചതു സംബന്ധിച്ച് സ്പീക്കറുടെ ഓഫിസിലെ ഉദ്യോഗസ്ഥർ ഷംസീറുമായി സംസാരിച്ചു.

തുടർന്നു തെളിവായി സമർപ്പിക്കുന്ന രേഖകൾ മുൻകൂറായി നൽകണമെന്നു മാത്യുവിനോടു ചോദിക്കാൻ തീരുമാനിച്ചു. അക്കാര്യം അറിയിച്ചപ്പോൾ തന്നെ തന്റെ കൈവശമുള്ള രേഖകൾ മാത്യു കൊടുത്തയച്ചു. ഫോട്ടോസ്റ്റാറ്റ് പോരാ, ഒറിജിനൽ തന്നെ തരണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. മുഖ്യമന്ത്രിയുടെ ഓഫിസിലെ രേഖയുടെ ഒറിജിനൽ താൻ എവിടെ നിന്നാണു കണ്ടെത്തുന്നതെന്നു മാത്യു ചോദിച്ചെങ്കിലും സ്പീക്കറുടെ ഓഫിസ് വഴങ്ങിയില്ല.

താൻ നൽകിയ ഫോട്ടോസ്റ്റാറ്റ് പകർപ്പ് വ്യാജമാണെങ്കിൽ സ്പീക്കർക്ക് കേസെടുക്കാമല്ലോയെന്നു മാത്യു ചോദിച്ചു. ഒറിജിനൽ കിട്ടാതെ ആരോപണം ഉന്നയിക്കാൻ അനുമതി നൽകാനാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. സഭയ്ക്കുള്ളിൽ ആരോപണം ഉന്നയിക്കാൻ അവസരം നൽകില്ലെന്നു മാത്യുവിന് ഉറപ്പായിരുന്നു. എങ്കിലും ആരോപണത്തിനെതിരെ സ്പീക്കർ പരസ്യമായ നിലപാടു പ്രഖ്യാപിക്കട്ടെയെന്നു തീരുമാനിച്ചുറപ്പിച്ചാണു മാത്യു വിഷയം സഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് തടഞ്ഞ് സ്പീക്കർ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട എക്സാലോജിക് കമ്പനി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കാനുള്ള കോൺഗ്രസ് അംഗം മാത്യു കുഴൽനാടന്റെ നീക്കം സ്പീക്കർ എ.എൻ.ഷംസീർ തടഞ്ഞു. എഴുതിക്കൊടുത്ത അഴിമതിയാരോപണം അവതരിപ്പിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി. 

ബജറ്റ് ചർച്ചയിൽ പ്രസംഗിക്കുന്നതിനിടെയാണ് മാത്യു അഴിമതി ആരോപണം ഉന്നയിക്കുകയാണെന്നു പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ ഷംസീർ എതിർത്തു. ആരോപണം ഉന്നയിക്കാൻ അനുമതിയില്ലെന്നു പറഞ്ഞ അദ്ദേഹം, മാത്യുവിന്റെ മൈക്ക് ഓഫ് ചെയ്യണമെന്ന് ടെക്നിഷ്യൻമാരോട് ഉച്ചത്തിൽ വിളിച്ചാവശ്യപ്പെട്ടു. 

സ്പീക്കറെ പിന്തുണച്ചുകൊണ്ടു ഭരണപക്ഷാംഗങ്ങൾ എണീറ്റു. ഭരണ–പ്രതിപക്ഷാംഗങ്ങൾ ബഹളം വയ്ക്കുന്നതിനിടെ രമേശ് ചെന്നിത്തല എണീറ്റു. ആരോപണം സ്പീക്കർക്ക് എഴുതിത്തരുന്ന അംഗങ്ങൾക്ക് അത് അവതരിപ്പിക്കാൻ അനുമതി നൽകുന്നതാണു കീഴ്‌വഴക്കമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതു തള്ളിക്കളഞ്ഞ സ്പീക്കർ പറഞ്ഞു: ‘‘ഏതെങ്കിലും ഫോട്ടോസ്റ്റാറ്റ് തെളിവായി കാണിച്ച് ആരോപണം ഉന്നയിക്കാനാവില്ല. നിയമസഭ ചട്ടം 285 അനുസരിച്ച് അഴിമതി ആരോപണം ഉന്നയിക്കാൻ അനുമതി കൊടുക്കണോ വേണ്ടയോ എന്ന് സ്പീക്കർക്ക് തീരുമാനിക്കാം. സഭയുടെ വിശുദ്ധി സംരക്ഷിക്കാൻ സ്പീക്കർക്ക് ബാധ്യതയുണ്ട്’’. ഇതു കേട്ടതും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു കുതിച്ചു.

ഇതിനിടെ സിപിഎം അംഗം കെ.ശാന്തകുമാരിയെ സ്പീക്കർ പ്രസംഗിക്കാൻ ക്ഷണിച്ചു. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടത്തിനു താഴെ നിന്നു മുദ്രാവാക്യം വിളിക്കുമ്പോഴും ശാന്തകുമാരി പ്രസംഗം തുടർന്നു. അൽപസമയത്തിനുശേഷം എണീറ്റ പി.കെ.കുഞ്ഞാലിക്കുട്ടി, സ്പീക്കറുടെ ജനാധിപത്യവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം വോക്കൗട്ട് നടത്തുകയാണെന്നു പ്രഖ്യാപിച്ചു. തുടർന്നു മാത്യുവും പി.സി.വിഷ്ണുനാഥും മാധ്യമപ്രവർത്തകരെ കണ്ടു. 

അഴിമതി ആരോപണം രേഖാമൂലം ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശത്തെ ഷംസീർ അട്ടിമറിച്ചെന്നു വിഷ്ണുനാഥ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ 150 കോടി രൂപയുടെ ആരോപണം ഉന്നയിച്ച പി.വി.അൻവറിന്റെ കൈവശം ഒരു കടലാസ് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സാലോജിക് ക്രമക്കേടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുസഹിതം ആരോപണം ഉന്നയിക്കാനാണു താൻ ശ്രമിച്ചതെന്നു മാത്യു വെളിപ്പെടുത്തി. ജനാധിപത്യത്തിനു നിരക്കാത്ത നടപടിയാണ് സ്പീക്കറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിക്കെതിരായ രേഖകൾ സഭയുടെ മേശപ്പുറത്തു വയ്ക്കാൻ താൻ തയാറായിരുന്നു. മുഖ്യമന്ത്രിക്കെതിരെ സഭയിൽ മിണ്ടാൻ പാടില്ലെന്ന അലിഖിത നിയമമാണു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചശേഷം മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ രേഖകളുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്നും മാത്യു പറഞ്ഞു.

English Summary:

Exalogic Controversy: Speaker AN Shamseer stops Mathew Kuzhalnadan from making allegations against chief minister Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com